സ്വന്തം കഴിവിൽ സംഗീതമേഖലയിൽ നിലയുറപ്പിച്ച കലാകാരൻ. നാടകസംവിധായകനും, കവിയും, ഗാനരചയിതാവുമായിരുന്ന കാവാലം നാരായണപ്പണിക്കരുടെ മകൻ. ലളിതഗാനങ്ങളിലൂടെയും, ശാസ്ത്രീയഗാനങ്ങളിലൂടെയും നാടൻപാട്ടുകളിലൂടെയും കാവാലം ശ്രീകുമാറിനെ അറിയാത്ത മലയാളികളുണ്ടാവില്ല. പ്രശസ്തനായ അച്ഛന്റെ പ്രശസ്തനായ മകൻ.
മണ്ണിന്റെമണമുള്ള, മണ്ണിനോട് ചേർന്നുനിൽക്കുന്ന അനേകമനേകം നാടൻശീലുകൾ നമുക്ക് പാടിത്തന്ന പ്രിയഗായകൻ. സ്വരത്തിനും, ഭാവങ്ങൾക്കും, വരികൾക്കും, പ്രാധാന്യം നൽകുന്ന, ആരെയുമാകർഷിക്കുന്ന, വ്യത്യസ്തമായൊരു ആലാപന ശൈലിക്കുടമയാണ് കാവാലംശ്രീകുമാർ. എത്രയെത്ര കീർത്തനങ്ങളും ലളിതഗാനങ്ങളുമാണ് അദ്ദേഹത്തിന്റെസ്വരത്തിൽ മലയാളം ശ്രവിച്ചിട്ടുള്ളത്. രാമായാണം, ഭാഗവതം, ലളിതാസഹസ്രനാമം, വിഷ്ണു സഹസ്രനാമം തുടങ്ങി എത്രയോളം സ്തോത്രങ്ങളാണ് അദ്ദേഹത്തിന്റെ ആലാപനത്തിലൂടെ മലയാളമണ്ണിനെ ധന്യമാക്കിയിരിക്കുന്നത്.
മലയാളത്തിൽ ഇത്രമേൽ ശ്ലോകങ്ങളും, കീർത്തനങ്ങളും, ഭക്തിഗാനങ്ങളും പാടിയിട്ടുള്ള മറ്റേതെങ്കിലുമൊരു ഗായകൻ വേറെയുണ്ടാവില്ല. ഭാവപൂർണ്ണതയും സമർപ്പണവുമാണ് ഓരോന്നും.
പത്മഭൂഷൺ കാവാലം നാരായണപ്പണിക്കരുടെയും ശാരദാമണിയുടെയും ഇളയ മകനായി 1959 മാർച്ച് 3 ന് ആലപ്പുഴ ജില്ലയിൽ കാവാലത്ത് ജനനം. അഞ്ചാംവയസ്സിൽ അമ്പലപ്പുഴ ശിവശങ്കരപണിക്കരിൽനിന്നും തുടങ്ങിവച്ച സംഗീതപഠനം വയലിനിസ്റ്റ് ബി. ശശികുമാർ വരെനീണ്ടുനിന്നു. ഒരുകാലത്ത് യൂണിവേഴ്‌സിറ്റി കലോത്സവങ്ങളിലെ സ്ഥിരം കിരീടധാരിയിരുന്നു ശ്രീകുമാർ. 5 തവണയാണ് ശാസ്ത്രീയസംഗീതത്തിന് കാവാലം ശ്രീകുമാർ ഒന്നാംസ്ഥാനം നേടിയെടുത്തത്. 22 വർഷക്കാലത്തോളം ആകാശവാണിയിലെ സജീവസാന്നിദ്ധ്യമായിരുന്ന ശ്രീകുമാർ, വോളണ്ടറി റിട്ടയർമെന്റ് നേടിയാണ് ആകാശവാണിയിലെ ഔദ്യോഗിക ജീവിതത്തോടു വിടപറഞ്ഞത്.
നാടൻപാട്ടുകൾക്ക് പുതിയൊരു ശൈലിയും, ഭാവവും പകർന്നുനൽകി പാട്ടുകളെ കൂടുതൽ ജനപ്രിയമാക്കിയെടുത്തു അദ്ദേഹം. കവിതകളെയും കുഞ്ഞുവരികളെയും നാട്ടുഭാഷയിൽ പാടിയവതരിപ്പിച്ച് എപ്പോഴും ശ്രദ്ധനേടിയിരുന്ന അദ്ദേഹത്തിന്റെയൊരു പ്രണയഗാനം ലോകമലയാളികൾക്കിടയിൽ വൈറലായിരുന്നു. കോളേജ് അദ്ധ്യാപികയായ സംഗീത ജയയുടെ കവിത
“ഇത്രയുംചേർന്നുനിൽക്കാതെ
നിന്നെ പ്രണയം മണത്തിട്ടുവയ്യ
ഇത്രയുണർവ്വോടെയെന്നിലേക്കായാതെ
ഇത്രയടുത്തുനിൽക്കാതെ
ഇങ്ങനെചൂഴ്ന്നുനോക്കാതെ
കൺ ചൂണ്ടയിൽ
ഹൃദയംപിടഞ്ഞിട്ടുവയ്യ…..”
കാവാലം ശ്രീകുമാറിന്റെ സ്വരത്തിൽ എത്രയെത്ര പ്രണയമനസ്സുകളെയാണ് ഈവരികൾ ആർദ്രമാക്കിയത്.
തമ്പ് എന്ന സിനിമയിൽ പാടിക്കൊണ്ട് ചലച്ചിത്ര ലോകത്തെത്തിയ കാവാലം ശ്രീകുമാർ പിന്നെയുമൊരുപാട് ചിത്രങ്ങളിൽ പാടിയിട്ടുണ്ടെങ്കിലും ക്ളാസ്സിക്കലും നാടൻപാട്ടുകളും കീർത്തനങ്ങളും ശ്ലോകങ്ങളുമാണ് അദ്ദേഹത്തെ വേറിട്ടുനിർത്തിയത്. ലോക്ഡൗണിൽ സംഗീതമേഖലയാകെ മൗനം പടർന്നപ്പോഴും വ്യത്യസ്തമായശൈലികളിൽ കവിതകളും പാട്ടുകളുമൊരുക്കി കാവാലം ശ്രീകുമാർ ദിവസങ്ങളെ സംഗീതമയമാക്കിയെടുത്തു.
സംഗീതമാണ് കാവാലം ശ്രീകുമാർ. ഇതുവരെ പാടിക്കഴിഞ്ഞ കീർത്തനങ്ങളുടെയും ചൊല്ലിയ ശ്ലോകങ്ങളുടെയുമൊരു കണക്കെടുപ്പ് അസാദ്ധ്യമാണ്. വേറിട്ടസംഗീതവഴികളിൽ ഇനിയും വിരിയട്ടെ അനേകമനേകം സംഗീത കുസുമങ്ങൾ നമ്മുടെ മലയാളമണ്ണിൽ.
കാവാലം ശ്രീകുമാറിന് ജന്മദിനാശംസകൾ നേരുന്നു …!
വിനോദ് കട്ടച്ചിറ


