തൊടുപുഴ: കോപ്പിയടി പിടികൂടിയതിന് വിദ്യാര്‍ഥികള്‍ പീഡനപരാതി നല്‍കിയ സംഭവത്തില്‍, അധ്യാപകനെ കോടതി വെറുതെ വിട്ടു. ഇടുക്കി മൂന്നാര്‍ ഗവണ്‍മെന്റ് കോളജിലെ ഇക്കണോമിക്‌സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെയാണ് തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്. 2014 -ലാണ് കേസിന് ആസ്പദമായ സംഭവം.
നിരപരാധിയായ അധ്യാപകനെ വിദ്യാർഥിനികൾ വ്യാജ പീഡനക്കേസിൽ കുടുക്കിയിട്ടത് 10 വർഷം ആണ്. ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തു. തെറ്റു ചെയ്തിട്ടില്ലെന്നു ബോധ്യമുള്ളതിനാൽ ആനന്ദ് ധീരമായി പോരാടി. ഒടുവിൽ കുറ്റവിമുക്തനെന്ന വിധി നേടി. തൊടുപുഴ അഡിഷനൽ സെഷൻസ് ജഡ്ജിയാണ് കഴിഞ്ഞ ദിവസം കുറ്റവിമുക്തനാക്കിയത്.
‘സർവകലാശാല നിയമങ്ങൾ ഒന്നും പാലിക്കാതെയാണ് 2014-ൽ രണ്ടാം സെമസ്‌റ്റർ ഇക്കണോമിക്സ് പരീക്ഷ നടന്നത്. കോളജിൽ അന്ന് വ്യാപകമായി കോപ്പിയടി നടന്നു. ആകെ 8 പേർ മാത്രം എഴുതിയ ഇക്കണോമിക്‌സ് പരീക്ഷയിലാണ് 5 വിദ്യാർഥിനികളുടെ കോപ്പിയടി ഞാൻ പിടികൂടുന്നത്. പക്ഷേ, ഞാൻ നിർദേശിച്ചിട്ടും ഇൻവിജിലേറ്റർ കോപ്പിയടി പരാതി പൂഴ്ത്തി. പ്രിൻസിപ്പൽ അതിനു കൂട്ടുനിന്നു. സിപിഎം ജില്ലാക്കമ്മിറ്റിയുടെയും അന്നത്തെ എംഎൽഎയുടെയും ഇടപെടലുകളെത്തുടർന്നായിരുന്നു അത്. പതിനാറാം തീയതിയാണ് അറിയുന്നത് എനിക്കെതിരായിട്ട് ഇങ്ങനെ ഒരു പരാതി ലഭിച്ചിട്ടുണ്ടെന്ന്. 2014 ഓഗസ്റ്റ് മുതൽ സെപ്റ്റംബർ 5 വരെയുള്ള കാലത്തു പീഡിപ്പിച്ചതായി ആരോപിച്ച് 5 വിദ്യാർഥിനികളാണ് വിദ്യാഭ്യാസമന്ത്രിക്കും വനിത കമ്മിഷനും പരാതി നൽകിയത്.
സിപിഐഎം പാര്‍ട്ടി ഓഫീസില്‍ വച്ചാണ് പരാതി എഴുതപ്പെട്ടത്. അത് ഈ കുട്ടികള്‍ തന്നെ കോടതിയില്‍ നല്‍കിയ മൊഴിയാണ്. എ ടു സെഡ് വരെ തീരുമാനിച്ചത് സിപിഐഎം പാര്‍ട്ടി ഓഫീസില്‍ വച്ചാണ്. എസ്എഫ്‌ഐക്കാരെല്ലാം കൂടി ചേര്‍ന്നുണ്ടാക്കിയ നാടകമാണിത്. എല്ലാ തലത്തിലും എന്നെ അവര് പോയ്ന്റ് ഔട്ട് ചെയ്ത് എങ്ങനെയെങ്കിലും ഉന്മൂലനം ചെയ്യാന്‍ കരുതിക്കൂട്ടി ഉണ്ടാക്കിയ ഒരു കേസാണ് ഇത്. പീഡനപരാതിയിൽ വകുപ്പുതല അന്വേഷണം ഏകപക്ഷീയമായിരുന്നു. ആകെ 4 കേസുകൾ റജിസ്‌റ്റർ ചെയ്തു. അതിൽ രണ്ടിൽ കുറ്റക്കാരനെന്ന് ദേവികുളം കോടതി കണ്ടെത്തിയതിനെ തുടർന്ന് സർവീസിൽനിന്ന് എന്നെ സസ്പെൻഡ് ചെയ്തു. തെറ്റ് ചെയ്‌തിട്ടില്ലാത്തതിനാൽ ധൈര്യമായി പോരാടി.‘ എന്ന് പ്രഫ. ആനന്ദ് വിശ്വനാഥൻ മാധ്യമങ്ങളോട് പറഞ്ഞു.