ഇന്ത്യയുടെ ഊർജ്ജ ആവശ്യത്തിന്റെ 85% മുതൽ 90% വരെ ക്രൂഡ് ഓയിൽ ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. ക്രൂഡ് ഓയിലിനെ (അസംസ്‌കൃത എണ്ണ) പൂർണ്ണമായും ആശ്രയിക്കാതെ ഇന്ത്യയ്ക്ക് വളരാൻ സാധിക്കുമോ എന്നത് ഇന്നത്തെ സാഹചര്യത്തിൽ വലിയൊരു വെല്ലുവിളിയാണെങ്കിലും, അതിനായുള്ള ശക്തമായ നീക്കങ്ങൾ രാജ്യം ആരംഭിച്ചുകഴിഞ്ഞു. എണ്ണ ഇറക്കുമതിക്കായി പ്രതിവർഷം 12 ലക്ഷം കോടി രൂപയിലധികം ഇന്ത്യ ചിലവഴിക്കുന്നുണ്ട്. ഈ തുക ആഭ്യന്തര വികസനത്തിനായി ഉപയോഗിക്കാൻ സാധിച്ചാൽ അത് ഇന്ത്യയുടെ വളർച്ചാ നിരക്ക് (GDP) ഗണ്യമായി വർദ്ധിപ്പിക്കും. ഈ അമിത ആശ്രയിത്വം കുറയ്ക്കാനും സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുമായി ഇന്ത്യ നടപ്പിലാക്കുന്ന പ്രധാന തന്ത്രങ്ങൾ താഴെ പറയുന്നവയാണ്.
* പുനരുപയോഗ ഊർജ്ജം (Renewable Energy): 2030-ഓടെ 500 GW ഊർജ്ജം സൗരോർജ്ജം, കാറ്റാടി യന്ത്രങ്ങൾ തുടങ്ങിയ ഫോസിൽ ഇതര സ്രോതസ്സുകളിൽ നിന്ന് ഉത്പാദിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നിലവിൽ തന്നെ ഇന്ത്യയുടെ വൈദ്യുതി ഉത്പാദന ശേഷിയുടെ 52%-ലധികം ഇത്തരം സ്രോതസ്സുകളിൽ നിന്നാണ്. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വളരുന്ന മേഖലയാണിത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സൗരപ്പാടങ്ങൾ (Solar Parks) ഇന്ത്യയിലുണ്ട്. വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ ‘പിഎം സൂര്യ ഘർ’ പോലുള്ള പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നു. തമിഴ്നാട്, ഗുജറാത്ത്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ കാറ്റാടി യന്ത്രങ്ങൾ വഴി വലിയ തോതിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. വലിയ ഡാമുകൾക്ക് പുറമെ ചെറുകിട ജലവൈദ്യുത പദ്ധതികൾക്കും ഇപ്പോൾ മുൻഗണന നൽകുന്നു.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇന്ത്യയുടെ സൗരോർജ്ജ ഉൽപ്പാദന ശേഷിയിൽ 3450 ശതമാനത്തിലധികം വർദ്ധനവുണ്ടായി. 2014-ൽ വെറും 2.82 GW ആയിരുന്ന ശേഷി 2025-ഓടെ 100 GW എന്ന ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ടു. 