മുംബൈ: ക്രിക്കറ്റിൻ്റെ മൂന്ന് ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം ചേതേശ്വർ പൂജാര. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിൻ്റെ വിരമിക്കൽ പ്രഖ്യാപനം. ദീർഘകാലം ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നെടുംതൂണുമായിരുന്ന പൂജാര അവസരങ്ങൾ കുറഞ്ഞതോടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യൻ ടെസ്റ്റ് ടീമിലെ ഒരു യുഗാന്ത്യം കൂടിയാണ് പൂജാരയുടെ വിരമിക്കലോടെ സംഭവിച്ചത്. വിരാട് കോഹ്ലി, രോഹിത് ശർമ, ആർ അശ്വിൻ എന്നിവർ ഈ അടുത്തകാലത്താണ് ടീമിൽ നിന്ന് പടിയിറങ്ങിയത്.
‘ഇന്ത്യൻ ജഴ്സി ധരിച്ച്, ദേശീയ ഗാനം ആലപിച്ച്, ഓരോ തവണ ഗ്രൗണ്ടിലിറങ്ങുമ്പോഴും എൻ്റെ ഏറ്റവും മികച്ച പ്രകടനത്തിനു വേണ്ടിയാണു ശ്രമിച്ചത്. പക്ഷേ എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ടാകുമല്ലോ. വളരെ നന്ദിയോടെ ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കാൻ ഞാൻ തീരുമാനിക്കുന്നു.’-പൂജാര എക്‌സിൽ കുറിച്ചു.
37-ാം വയസിലാണ് താരത്തിൻ്റെ വിരമിക്കൽ പ്രഖ്യാപനം. 2010 ഒക്ടോബറിൽ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു അരങ്ങേറ്റം. രാജ്യത്തിനായി ടെസ്റ്റിൽ 103 മത്സരങ്ങളും ഏകദിനത്തിൽ അഞ്ച് മത്സരങ്ങളുമാണ് കളിച്ചത്. ടെസ്റ്റിൽ 19 സെഞ്ചുറികളും 35 അർധസെഞ്ചുറികളും താരം നേടി. ടെസ്റ്റിൽ 7,195 റൺസ് നേടിയ താരത്തിന്റെ ആവറേജ് 43.60 ആണ്. ടെസ്റ്റിൽ രണ്ട് ഡബിൾ സെഞ്ചുറികളും താരം നേടി. 206* റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്കോര്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 278 മത്സരങ്ങളിൽനിന്ന് 21301 റൺസാണ് താരത്തിന്റെ സമ്പാദ്യം. ആഭ്യന്തര ക്രിക്കറ്റിൽ 66 സെഞ്ചുറികളും പൂജാരയുടെ പേരിലുണ്ട്.