വ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനം. 62,000 കോടിയുടെ 97 എൽസിഎ മാർക്ക് 1എ പോർവിമാനങ്ങൾ വാങ്ങാനുള്ള പദ്ധതിക്ക് ചൊവ്വാഴ്ച കേന്ദ്രം അനുമതി നൽകി. പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ (എച്ച്എഎല്‍) നിന്നാണ് യുദ്ധവിമാനങ്ങള്‍ വാങ്ങുക. എൽസിഎ മാർക്ക് 1 എ പോർവിമാനങ്ങൾക്കുള്ള രണ്ടാമത്തെ ഓർഡറാണിത്. ഏതാനും വർഷങ്ങൾക്ക് മുൻപ് ഏകദേശം 48,000 കോടി രൂപയ്ക്ക് 83 വിമാനങ്ങൾക്കായി സർക്കാർ ഓർഡർ നൽകിയിരുന്നു. അടുത്ത ഏതാനും ആഴ്‌ചകൾക്കുള്ളിൽ ഘട്ടംഘട്ടമായി നിർത്തലാക്കുന്ന മിഗ് -21 വിമാനങ്ങൾക്ക് പകരമായി പുതിയ വിമാനങ്ങൾ നിർമിക്കാനാണ് ഈ പദ്ധതിയിലൂടെ വ്യോമസേന ലക്ഷ്യമിടുന്നത്.
40 തേജസ് വിമാനങ്ങള്‍ വ്യോമസേനയ്ക്ക് കൈമാറിയിരുന്നു. ഇതിനെ അപേക്ഷിച്ച് മാര്‍ക്ക് 1 പതിപ്പ് സാങ്കേതികമായി കൂടുതല്‍ മികച്ചവയാണ്. മെച്ചപ്പെട്ട ഏവിയോണിക്‌സ്, റഡാര്‍ എന്നിവയാണ് തേജസ് മാര്‍ക്ക് 1 എ-യുടെ പ്രത്യേകതകള്‍. ഇതിനുപുറമെ വിമാനത്തിന്റെ 65 ശതമാനവും തദ്ദേശീയമായി നിര്‍മിച്ച ഘടകങ്ങളാണ്. തേജസിന്റെ മാര്‍ക്ക് 2 പതിപ്പിന്റെ വികസനം അന്തിമഘട്ടത്തിലാണ്.
പ്രതിരോധ മന്ത്രാലയത്തിന്റെയും വ്യോമ സേനയുടെയും പൂർണ പിന്തുണയോടെയുള്ള തദ്ദേശീയ പോർവിമാന പദ്ധതി തദ്ദേശീയവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തുടനീളമുള്ള പ്രതിരോധ ബിസിനസിൽ പ്രവർത്തിക്കുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് വലിയ പ്രോത്സാഹനമാകുമെന്നാണ് കരുതുന്നത്.