Monday, December 15, 2025
Mantis Partners Sydney
Home » ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക്; പരമാവധി18,000 രൂപ; കർശന നിയന്ത്രണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ.

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക്; പരമാവധി18,000 രൂപ; കർശന നിയന്ത്രണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ.

by Editor

ന്യൂഡൽഹി: ആഭ്യന്തര വിമാന യാത്രാനിരക്കുകളുടെ പരമാവധി പരിധി 18,000 രൂപയായി നിശ്ചയിച്ചുകൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. സർവീസ് റദ്ദാക്കലുകളും നിരക്ക് വർധനവും മൂലം വിമാന യാത്രക്കാർ കടുത്ത ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിലാണ്, കേന്ദ്ര സർക്കാർ കടുത്ത നിലപാട് സ്വീകരിച്ചത്. അതനുസരിച്ച്, ആഭ്യന്തര വിമാന നിരക്കുകൾക്ക് പരിധി നിശ്ചയിച്ചുകൊണ്ട് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു.

വിജ്ഞാപനം അനുസരിച്ച് ആഭ്യന്തര വ്യോമാതിർത്തിയിൽ, 500 കിലോമീറ്റർ ദൂരത്തിന് പരമാവധി നിരക്ക് 7500 രൂപയാണ്. 500-1000 കിലോമീറ്റർ ദൂരത്തിന് 12,000 രൂപ. 1000 കിലോമീറ്റർ – 1500 കിലോമീറ്റർ ദൂരത്തിന് 15,000 രൂപ. 1500 കിലോമീറ്ററിന് മുകളിലുള്ള ദൂരത്തിന് 18,000 രൂപ ആണ് മാക്‌സിമം തുക. ബിസിനസ് ക്ലാസ് വിഭാഗങ്ങൾക്ക് ഈ നിരക്ക് പരിധി ബാധകമല്ല, കൂടാതെ ഇന്ത്യയിലെ പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലേക്കുള്ള വിമാന സർവീസുകൾക്കായുള്ള റീജിയണൽ കണക്റ്റിവിറ്റി സ്കീമിനും (RCS UDAAN) ഇത് ബാധകമല്ല.

ഇൻഡിഗോ വിമാന സർവീസുകളുടെ റദ്ദാക്കൽ ഇന്നും തുടരുകയാണ്. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് യാത്രക്കാരെ വിമാന സർവീസുകൾ റദ്ദാക്കിയത് സാരമായി ബാധിച്ചു. ഇങ്ങിനെ വിമാന സർവീസുകൾ റദ്ദാക്കുമ്പോൾ മറ്റ് വിമാനക്കമ്പനികളുടെ നിരക്കുകളും ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ നിരക്ക് വർധന ഒഴിവാക്കണമെന്ന് വിമാന കമ്പനികൾക്ക് നിർദേശം നൽകി.

പ്രതിസന്ധിക്ക് പിന്നാലെ ഇന്നും നിരവധി വിമാന സർവീസുകൾ മുടങ്ങിയിട്ടുണ്ട്. വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള ആയിരത്തിലധികം സർവീസുകളാണ് ഇന്നലെ മാത്രം റദ്ദാക്കിയത്. വിമാനഡ്യൂട്ടി സമയ നിയന്ത്രണ ചട്ടങ്ങളിൽ ഭാഗമികമായ ഇളവ് നൽകി വ്യോമയാന മന്ത്രാലയം പ്രതിസന്ധി പരിഹരിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.

വിമാന സർവീസുകൾ താറുമാറായതിന് പിന്നാലെ പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യൻ റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും ദീർഘദൂര റൂട്ടുകളിൽ പ്രത്യേക ട്രെയിൻ സർവീസ് നടത്തും. ഡിസംബർ 13 വരെ പ്രത്യേക ട്രെയിൻ സർവീസുകൾ നടത്താനാണ് നിലവിൽ റെയിൽവേ ആലോചിക്കുന്നത്.

ഡൽഹി അടക്കുള്ള മെട്രോപൊളിറ്റൻ നഗരങ്ങളിലേക്ക് 30 പ്രത്യേക സർവീസുകൾ നടത്താനാണ് തീരുമാനം. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും റെയിൽവേ വിന്യസിച്ചു. ചെന്നൈയിൽ നിന്ന് സെക്കന്തരബാദ്, ബംഗളൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും പ്രത്യേക ട്രെയിനുകൾ ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം റൂട്ടുകളിലേക്കും ഇന്ന് തന്നെ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിക്കുമെന്നാണ് സൂചന.

Send your news and Advertisements

You may also like

error: Content is protected !!