ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ പാചക വാതക വിതരണം പ്രതിസന്ധിയിൽ. വാണിജ്യാവശ്യത്തിനായുള്ള പാചകവാതക സിലിൻഡറുകളുടെ ലഭ്യത നിലച്ചതോടെ രാജ്യത്തു ഹോട്ടലുകൾ അടഞ്ഞുതുടങ്ങി. എണ്ണക്കമ്പനികൾ വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി വിതരണം നിറുത്തിവെച്ചിരിക്കുകയാണ്. ഇറാൻ യുദ്ധംമൂലം ഗൾഫ് രാജ്യങ്ങൾ ഉൽപാദനം കുറച്ചതും ഹോർമുസ് കടലിടുക്കിലൂടെ ഗതാഗതം തടസപ്പെട്ടതുമാണ് ക്ഷാമത്തിന് കാരണമായി വിലയിരുത്തുന്നത്.
ബുധനാഴ്ചമാത്രം കേരളത്തിൽ 20 ശതമാനത്തോളം ഹോട്ടലുകൾ അടഞ്ഞുകിടന്നെന്നാണ് കണക്ക്. ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിൻ്റെ സ്റ്റോക്ക് തൃപ്‌തികരമാണെന്നാണ് വിതരണത്തിന്റെ 52 ശതമാനവും നടത്തുന്ന ഐ.ഒ.സി.യുടെ പ്രതികരണം. എന്നാൽ, ബുക്കിങ്ങിൽ തടസ്സം നേരിടുന്നുണ്ടെന്ന് ഉപഭോക്താക്കൾ പറയുന്നു. വാണിജ്യാവശ്യത്തിനായുള്ള സിലിൻഡറുകളുടെ വിതരണം ആശുപത്രികൾ അടക്കമുള്ള അത്യാവശ്യമേഖലകളിലേക്ക് മാത്രമാക്കാനാണ് കേന്ദ്രസർക്കാരിന്റെ നിർദേശമെന്നും ഹോട്ടലുകൾക്ക് ഉടനെ വിതരണം ഉണ്ടാകില്ലെന്നും കമ്പനികൾ അറിയിച്ചു.
ഗാർഹിക കണക്ഷനും നിയന്ത്രണത്തോടെയാണ് നൽകുന്നത്. കഴിഞ്ഞ ആഴ്‌ച വരെ ബുക്ക് ചെയ്‌താൽ അടുത്ത ദിവസം ഗ്യാസ് കിട്ടുമായിരുന്നു. ഇപ്പോൾ ബുക്കിങ് ഇടവേള 25 ദിവസമാക്കിയിരിക്കുകയാണ്. അതേസമയം ഗാർഹിക സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഇന്നലെ അവശ്യ സാധന നിയമം നടപ്പാക്കിയിരുന്നു. ഇതനുസരിച്ച് എൽ.പി.ജി, സി.എൻ.ജി, പൈപ്പ്ഡ് ഗ്യാസ് തുടങ്ങിയ മുൻഗണന മേഖലകൾക്ക് നൽകിയ ശേഷമേ പ്രകൃതി വാതകം മറ്റുള്ളവർക്ക് ലഭ്യമാക്കൂ.
സി.എൻ.ജി, പൈപ്പ്‌ഡ് പാചക വാതകം എന്നിവ മാത്രമാണ് പ്രകൃതി വാതക വിതരണത്തിൽ മുൻഗണന നൽകിയിരുന്നത്. അവശ്യ സേവന മേഖലകളായ ആശുപത്രികൾ, സ്‌കൂളുകൾ തുടങ്ങിയ മുൻഗണനാ മേഖലകളിലേക്ക് മാത്രമായി വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ വിതരണം നിയന്ത്രിക്കും. ഗാർഹിക ഉപഭോക്താക്കൾക്കും ഗാർഹികേതര മേഖലകൾക്കും പാചക വാതകം ഉറപ്പാക്കുന്നതിന് ഉൽപാദനം വർധിപ്പിക്കാനും ആവശ്യമായ സ്റ്റോക്ക് സൂക്ഷിക്കാനും പെട്രോളിയം മന്ത്രാലയം നടപടി തുടങ്ങിയതായി ബി.പി.സി.എല്ലും ഐ.ഒ.സിയും എച്ച്.പി.സി.എല്ലും സംയുക്ത പ്രസ്‌താവനയിൽ അറിയിച്ചു.
കൂടാതെ ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ തുടങ്ങിയ വാണിജ്യ മേഖലകളിൽ പാചകവാതക ലഭ്യത ഉറപ്പാക്കുന്നതിനെ കുറച്ച് ആലോചിക്കാൻ മൂന്ന് എണ്ണക്കമ്പനികളുടെയും എക്‌സിക്യുട്ടീവ് ഡയറക്ടർമാരെ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ സമിതി രൂപീകരിച്ചു. ഒപ്പം പാചകവാതക ക്ഷാമവും ഇന്ധന വില വർധനയും ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗവും ചേർന്നിരുന്നു. ഇന്ധന വിതരണ ശൃംഖലയിൽ ഉണ്ടായ തടസം പരിഹരിക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. വിദേശത്തുനിന്നുള്ള ഇറക്കുമതി തടസ്സപ്പെട്ടാലും ആഭ്യന്തര ഉൽപ്പാദനം വർധിപ്പിച്ചുകൊണ്ട് 100 ശതമാനം വിതരണവും ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. അനാവശ്യമായ ഭീതികാരണം സിലിണ്ടറുകൾ മുൻകൂട്ടി ബുക്ക് ചെയ്യരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച സർക്കാർ ബുക്കിങുകൾ തമ്മിലുള്ള ഇടവേള 25 ദിവസമാക്കി ഉയർത്തിയിട്ടുണ്ട്.
റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് എണ്ണയും പ്രകൃതി വാതകവും വാങ്ങുന്നതിനുള്ള സാധ്യതയും വിദേശകാര്യ മന്ത്രാലയം പരിശോധിക്കുന്നുണ്ട്. സാധാരണക്കാരെ ബാധിക്കാത്ത വിധം വില പിടിച്ചുനിർത്താനുള്ള സാമ്പത്തിക പാക്കേജുകളും യോഗം ചർച്ച ചെയ്തു.