2026 ഫെബ്രുവരിയിലെ കണക്കനുസരിച്ച് ഇത് 143.60 GW-ൽ എത്തിയിരിക്കുന്നു. സൗരോർജ്ജ ശേഷിയിൽ ലോകത്ത് മൂന്നാം സ്ഥാനത്ത് ഇന്ത്യ എത്തിക്കഴിഞ്ഞു. ചൈനയ്ക്കും അമേരിക്കയ്ക്കും പിന്നിലായാണ് ഇന്ത്യയുടെ സ്ഥാനം. ലോകത്തിലെ തന്നെ ഏറ്റവും വലിയ സൗരോർജ്ജ പാർക്കുകളിൽ ചിലത് ഇന്ത്യയിലാണ്. രാജസ്ഥാനിലെ ഭദ്‌ല സോളാർ പാർക്ക് (2,250 MW), കർണാടകയിലെ പാവഗഡ, ആന്ധ്രയിലെ കുർണൂൽ എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്. വീടുകളുടെ മുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്ന രീതിക്ക് വലിയ പ്രചാരം ലഭിച്ചു. പിഎം സൂര്യ ഘർ (PM Surya Ghar) പദ്ധതിയിലൂടെ ഏകദേശം 24 ലക്ഷം വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ചു കഴിഞ്ഞു. പിഎം-കുസും (PM-KUSUM) പദ്ധതിയിലൂടെ 9.2 ലക്ഷത്തിലധികം സോളാർ പമ്പുകൾ കർഷകർക്ക് ലഭ്യമാക്കി. 2030-ഓടെ 500 GW അക്ഷയ ഊർജ്ജം ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ഇന്ത്യ മുന്നേറുന്നത്
*ഇലക്ട്രിക് വാഹനങ്ങൾ (EV): ഗതാഗത മേഖലയിലെ എണ്ണ ഉപയോഗം കുറയ്ക്കാൻ ഇലക്ട്രിക് വാഹനങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു. 2047-ഓടെ എണ്ണ ഇറക്കുമതിയിൽ 90% വരെ കുറവു വരുത്താൻ ഇവി വിപ്ലവത്തിലൂടെ സാധിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് സബ്‌സിഡി, പൊതുഗതാഗത സംവിധാനത്തിൽ കൂടുതൽ ഇലക്ട്രിക് ബസ്സുകൾ, ഇലക്ട്രിക് വാഹനങ്ങളുടെ ഹൃദയമായ ലിഥിയം-അയൺ ബാറ്ററികൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ വൻകിട കമ്പനികൾക്ക് സർക്കാർ ആനുകൂല്യം, രാജ്യത്തുടനീളം ചാർജിംഗ് ശൃംഖല വ്യാപിപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾക്കു സർക്കാർ മുൻഗണന നൽകുന്നു.
*എഥനോൾ മിശ്രിതം (Ethanol Blending): പെട്രോളിൽ 20% എഥനോൾ കലർത്തുന്ന പദ്ധതിയിലൂടെ (E20) വിദേശ നാണയ ലാഭവും കർഷകർക്ക് മികച്ച വരുമാനവും ഉറപ്പാക്കുന്നു. ഇതിലൂടെ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒരു ലക്ഷം കോടിയിലധികം രൂപയുടെ വിദേശ നാണ്യം ലാഭിക്കാൻ ഇന്ത്യക്കായിട്ടുണ്ട്. പെട്രോളിൽ സസ്യങ്ങളിൽ നിന്നും ജൈവ അവശിഷ്ടങ്ങളിൽ നിന്നും ഉത്പാദിപ്പിക്കുന്ന എഥനോൾ (Ethanol) നിശ്ചിത അളവിൽ കലർത്തുന്ന രീതിയാണിത്. പ്രധാനമായും കരിമ്പ്, ചോളം, കേടായ ധാന്യങ്ങൾ (അരി, ഗോതമ്പ്) എന്നിവയിൽ നിന്നാണ് എഥനോൾ നിർമ്മിക്കുന്നത്. ഇത് കർഷകർക്ക് അധിക വരുമാനം നൽകുന്നു. സാധാരണ പെട്രോളിനെ അപേക്ഷിച്ച് എഥനോൾ കലർത്തിയ ഇന്ധനം കുറഞ്ഞ അളവിൽ മാത്രമേ കാർബൺ പുറന്തള്ളുന്നുള്ളൂ. ഇത് വായുമലിനീകരണം കുറയ്ക്കാൻ സഹായിക്കുന്നു എന്ന നേട്ടം കൂടിയുണ്ട്. 