കൊച്ചി: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ അപവാദ പ്രചാരണം മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. കൊച്ചി സിറ്റിയിലെയും എറണാകുളം റൂറലിലെയും ഉദ്യോഗസ്ഥരും കൊച്ചി സൈബര്‍ ഡോമിലെ ഉദ്യോഗസ്ഥരും പ്രത്യേക സംഘത്തിലുണ്ട്. കെ ജെ ഷൈനെതിരായ സമൂഹമാധ്യമ പോസ്റ്റുകളും യൂട്യൂബ് ചാനല്‍ വാര്‍ത്തകളും പ്രത്യേക സംഘം പരിശോധിച്ചുവരികയാണ്.
കെ എം ഷാജഹാനെതിരെ നാല് സിപിഐഎം എംഎല്‍എമാര്‍ പരാതി നല്‍കി. എറണാകുളം ജില്ലയിലെ നാല് സിപിഐഎം എംഎല്‍എമാരെ സംശയ നിഴലില്‍ നിര്‍ത്തും വിധം കെ എം ഷാജഹാന്‍ വീഡിയോ ചെയ്തിരുന്നതായി എംഎല്‍എമാര്‍ പറഞ്ഞിരുന്നു. വൈപിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണന്‍, കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിന്‍, കൊച്ചി എംഎല്‍എ കെ ജെ മാക്‌സി, കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ എന്നിവരാണ് പരാതി നല്‍കിയത്. വാസ്തവ വിരുദ്ധ വീഡിയോ പങ്കുവെച്ച ഷാജഹാനെതിരെ നടപടി വേണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടിരുന്നു.
അപവാദ പ്രചാരണം ചൂണ്ടിക്കാട്ടി സിപിഐഎം നേതാവ് കെ ജെ ഷൈന്‍ നല്‍കിയ പരാതിയില്‍ കെ എം ഷാജഹാനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഷാജഹാന് പുറമേ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണനെതിരെയും പൊലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന വകുപ്പുകള്‍പ്പെടെ ചുമത്തിയായിരുന്നു കേസെടുത്തത്. മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും ഷൈന്‍ പരാതി നല്‍കിയിരുന്നു.
സൈബര്‍ ഇടങ്ങളില്‍ തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ പ്രതികരിച്ച് കെ ജെ ഷൈന്‍ രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസാണ് പിന്നിലെന്ന് വ്യക്തമാക്കുന്ന രീതിയിലായിരുന്നു കെ ജെ ഷൈന്‍ പ്രതികരിച്ചത്. തനിക്കെതിരെ ബോംബ് വരുന്നുവെന്ന സൂചന സുഹൃത്തായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നല്‍കിയിരുന്നുവെന്ന് ഷൈന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നാണ് ഈ ആരോപണങ്ങള്‍ വന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
എറണാകുളത്ത് സ്ത്രീ വിരുദ്ധ പ്രചാരവേലയാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ഒരു വലിയ ബോംബ് വരാന്‍ പോകുന്നുവെന്ന് വി ഡി സതീശന്‍ പറഞ്ഞിരുന്നു. ആ ബോംബ് ഇതുപോലെയാണെന്ന് കരുതിയില്ല. ഷൈന്‍ ടീച്ചറേയും എംഎല്‍എയേയും ബന്ധപ്പെടുത്തി ജീര്‍ണിച്ച പ്രചാരവേല നടത്തുകയാണെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ മാങ്കൂട്ടത്തില്‍ സാംസ്‌കാരിക ജീര്‍ണതയുടെ പ്രതീകമായി മാറിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എത്തിയാല്‍ തടയില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
എന്നാല്‍ കോണ്‍ഗ്രസിനെതിരായ ആരോപണം തള്ളി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. കെ ജെ ഷൈനെതിരായ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍ സിപിഐഎം ഗൂഢാലോചനയാണെന്നും പിന്നിൽ ജില്ലാ നേതൃത്വമാണെന്നുമായിരുന്നു എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞത്. സൈബര്‍ ഇടങ്ങളില്‍ തോന്നിയത് എഴുതി ഇടുന്നവരെല്ലാം കോണ്‍ഗ്രസ് നിയോഗിച്ചവരാണെന്ന് ഇവര്‍ക്ക് എങ്ങനെ പറയാനാകുമെന്നും ഷിയാസ് ചോദിച്ചു.