ബീജിംഗ്: തായ്‌വാന് സമീപമുള്ള യോനാഗുനി ദ്വീപിൽ മിസൈലുകൾ വിന്യസിക്കാനുള്ള ജപ്പാൻ്റെ നീക്കത്തിനെതിരെ ചൈന. പ്രദേശത്ത് മനഃപൂർവ്വം സംഘർഷം സൃഷ്ടിക്കുന്നതും സൈനീകമായ പ്രകോപനം സൃഷ്ടിക്കുന്നതുമാണ് ജപ്പാൻ്റെ നീക്കമെന്നാണ് ചൈന പ്രതികരിച്ചത്. ജപ്പാനിലെ വലതുപക്ഷ ശക്തികൾ ജപ്പാനെയും മേഖലയെയും ദുരന്തത്തിലേക്ക് നയിക്കുന്നു എന്നായിരുന്നു വാർത്താസമ്മേളനത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവിൻ്റെ പ്രതികരണം.
തായ്‌വാൻ്റെ കിഴക്കൻ തീരത്ത് നിന്ന് ഏകദേശം 110 കിലോമീറ്റർ (68 മൈൽ) അകലെയുള്ള യോനാഗുനി ദ്വീപിനെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മിസൈൽ വിന്യാസം നടത്തിയതെന്നു ജപ്പാനീസ് പ്രതിരോധമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വ്യക്താവിൻ്റെ പ്രതികരണം. ജപ്പാനും ചൈനയ്ക്കുമിടയിലുള്ള നയതന്ത്രബന്ധം വഷളാകുന്ന പശ്ചാത്തലത്തിലാണ് പുതിയ സംഭവവികാസങ്ങൾ. പുതിയതായി അധികാരമേറ്റ ജപ്പാനീസ് പ്രധാനമന്ത്രി സനേ തകൈച്ചിയുടെ പ്രതികരണമാണ് ജപ്പാൻ-ചൈന ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാക്കിയത്. ജനാധിപത്യപരമായി ഭരിക്കുന്ന തായ്‌വാനെതിരായി ചൈനീസ് ആക്രമണം ഉണ്ടായാൽ ടോക്കിയോയിൽ നിന്ന് സൈനിക പ്രതികരണമുണ്ടാകുമെന്നായിരുന്നു സനേ തകൈച്ചി പറഞ്ഞത്.
ജപ്പാനീസ് നേതൃത്വത്തിൻ്റെ പ്രതികരണങ്ങൾക്ക് പിന്നാലെ ചൈനീസ് ദേശീയ മാധ്യമങ്ങൾ വിഷയത്തിൽ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. സംഭവത്തെ തുടർന്ന് ചൈനീസ് അധികൃതർ ജാപ്പനീസ് സമുദ്രവിഭവങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ജാപ്പനീസ് സിനിമകളുടെ റിലീസ് നിർത്തിവെയ്ക്കുകയും പൗരന്മാർക്ക് ജപ്പാൻ സന്ദർശിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. സമീപ വര്‍ഷങ്ങളില്‍ ജപ്പാനും ചൈനയും തമ്മിലുണ്ടായ ഏറ്റവും മോശം സ്ഥിതിഗതികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
തയ്വാനെക്കുറിച്ചുള്ള അതിഗുരുതരമായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് ചൈന തകൈച്ചിയോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അതിന്റെ എല്ലാ പ്രത്യാഘാതങ്ങളും ജപ്പാന്‍ വഹിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പും നല്‍കി. എന്നാല്‍ പരാമര്‍ശം പിന്‍വലിക്കില്ലെന്ന് സനെ തകൈച്ചി വ്യക്തമാക്കി. ഈ പരാമര്‍ശങ്ങള്‍ തങ്ങളുടെ ദീര്‍ഘകാല നിലപാടുകളുടെ ഭാഗമാണെന്നായിരുന്നു ജപ്പാന്‍ പറഞ്ഞത്. ഒപ്പം ചൈനയിലുള്ള ജപ്പാന്‍ പൗരന്മാര്‍ കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ജപ്പാന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ഒക്ടോബറിലാണ് തകൈച്ചി സ്ഥാനമേറ്റത്. പ്രധാനമന്ത്രി ആകുന്നതിന് മുന്‍പ് തന്നെ കടുത്ത ചൈനാ വിമര്‍ശകയായിരുന്നു തകൈച്ചി. മാത്രമല്ല, തായ്‌വനോട് അനുകൂല നിലപാടും തകൈച്ചി സ്വീകരിച്ചിരുന്നു.
അധിനിവേശങ്ങളുടെ ദ്വീപ് എന്നാണ് തയ്‌വാൻ അറിയപ്പെടുന്നത്. 1624 മുതൽ 1661 വരെ ഡച്ചുകാരുടെ കോളനിയായിരുന്നു ഈ പ്രദേശം. 1683 മുതൽ 1895 വരെ ചൈനയിലെ ക്വിങ് രാജവംശമാണ് ഭരിച്ചത്. യിവെയ് യുദ്ധം എന്നറിയപ്പെടുന്ന ഒന്നാം ചൈന-ജപ്പാൻ യുദ്ധത്തിന്റെ അവസാനത്തിലാണ് തയ്‌വാൻ്റെ അധികാരം ജപ്പാന് ലഭിക്കുന്നത്. അഞ്ച് ദശാബ്ദക്കാലം നീണ്ടുനിന്ന ജാപ്പനീസ് ഭരണത്തിന് ശേഷം രണ്ടാം ലോകമായുദ്ധത്തിന് പിന്നാലെയാണ് തയ്‌വാൻ വീണ്ടും ചൈനയ്ക്ക് ലഭിക്കുന്നത്. ചൈന-തയ‌്വാൻ-ജപ്പാൻ ബന്ധം ശക്തിപ്പെടുന്നതും വഷളാവുന്നതും മിക്കപ്പോഴും ഈ ദ്വീപ് മേഖലയെ ചൊല്ലിയാണ്. വ്യാപാര ബന്ധങ്ങൾ, പ്രാദേശിക അധികാര തർക്കങ്ങൾ എന്നിവയും ചൈനയും ജപ്പാനും തമ്മിലുള്ള ബന്ധത്തെ ബാധിക്കാറുണ്ട്.



