വാഷിംഗ്ടൺ: വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടിയതിന് പിന്നാലെ ഇന്ത്യ ഉൾപ്പെടെ 6 രാജ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കൊളംബിയ, ക്യൂബ, മെക്സിക്കോ, ഇറാൻ, ഡെന്മാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡ്, ഇന്ത്യ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങൾക്കാണ് മുന്നറിയിപ്പ്.
റഷ്യൻ എണ്ണയെച്ചൊല്ലിയാണ് ഇന്ത്യയ്ക്കുമേൽ ട്രംപിന്റെ പുതിയ ഭീഷണി. ഇനിയും റഷ്യൻ എണ്ണ വാങ്ങുന്നത് തുടരാനാണ് തീരുമാനമെങ്കിൽ കൂടുതൽ ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. കൂടാതെ അമേരിക്കയ്ക്ക് ചുറ്റുമുള്ള രാജ്യങ്ങൾ വിജയകരമായി മുന്നോട്ട് പോവണം. അവിടെയുള്ള എണ്ണ വിഭവങ്ങൾ സ്വതന്ത്ര്യമായി ലഭ്യമാകണം എന്നാണ് നിക്കോളാസ് മഡൂറോയെ തടങ്കലാക്കിയതിന് പിന്നാലെ ട്രംപ് പ്രതികരിച്ചത്.
ഡെന്മാർക്കിന്റെ അധീനതയിലുള്ള ഗ്രീൻലൻഡിനെ യുഎസിന് വേണമെന്ന ആവശ്യവും ട്രംപ് ഉന്നയിച്ചു. ഗ്രീൻലാൻഡ് തന്ത്രപരമായ ഒന്നാണ് റഷ്യൻ ചൈനീസ് കപ്പലുകളാണ് ഗ്രീൻലാൻഡിൽ നിലവിലുള്ളത്. ഡെൻമാർക്കിന് ഇത് തടയാൻ കഴിയില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അമേരിക്കയുടെ സുരക്ഷയ്ക്ക് ഗ്രീൻലൻഡിനെ ആവശ്യമാണ്. ഇത് സുരക്ഷയുടെ പ്രശ്നമാണ്. ഞങ്ങൾക്ക് ഗ്രീൻലൻഡിന്റെ മിനറലും ഓയിലുമൊന്നും വേണ്ട എന്നും ട്രംപ് പറഞ്ഞു.
വെനസ്വേലയ്ക്ക് നേരേ ഉയർത്തിയ മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള സമാന ആരോപണങ്ങളാണ് ട്രംപ് ക്യൂബയ്ക്ക് നേരെയും ഉന്നയിക്കുന്നത്. വെനസ്വേലയുടെ സഖ്യ കക്ഷിയായ ക്യൂബയിൽ സൈനിക ഇടപെടൽ ആവശ്യമില്ല. ക്യൂബ തനിയെ തകരുമെന്നാണ് ട്രംപ് പറഞ്ഞത്. ക്യൂബൻ ഭരണകൂടം വലിയ പ്രശ്നമാണെന്നു ട്രംപ് നേരത്തെയും പ്രതികരിച്ചിരുന്നു.
വെനസ്വേലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്കെതിരെയും രൂക്ഷ വിമർശനമാണ് ട്രംപ് നടത്തിയത്. കൊക്കെയ്ൻ ഉണ്ടാക്കി യുഎസിലേക്ക് കടത്തുന്ന, സമനില തെറ്റിയ ഒരാളാണ് കൊളംബിയ ഭരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. കൊളംബിയയെ ആക്രമിക്കുമോ എന്ന് ചോദിച്ചപ്പോൾ അതൊരു നല്ലകാര്യമായിരിക്കുമെന്നായിരുന്നു ട്രംപിന്റെ മറുപടി.
മയക്കുമരുന്ന് കടത്ത് തടയുന്നില്ലെന്നാണ് മെക്സിക്കോയ്ക്ക് എതിരായ അമേരിക്കയുടെ ആരോപണം. നടപടി എടുത്തില്ലെങ്കിൽ അമേരിക്ക നടപടി എടുക്കുമെന്നാണ് ഭീഷണി. രാജ്യത്തെ മയക്കുമരുന്ന് മാഫിയയെ തുരത്താൻ മെക്സിക്കൻ സർക്കാർ തയാറാകണമെന്ന് ട്രംപ് പറഞ്ഞു.
ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾ യുഎസ് നിരീക്ഷിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കിടയിൽ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൊന്നാൽ അമേരിക്ക അവരെ രക്ഷിക്കാൻ എത്തുമെന്നും സൈന്യം സജ്ജമാണെന്നാണ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയത്. ആണവ, മിസൈൽ പദ്ധതികൾ പുനർനിർമ്മിക്കാൻ ശ്രമിച്ചാൽ അവ തകർക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സൈനിക നടപടിയിലൂടെ അമേരിക്ക തടവിലാക്കിയ വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ കോടതിയിൽ ഹാജരാക്കി. നിക്കോളാസ് മഡൂറോയേയും ഭാര്യ സീലിയ ഫ്ലോറെസിനേയും ന്യൂയോർക്കിലെ കോടതിയിലാണ് ഹാജരാക്കിയത്. താനിപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ് ആണെന്നാണ് മഡൂറോ കോടതിയോട് വിശദമാക്കിയത്. ലഹരിമരുന്ന് സംബന്ധിയായ കുറ്റങ്ങളാണ് മഡൂറോയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. താൻ കുറ്റം ചെയ്തിട്ടില്ലെന്ന് മഡൂറോ കോടതിയെ അറിയിച്ചു. നാർക്കോ ഭീകരവാദം, കൊക്കെയ്ൻ കടത്താനുള്ള ഗൂഡാലോചന, മെഷീൻ ഗൺ കൈവശം വയ്ക്കുക, മാരകശേഷിയുള്ള ആയുധങ്ങൾ കൈവശം കരുതുക എന്നിവയാണ് മഡൂറോയ്ക്കെതിരായ കുറ്റങ്ങൾ. പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് മാൻഹാട്ടൻ കോടതി മഡൂറോയുടെ വിചാരണ ആരംഭിച്ചത്.
മഡൂറോയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയാണ് വെനസ്വേലയുടെ താൽക്കാലിക പ്രസിഡന്റായി വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ചുമതലയേറ്റിരുന്നു. എന്നാൽ അമേരിക്കൻ നീക്കത്തിനെതിരെ എന്തു ചെയ്യുമെന്ന കാര്യം ഡെൽസി ഇനിയും വ്യക്തമാക്കിയിട്ടില്ല.