20% മുതൽ 85% വരെ എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയുന്ന എൻജിനുകൾ നിർമ്മിക്കാൻ വാഹന നിർമ്മാതാക്കൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
*ഗ്രീൻ ഹൈഡ്രജൻ (Green Hydrogen): ഭാവിയിലെ ഇന്ധനമായി ഗ്രീൻ ഹൈഡ്രജനെ മാറ്റുന്നതിലൂടെ വ്യവസായ മേഖലകളിലെ കൽക്കരി, എണ്ണ എന്നിവയുടെ ഉപയോഗം വലിയ തോതിൽ കുറയ്ക്കാൻ സാധിക്കും. വെള്ളത്തെ (H2O) വിഘടിപ്പിച്ച് ഹൈഡ്രജനും ഓക്സിജനുമായി മാറ്റുന്ന പ്രക്രിയയിലൂടെയാണ് ഇത് നിർമ്മിക്കുന്നത്. ഇതിനായി ഉപയോഗിക്കുന്നത് സൗരോർജ്ജമോ കാറ്റാടി ഊർജ്ജമോ പോലുള്ള പുനരുപയോഗ ഊർജ്ജം ആയതിനാലാണ് ഇതിനെ ‘ഗ്രീൻ’ (ഹരിത) ഹൈഡ്രജൻ എന്ന് വിളിക്കുന്നത്. പെട്രോളിനും ഡീസലിനും പകരമായി വലിയ ട്രക്കുകൾ, ബസ്സുകൾ, ട്രെയിനുകൾ, കപ്പലുകൾ എന്നിവയിൽ ഇന്ധനമായി ഉപയോഗിക്കാം. കൂടാതെ സ്റ്റീൽ നിർമ്മാണം, വളം നിർമ്മാണം തുടങ്ങിയ വലിയ വ്യവസായശാലകളിലും ഇത് കൽക്കരിക്ക് പകരമായി ഉപയോഗിക്കാം. 2030-ഓടെ പ്രതിവർഷം 5 ദശലക്ഷം ടൺ ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുക. ഇതിലൂടെ ഒരു ലക്ഷം കോടി രൂപയുടെ ഫോസിൽ ഇന്ധന ഇറക്കുമതി കുറയ്ക്കാൻ സാധിക്കും.
*സ്വാഭാവിക വാതകം (Natural Gas): ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ പ്രകൃതിവാതകത്തിന്റെ പങ്ക് 6%-ൽ നിന്ന് 15%-ലേക്ക് ഉയർത്താൻ ലക്ഷ്യമിടുന്നു. വാഹനങ്ങളിൽ പെട്രോളിനും ഡീസലിനും പകരമായി കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (CNG) ഉപയോഗിക്കുന്നത് വ്യാപകമാക്കുക, കൂടാതെ വീടുകളിൽ പാചകവാതക സിലിണ്ടറുകൾക്ക് പകരമായി കൂടുതൽ സുരക്ഷിതവും ലാഭകരവുമായി പൈപ്പ് ലൈൻ വഴി നേരിട്ട് പിഎൻജി (PNG -Piped Natural Gas) എത്തിക്കുക. രാജ്യത്തുടനീളം വാതക പൈപ്പ് ലൈനുകൾ സ്ഥാപിച്ച് എല്ലാ നഗരങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. കൊച്ചി-മംഗളൂരു ഗ്യാസ് പൈപ്പ് ലൈൻ ഇതിന്റെ ഭാഗമാണ്. കാർഷിക അവശിഷ്ടങ്ങളിൽ നിന്നും മാലിന്യങ്ങളിൽ നിന്നും കംപ്രസ്ഡ് ബയോഗ്യാസ് (Compressed Bio-Gas) ഉത്പാദിപ്പിക്കുന്ന ‘സതത്’ (SATAT) പദ്ധതിയും ഇതിന്റെ ഭാഗമാണ്.
