ലണ്ടൻ: കുടിയേറ്റ വിരുദ്ധ പ്രക്ഷോഭകർ ലണ്ടനിൽ വൻ പ്രതിഷേധ റാലി സംഘടിപ്പിച്ചു. തീവ്ര വലതുപക്ഷ പ്രവർത്തകനായ ടോമി റോബിൻസൻ്റെ നേതൃത്വത്തിൽ ശനിയാഴ്‌ച സംഘടിപ്പിച്ച റാലിയിൽ ഒന്നര ലക്ഷത്തോളം പേരാണ് പങ്കെടുത്തത്. ‘യുണൈറ്റ് ദ് കിങ്‌ഡം’ എന്ന പേരിൽ സംഘടിപ്പിച്ച റാലിയിൽ അനധികൃത കുടിയേറ്റത്തിനെതിരെയും അവരെ പ്രോൽസാഹിപ്പിക്കുന്ന സർക്കാരിനെതിരെയുമുള്ള മുദ്രാവാക്യങ്ങളാണ് ഉയർന്നത്. ദേശീയ വാദിയും ഇസ്ലാം വിരുദ്ധനുമായ ഇംഗ്ലീഷ് ഡിഫൻസ് ലീഗ് സ്ഥാപകൻ യാക്സി-ലെനോൺ എന്ന ടോമി റോബിൻസൺ ബ്രിട്ടനിലെ ഏറ്റവും സ്വാധീനമുള്ള തീവ്ര വലതുപക്ഷ നേതാക്കളിൽ ഒരാളാണ്. കുടിയേറ്റക്കാർക്ക് ഇപ്പോൾ തദ്ദേശീയരേക്കാൾ കൂടുതൽ അവകാശങ്ങളുണ്ടെന്നും ഈ രാജ്യം പടുത്തുയർത്തിയ ജനങ്ങളേക്കാൾ അവർക്കാണ് മുൻഗണനയെന്നും റോബിൻസൺ പറഞ്ഞു.
അതിനിടെ റാലിയിൽ പങ്കെടുത്തവരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. സംഘർഷങ്ങളിൽ 26 പോലീസുകാർക്ക് പരിക്കേറ്റു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. പ്രതിഷേധക്കാർ പൊലീസിനുനേരെ കുപ്പികൾ എറിയുകയും മർദിക്കുകയും ചെയ്‌തതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. അക്രമം ലക്ഷ്യമാക്കി വന്നവരും കൂട്ടത്തിൽ ഉണ്ടായിരുന്നുവെന്നും 25 പേരെ അറസ്റ്റ് ചെയ്തതായും അധികൃതർ വ്യക്തമാക്കി. ഏകദേശം ഒന്നരലക്ഷത്തോളം ആളുകൾ മാർച്ചിൽ പങ്കെടുത്തതായും പ്രതീക്ഷകളെ മറികടക്കുന്ന ജനപങ്കാളിത്തമാണ് മാർച്ചിലുണ്ടായതെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
റാലിയിൽ പങ്കെടുത്തവർ പ്രധാനമായും കുടിയേറ്റത്തിൻ്റെ അപകടങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. യൂറോപ്യൻ ജനതയുടെ വലിയൊരു വിഭാഗം തെക്കൻ രാജ്യങ്ങളിൽ നിന്നും മുസ്ലീം സംസ്‌കാരങ്ങളിൽ നിന്നും വരുന്ന ആളുകളാൽ മാറ്റി സ്ഥാപിക്കപ്പെടുകയാണെന്ന് തീവ്ര വലതുപക്ഷ ഫ്രഞ്ച് രാഷ്ട്രീയക്കാരനായ എറിക് സെമ്മോർ പറഞ്ഞു. ശതകോടീശ്വരനും ടെസ്ല സിഇഒമായ ഇലോൺ മസ്ക്കിൻ്റെ വിഡിയോ സന്ദേശം റാലിക്കിടെ പ്രദർശിപ്പിച്ചു. നിയന്ത്രണമില്ലാത്ത കുടിയേറ്റം ബ്രിട്ടനെ നശിപ്പിക്കുകയാണെന്ന് മസ്‌കും അവകാശപ്പെട്ടു. ബ്രിട്ടണിലെ ടെലിവിഷൻ അവതാരകൻ കാറ്റി ഹോപ്‌കിൻസ്, ലോറൻസ് ഫോക്‌സ്, ആൻഡ് മിഡിൽട്ടൻ തുടങ്ങിയ തീവ്രവലതുപക്ഷ നേതാക്കളും റാലിയിൽ സംബന്ധിച്ചു.
ഈ റാലിക്ക് ബദലായി സ്റ്റാൻഡ് അപ്പ് ടു റേസിസം എന്ന സംഘടന ഫാസിസത്തിനെതിരായ മാർച്ച് സംഘടിപ്പിച്ചു. അഭയാർത്ഥികളെ സ്വാഗതം ചെയ്‌തും തീവ്ര വലതുപക്ഷത്തിൻ്റെ വിഭാഗീയതാ പ്രചാരണത്തിൽ വീഴരുത് എന്ന് ആവശ്യപ്പെട്ടും മാർച്ച് നടത്തി. ഇരു സംഘങ്ങളും നേർക്ക് നേർ എത്തിയ വൈറ്റ്ഹാളിൽ സ്റ്റാൻഡ് അപ്പ് ടു റേസിസം പ്രവർത്തകരെ തീവ്ര വലതുപക്ഷ സംഘങ്ങൾ ആക്രമിച്ചു എന്നും വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.