ന്യൂഡൽഹി: ബെറ്റിങ് ആപ്പുകളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള ഓൺലൈൻ ഗെയിമിങ് ബില്ലിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകാരം നൽകിയത്. ഗെയിമിങ് ആപ്പുകളെ നിയന്ത്രിക്കുന്നതിനും കർശന നിരീക്ഷണത്തിനുമുള്ള ബില്ലിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. ഓൺലൈൻ ഗെയിമുകളെ നിയമത്തിന്റെ ചട്ടക്കൂടിൽ കൊണ്ടുവരാനാണ് ഇത് പ്രധാനമായും ലക്ഷ്യമിടുന്നത്. ഗെയിമിങ്ങിന്റെ മറവിൽ നടക്കുന്ന ബെറ്റിങ് ആപ്പുകളെ പൂട്ടുന്നതിനും ഇതുവഴിയുള്ള സാമ്പത്തിക ഇടപാടുകൾ അവസാനിപ്പിക്കുന്നതിനും വേണ്ടിയാണ് ബില്ല് അവതരിപ്പിക്കുക. ബിൽ ബുധനാഴ്‌ച ലോക്സഭയിൽ അവതരിപ്പിക്കും.
കർശന ശിക്ഷാ വ്യവസ്ഥകളോടെയാണ് ബില്ല് കൊണ്ടുവരുന്നത്. ഗെയിമിങ് ഓപ്പറേറ്റർമാർക്ക് മാത്രമല്ല ഇതിനെ പ്രോത്സാഹിപ്പിക്കുന്നവർക്കും ഇത്തരം ആപ്പുകളുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നവർക്കും എതിരെ കേസെടുക്കാനുള്ള വകുപ്പുകൾ ബില്ലിൽ ഉൾപ്പെടുത്തുന്നുണ്ട്. 2023 മുതൽ ഓൺലൈൻ ഗെയിമിങിന് 28 ശതമാനം ജിഎസ്‌ടി ഏർപ്പെടുത്തിയിരുന്നു. 2024-25 സാമ്പത്തിക വർഷം മുതൽ ഗെയിമുകളിൽ വിജയിക്കുന്നവർക്ക് 30 ശതമാനം നികുതി ചുമത്തിയിരുന്നു. രജിസ്റ്റർ ചെയ്യാത്തതോ നിയമവിരുദ്ധമോ ആയ സൈറ്റുകൾ തടയാനും ഏജൻസിക്ക് അധികാരമുണ്ട്. അനധികൃത വാതുവെപ്പ് കേസിൽ ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കും.