ദാവോസ്: ഗാസയിലെ സമാധാനവും പുനർ നിർമാണവും ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആവിഷ്ക്കരിച്ച ആഗോള സമാധാന പദ്ധതിയായ ബോർഡ് ഓഫ് പീസിന് ഔദ്യോഗിക തുടക്കം. സ്വിറ്റ്സർലൻഡിലെ ദവോസിൽ നടക്കുന്ന വാർഷിക സമ്മേളനത്തിലാണ് ബോർഡ് ഓഫ് പീസിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന ചാർട്ടറിൽ ട്രംപ് ഒപ്പുവച്ചത്. അറുപതോളം രാജ്യങ്ങൾക്ക് അംഗത്വത്തിന് ക്ഷണം നൽകിയതിൽ 35 ഓളം ലോക നേതാക്കൾ മാത്രമേ ഇതുവരെ സമാധാന ബോർഡിൽ ചേരാൻ സന്നദ്ധത അറിയിച്ചിട്ടുള്ളൂവെന്നാണ് റിപ്പോർട്ടുകൾ.
ഇസ്രായേൽ, സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ജോർദാൻ, ഖത്തർ, ഈജിപ്റ്റ്, നാറ്റോ അംഗങ്ങളായ തുർക്കി, ഹംഗറി, കൂടാതെ അർജന്റീന, അർമേനിയ, അസർബൈജാൻ, ബെലാറസ് മൊറോക്കോ, പാക്കിസ്ഥാൻ, ഇന്തോനേഷ്യ, കൊസോവോ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, പരാഗ്വേ, വിയറ്റ്നാം മുതലായവ അംഗങ്ങൾ ആയി. സമാധാന സമിതിയിൽ പങ്കാളിയാവില്ലെന്ന് ബ്രിട്ടനും ഫ്രാൻസും ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങൾ നിലപാടെടുത്തു. ഇന്ത്യ, കാനഡ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ഹമാസ് ഉടൻ ആയുധം ഉപേക്ഷിച്ചില്ലെങ്കിൽ കടുത്ത സൈനിക നടപടി നേരിടേണ്ടിവരുമെന്ന് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ ട്രംപ് മുന്നറിയിപ്പ് നൽകി. ഗാസയിലെ വെടിനിർത്തൽ നടപ്പിലാക്കുന്നതിനൊപ്പം ആഗോളതലത്തിലുള്ള മറ്റ് സംഘർഷങ്ങൾ പരിഹരിക്കാനും ബോർഡ് മുൻകൈ എടുക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. ഇത് ഐക്യരാഷ്ട്ര സഭയ്ക്ക് പകരമല്ലെന്നും മറിച്ച് യുഎന്നുമായി ചേർന്ന് പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും ശക്തമായ ബോഡിയായി മാറുമെന്നും ബോർഡിൻ്റെ ചെയർമാനായ ട്രംപ് വ്യക്തമാക്കി.
എന്നാൽ സെക്യൂരിറ്റി കൗൺസിൽ തീരുമാനങ്ങളുടെ പരിധിയിൽ നിന്ന് മാത്രമേ ഐക്യരാഷ്ട്രസഭ ഇതിനോട് സഹകരിക്കുകയുള്ളൂ എന്ന് യുഎൻ വക്താവ് വ്യക്തമാക്കി. രാജ്യാന്തര സമാധാന സമിതിയിൽ ഇന്ത്യ, ചൈന തുടങ്ങിയ വൻശക്‌തികൾ ഉൾപ്പെടെ അറുപതോളം രാജ്യങ്ങളെ ട്രംപ് ഭരണകൂടം ക്ഷണിച്ചപ്പോൾ 20 ൽ താഴെ രാജ്യങ്ങൾ മാത്രമാണ് ദാവോസിൽ നടന്ന ഉദ്ഘാടനത്തിൽ പങ്കെടുത്തത്.
യു എസ് യുദ്ധക്കപ്പലുകള്‍ പശ്ചിമേഷ്യയിലേക്ക്; ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍



