യേശുക്രിസ്‌തുവിന്റെ കുരിശുമരണത്തിന്റെ ഓർമയിൽ ക്രൈസ്‌തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന ചടങ്ങുകൾ നടക്കും. കുരിശു മരണത്തിനു മുന്നോടിയായി യേശുവിൻ്റെ പീഡാനുഭവങ്ങളുടെ ഓർമ്മ പുതുക്കാൻ കുരിശിൻ്റെ വഴിയിലും വിശ്വാസികൾ പങ്കെടുക്കും. വിവിധ പള്ളികളിൽ പ്രദക്ഷിണവും നഗരി കാണിക്കലും നടക്കും.
യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ അനുസ്മരിച്ചുകൊണ്ട് രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ടുനിൽക്കുന്ന ആരാധനയാണ് ഓർത്തഡോക്സ് ദേവാലയങ്ങളിൽ ഈ ദിവസത്തെ പ്രത്യേകത. സാധാരണ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രഭാത നമസ്കാരം, മൂന്നാം മണി, ആറാം മണി (ഉച്ചനമസ്കാരം), ഒൻപതാം മണി എന്നിങ്ങനെ യേശുവിന്റെ കുരിശുമരണത്തിന്റെ ഓരോ ഘട്ടങ്ങളെയും അനുസ്മരിച്ചുകൊണ്ടുള്ള പ്രത്യേക പ്രാർത്ഥനകൾ നടത്തുന്നു. യേശുവിന്റെ കാൽവരിയിലേക്കുള്ള യാത്രയെ അനുസ്മരിച്ചുകൊണ്ട് വിശ്വാസികൾ പള്ളിക്കു ചുറ്റും കുരിശുമായി പ്രദക്ഷിണം വയ്ക്കുന്നു, വിശ്വാസികൾ ഭക്തിപൂർവ്വം കുരിശിനെ വണങ്ങുന്ന കുരിശു വന്ദനം, ശേഷം യേശുവിനെ സംസ്കരിച്ചതിനെ സൂചിപ്പിച്ചുകൊണ്ടു കുരിശിനെ വെള്ളത്തുണിയിൽ പൊതിഞ്ഞ്, സുഗന്ധദ്രവ്യങ്ങൾ അർപ്പിച്ച് മദ്ബഹയിലെ പ്രത്യേക സ്ഥാനത്ത് (കബറിടം) അടക്കം ചെയ്യുന്നു, കുരിശിൽ കിടന്ന യേശുവിന് ദാഹിച്ചപ്പോൾ പടയാളികൾ നൽകിയ കയ്പുനീരിനെ ഓർമ്മിപ്പിക്കാനായി, വിനാഗിരിയും കയ്പയ്ക്ക നീരും ചേർത്ത മിശ്രിതം വിശ്വാസികൾക്ക് നൽകുന്നു തുടങ്ങിയ ചടങ്ങുകൾ ഉൾപ്പെടുന്നു.
രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ദൈവപുത്രൻ മനുഷ്യനായി അവതരിക്കുകയും മനുഷ്യകുലത്തിൻ്റെ പാപങ്ങൾക്ക് പരിഹാരമായി കുരിശുമരണം വരിക്കുകയും ചെയ്‌തതായാണ് വിശ്വാസം. കുറ്റക്കാരനെന്ന് വിധിക്കപ്പെട്ട് ഗാഗുൽത്താമലയിലൂടെ കുരിശിനൊപ്പം ചാട്ടവാറടി ഉൾപ്പെടെയുള്ള ക്രൂരമർദ്ദനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയുള്ള യേശുവിൻ്റെ മരണയാത്രയുടെയും പിന്നീട് കുരിശിലേറ്റപ്പെട്ടതിൻ്റെയും അനുസ്മരണമാണ് ദുഃഖവെള്ളി.
യേശു തന്റെ ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിക്കുകയും, അവരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിക്കുകയും ചെയ്ത പെസഹാ വ്യാഴത്തിനു തൊട്ടടുത്ത ദിനമാണ് ദുഃഖവെള്ളി. ഇന്നേ ദിവസമാണ് ലോക രക്ഷയ്ക്കായി യേശു ദേവന്‍ ക്രൂശുമരണം വരിച്ചതെന്നാണ് വിശ്വാസം. ദൈവപുത്രനാണെന്ന് അവകാശപ്പെട്ടതിനാണ് യേശു ശിക്ഷിക്കപ്പെട്ടത്. യേശുക്രിസ്തുവിന്റെ ശിക്ഷ്യന്മാരിലൊരാളായ യൂദാസ് തന്നെയാണ് 30 വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്തത്. യേശുവിന്റെ വര്‍ദ്ധിച്ചു വരുന്ന ജനപിന്തുണയും ആരാധനയുമാണ് യഹൂദ മതനേതാക്കളെ പ്രകോപിപ്പിച്ചത്. ദൈവനിന്ദാ കുറ്റങ്ങള്‍ ആരോപിച്ച് അവര്‍ യേശുക്രിസ്തുവിനെ ക്രൂശിലേറ്റാന്‍ വിധിച്ചു.
തലയോട്ടിയുടെ സ്ഥലം അല്ലെങ്കില്‍ ലാറ്റിന്‍ ഭാഷയില്‍ കാല്‍വരി എന്ന് വിളിക്കപ്പെടുന്ന സ്ഥലം വരെ അവര്‍ അദ്ദേഹത്തെ മരക്കുരിശു വഹിച്ചു നടത്തിച്ചു. വഴിനീളെ കൊടിയ മര്‍ദ്ദനങ്ങളും പീഢനങ്ങളും ഏല്‍ക്കേണ്ടി വന്നു. തലയില്‍ മുള്‍ക്കിരീടം ചൂടിച്ചു. കൈത്തണ്ടയിലും കാലുകളിലും ആണികള്‍ തറച്ച് അവര്‍ അദ്ദേഹത്തെ മരക്കുരിശിലേറ്റി. ‘ INRI’ ‘Iesus Nazarenus, Rex Iudaeorum,’ അഥവാ ‘Jesus of Nazareth, King of the Jews,’ നസ്റേത്തിലെ യേശു, യഹൂദരുടെ രാജാവ് എന്ന് പരിഹാസപൂര്‍വ്വം എഴുതി. വേദനകള്‍ അനുഭവിച്ച് മരക്കുരിശില്‍ കിടന്ന് യേശു മരിച്ചു.
യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളെയും മർദ്ദനങ്ങളെയും കുരിശുമരണത്തെയും ഓർക്കുന്ന ദിവസം ‘ദുഃഖവെള്ളി‘ എന്ന് മലയാളത്തിൽ അറിയപ്പെടുമ്പോൾ, ഇംഗ്ലീഷിൽ ഇത് ‘Good Friday‘ എന്ന് വിളിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് പലർക്കും സംശയമുണ്ടാകാറുണ്ട്. പഴയ ഇംഗ്ലീഷിൽ (Old English) ‘Good‘ എന്ന വാക്കിന് ‘വിശുദ്ധമായ’ (Holy) അല്ലെങ്കിൽ ‘ഭക്തിനിർഭരമായ’ (Pious) എന്നൊരു അർത്ഥം കൂടിയുണ്ടായിരുന്നു. അതിനാൽ ‘Good Friday’ എന്നാൽ യഥാർത്ഥത്തിൽ ‘വിശുദ്ധമായ വെള്ളിയാഴ്ച’ (Holy Friday) എന്നാണ് അർത്ഥമാക്കുന്നത്. ബൈബിളിനെ ‘Good Book‘ എന്ന് വിളിക്കുന്നതും ഇതേ അർത്ഥത്തിലാണ്.
ക്രിസ്തീയ വിശ്വാസമനുസരിച്ച്, യേശുവിന്റെ കുരിശുമരണം മനുഷ്യരാശിയുടെ പാപമോചനത്തിനും രക്ഷയ്ക്കും (Salvation) വേണ്ടിയുള്ളതായിരുന്നു. ഈ മരണം വഴിയാണ് മനുഷ്യന് ദൈവവുമായി വീണ്ടും അടുക്കാൻ സാധിച്ചതെന്നും, അത് ലോകത്തിന് ലഭിച്ച ഏറ്റവും വലിയ ‘നന്മ’ (Good) ആണെന്നും വിശ്വാസികൾ കരുതുന്നു. ദുഃഖവെള്ളിയിലെ പീഡാനുഭവങ്ങൾ ഇല്ലായിരുന്നെങ്കിൽ ഈസ്റ്റർ എന്ന വലിയ സന്തോഷം ഉണ്ടാകില്ലായിരുന്നു. മരണത്തിന് മേൽ യേശു വിജയം വരിച്ചതിന്റെ (Resurrection) ആദ്യപടിയായി ഈ ദിവസത്തെ കാണുന്നതുകൊണ്ടാണ് ഇതിനെ ‘നല്ല’ വെള്ളിയാഴ്ചയായി കരുതുന്നത്. കേരളത്തിലെ സുറിയാനി സഭകൾ ഈ ദിവസത്തെ ‘ഹാശാ വെള്ളി’ (കഷ്ടാനുഭവ വെള്ളി) എന്നും വിളിക്കാറുണ്ട്. ചുരുക്കത്തിൽ, ആ സംഭവത്തിന്റെ ദാരുണമായ വശത്തേക്കാൾ അത് മനുഷ്യരാശിക്ക് നൽകിയ ആത്മീയമായ ഗുണഫലങ്ങളെയാണ് ‘Good Friday’ എന്ന പേര് സൂചിപ്പിക്കുന്നത്.