റെയിൽവേ പാത വൈദ്യുതീകരണം
ഇന്ത്യൻ റെയിൽവേയെ ലോകത്തിലെ ഏറ്റവും വലിയ ഹരിത റെയിൽവേ (Green Railway) ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള ആത്മനിർഭർ ഭാരത് പദ്ധതിയുടെ പ്രധാന ഭാഗമാണിത്. 2014-ന് മുമ്പ് 20,000 കിലോമീറ്റർ മാത്രമായിരുന്ന റെയിൽവേ വൈദ്യുതീകരണം കഴിഞ്ഞ 10 വർഷത്തിനിടെ 40,000 കിലോമീറ്ററിലധികം വർദ്ധിപ്പിച്ചു. നിലവിൽ ബ്രോഡ്‌ഗേജ് ശൃംഖലയുടെ ഏകദേശം 100% വൈദ്യുതീകരിച്ചു കഴിഞ്ഞു. ട്രെയിനുകൾ പൂർണ്ണമായും വൈദ്യുതിയിലേക്ക് മാറുന്നതോടെ ഇറക്കുമതി ചെയ്യുന്ന ഡീസലിന്റെ ഉപയോഗം ഇല്ലാതാകും. ഇത് പ്രതിവർഷം 15,000 കോടി രൂപയിലധികം ലാഭിക്കാൻ സഹായിക്കും. 2030-ഓടെ ‘നെറ്റ് സീറോ കാർബൺ എമിറ്റർ’ ആകാനാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത്. ട്രെയിനുകൾ ഓടിക്കാനാവശ്യമായ വൈദ്യുതി സൗരോർജ്ജം, കാറ്റാടി ഊർജ്ജം എന്നിവയിലൂടെ ഉത്പാദിപ്പിക്കാനുള്ള പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.
ആത്മനിർഭർ ഭാരത്
ഇന്ത്യയെ ലോകത്തിന്റെ ഉൽപ്പാദന കേന്ദ്രമാക്കാനും സാമ്പത്തികമായി സ്വയം പര്യാപ്തത കൈവരിക്കാനുമായി ഇന്ത്യൻ സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് ആത്മനിർഭർ ഭാരത് (Aatmanirbhar Bharat). 2020 മെയ് മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. സ്വയം പര്യാപ്തമായ ഒരു നവ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനായി അഞ്ച് പ്രധാന തൂണുകളിലാണ് (Pillars) ഈ മോഡൽ അധിഷ്ഠിതമായിരിക്കുന്നത്.
- വലിയ കുതിച്ചുചാട്ടം (Quantum Jump) ലക്ഷ്യമിടുന്ന സാമ്പത്തിക വ്യവസ്ഥ
- ആധുനിക ഇന്ത്യയുടെ അടയാളമായി മാറുന്ന തരത്തിലുള്ള ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യ വികസനം.
- ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സുതാര്യമായ ഭരണസംവിധാനം.
- ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ കരുത്തുറ്റ യുവജനവിഭാഗത്തെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകശക്തിയായി മാറ്റുക.
- ഇന്ത്യയിലെ വിപുലമായ വിപണിയും ഉപഭോഗ ശേഷിയും പൂർണ്ണമായും പ്രയോജനപ്പെടുത്തുക.
വിദേശ ഇറക്കുമതി കുറച്ച് പ്രാദേശിക ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക. ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് (MSME) കൂടുതൽ സഹായം നൽകി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക. കാർഷിക മേഖലയിൽ നവീകരണവും കർഷകർക്ക് മികച്ച വരുമാനവും ഉറപ്പാക്കുക. പ്രതിരോധം, സൗരോർജ്ജം തുടങ്ങിയ നിർണ്ണായക മേഖലകളിൽ ഇന്ത്യയെ ലോകശക്തിയാക്കുക തുടങ്ങിയവയാണ് ആത്മനിർഭർ ഭാരതിന്റെ ലക്ഷ്യങ്ങൾ.
വറുഗീസ് എബ്രഹാം

