ബംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡർമാരായ കോൺഫിഡന്റ് ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സി.ജെ റോയ് (57) സ്വയം വെടിവെച്ച് ജീവനൊടുക്കി. ഇന്നലെ വൈകിട്ട് 3.15-നാണ് കോര്‍പറേറ്റ് ഓഫീസിൽ വെച്ച് സ്വയം വെടിയുതിർത്ത് സിജെ റോയ് ജീവനൊടുക്കിയത്. ഇന്ന് ബെംഗളൂരുവിൽ വെച്ച് സംസ്കാരം നടക്കും. കുടുംബാംഗങ്ങൾ വിദേശത്തുനിന്ന് രാത്രി മടങ്ങിയെത്തും. ബൗറിംഗ് ഹോസ്പിറ്റലിൽ വെച്ചായിരിക്കും പോസ്റ്റ്മോർട്ടം നടപടികൾ. മൃതദേഹം ബൗറിംഗ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ആദായ നികുതി വകുപ്പിൻ്റെ റെയ്‌ഡിനിടെയാണ് സംഭവം എന്നാണ് പ്രാഥമിക വിവരം. ഓഫീസിനുള്ളിലെ തൻ്റെ മുറിയിൽ റോയ് സ്വന്തം തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ഹോസ്‌പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റോയിയുടെ മരണത്തിനു കാരണക്കാരെന്നു സഹോദരൻ സി.ജെ.ബാബു ആരോപിച്ചു. ഓഫിസിൽ അദ്ദേഹത്തെ തടഞ്ഞുവച്ചെന്നും ഉദ്യോഗസ്ഥർ സമ്മർദത്തിലാക്കി യതിനെത്തുടർന്നാണു ജീവനൊടുക്കിയതെന്നും ലീഗൽ അഡ്വൈസർ പ്രകാശ് ആരോപിച്ചു. രേഖകളെടുക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ചു കാബിനിലേക്കു പോയ റോയിയെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നെന്നും പ്രകാശ് പറയുന്നു.
നെഞ്ചിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയ റോയിയെ ജീവനക്കാർ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. ബാലിസ്‌റ്റിക് വിദഗ്‌ധർ ഉൾപ്പെടുന്ന ഫൊറൻസിക് സംഘം സ്‌ഥലത്തെത്തി തെളിവെടുത്തു. പ്രഥമദൃഷ്ട്യാ ആത്മഹത്യയെന്ന നിഗമനത്തിലാണ് കേസെങ്കിലും മറ്റു സാധ്യതകളും പരിശോധിക്കുന്നതായി ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ സീമന്ത് കുമാർ സിങ് പറഞ്ഞു. ആദായനികുതിയുമായി ബന്ധപ്പെട്ട് അപ്ലറ്റ് ട്രൈബ്യൂണലിലും കർണാടക ഹൈക്കോടതിയിലും കോൺഫിഡൻ്റ് ഗ്രൂപ്പിനു കേസുകളുണ്ടായിരുന്നു.
നികുതി വെട്ടിപ്പ് ആരോപണങ്ങളെ തുടർന്ന് ഇന്ന് കോൺഫിഡന്റ്റ് ഗ്രൂപ്പിൻ്റെ ഓഫീസുകളിലും റോയിയുടെ വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് റെയ്‌ഡ് നടത്തിയത്. മൂന്നുദിവസമായി റെയ്ഡ് നടക്കുന്നുണ്ട് എന്ന് സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് വ്യക്തമാക്കി. ഐടി ഉദ്യോഗസ്ഥരിൽ നിന്നും വിശദാംശങ്ങൾ തേടുമെന്നും സീമന്ത് കുമാർ സിംഗ് പറഞ്ഞു. സി.ജെ.റോയിയുടെ രണ്ട് മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിയുതിര്‍ത്ത തോക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
റിയൽ എസ്റ്റേറ്റ് വ്യവസായ മേഖലയിൽ വലിയ രീതിയിലുള്ള ഞെട്ടലുണ്ടാക്കുന്നതാണ് ഡോ. സി.ജെ റോയിയുടെ ആത്മഹത്യ. കേരളത്തിൽ ജനിച്ച റോയ് വളർന്നത് ബെംഗളൂരുവിൽ ആണ്. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദത്തിനു ശേഷം സ്വിറ്റ്സർലൻഡിലെ എസ്ബിഎസ് ബിസിനസ് സ്‌കൂളിൽനിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡോക്‌ടറേറ്റ് നേടി. ബഹുരാഷ്ട്ര കമ്പനിയായ എച്ച്പിയിലെ ജോലി രാജിവച്ചാണ് ബിസിനസിലേക്ക് ഇറങ്ങിയത്. 2006 ൽ തുടക്കമിട്ട കോൺഫിഡൻ്റ് ഗ്രൂപ്പ് കേരളത്തിലും ബെംഗളൂരുവിലും റിയൽ എസ്‌റ്റേറ്റ് പ്രോജക്‌ടുകൾ നടപ്പിലാക്കിയാണ് വളർന്നത്. തുടർന്ന് ഹോസ്‌പിറ്റാലിറ്റി, ഏവിയേഷൻ, എൻ്റർടെയ്ൻമെൻ്റ്, വിദ്യാഭ്യാസം, റീട്ടെയിൽ തുടങ്ങിയ രംഗങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. നാലു സിനികൾ നിർമിച്ചിട്ടുണ്ട്. ജീവകാരുണ്യപ്രവർത്തനത്തിൽ തൽപരനായിരുന്നു. ഭാര്യ: ലിനി റോയ്, മക്കൾ: രോഹിത്, റിയ.


