Wednesday, October 15, 2025
Mantis Partners Sydney
Home » പൊളിച്ചുമാറ്റേണ്ടതായ കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് ദുരന്ത നിവാരണ വകുപ്പിനോട് മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയൻ

പൊളിച്ചുമാറ്റേണ്ടതായ കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് ദുരന്ത നിവാരണ വകുപ്പിനോട് മുഖ്യമന്ത്രി

by Editor

സ്കൂളുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്ത നിവാരണ വകുപ്പിനോട് നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൊളിച്ചു മാറ്റേണ്ടവ, അറ്റകുറ്റപ്പണി വേണ്ടവ എന്നിവ വേർതിരിച്ച് നൽകണം. അവധി ദിവസങ്ങള്‍ക്ക് മുന്‍ഗണന നല്‍കി വേണം സ്കൂള്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍. പൊളിച്ചുമാറ്റിയ സ്കൂള്‍ കെടിടങ്ങള്‍ പണിയും വരെ ക്ലാസുകള്‍ നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പിടിഎയും വിദ്യാഭ്യാസ വകുപ്പും പകരം സംവിധാനം കണ്ടെത്തണം. അണ്‍ എയ്ഡഡ് സ്കൂള്‍ കെട്ടിടങ്ങളുടെയും സുരക്ഷാ പരിശോധന ഇതോടൊപ്പം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

അപകടാവസ്ഥയിലുള്ള പൊതുകെട്ടിടങ്ങളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്താന്‍ സോഫ്റ്റ് വെയര്‍ ഉണ്ടാക്കും. ഇലക്ട്രിക് കാര്യങ്ങള്‍ പരിശോധിക്കാന്‍ ചീഫ് ഇലക്ട്രിക്കല്‍ ഓഫീസര്‍, തദ്ദേശ സ്വയം ഭരണം, പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍‌ എഞ്ചിനിയര്‍മാര്‍ ചേര്‍ന്ന പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തണം.

റവന്യു വകുപ്പ് മന്ത്രി കെ രാജന്‍, ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് അടക്കമുള്ള ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Send your news and Advertisements

You may also like

error: Content is protected !!