തിരുവനന്തപുരം: ഒരു മാസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനു ശേഷം ബ്രിട്ടിഷ് യുദ്ധവിമാനം തിരുവനന്തപുരത്തുനിന്നു പറന്നുയർന്നു. എഫ് 35 ബി യുദ്ധവിമാനം രാവിലെ 10.50-നാണ് മടങ്ങിയത്. വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ മാസം 14 നായിരുന്നു വിമാനം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തർ ലാൻഡിങ് നടത്തിയത്.
ബ്രിട്ടിഷ് നേവിയുടെ വിമാനവാഹിനിക്കപ്പൽ എച്ച്.എം എസ് പ്രിൻസ് ഓഫ് വെയിൽസിലെ സാങ്കേതിക വിദഗ്‌ധരെത്തി തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ബ്രിട്ടനിൽ നിന്ന് 14 അംഗ പ്രത്യേക വിദഗ്‌ധ സംഘത്തെ ജൂലൈ 6-ന് റോയൽ എയർഫോഴ്സ് യുദ്ധവിമാനമായ എ-400ൽ തിരുവനന്തപുരത്ത് എത്തിച്ചു. അവരുടെ നേതൃത്വത്തിൽ നടന്ന അറ്റകുറ്റപ്പണിക്കൊടുവിലാണ് വിമാനത്തിന്റെ തകരാറുകൾ പരിഹരിച്ചത്. ബ്രിട്ടനിൽ നിന്നെത്തിയ 14 അംഗ വിദഗ്‌ധ സംഘത്തെ കൊണ്ടുപോകാൻ ബ്രിട്ടിഷ് സേനാ വിമാനം നാളെയെത്തും.
അറ്റകുറ്റ പണികൾക്കായി നിർത്തിയിട്ടിരുന്ന എയർ ഇന്ത്യയുടെ ഹാങ്ങറിൽനിന്ന് ഇന്നലെ രാവിലെ പുറത്തിറക്കിയ വിമാനത്തിൽ ഇന്ധനം നിറച്ചിരുന്നു. ഇന്ത്യ വിട്ട വിമാനം ഓസ്ട്രേലിയയിലേക്കാണു പറക്കുക. അദാനി തിരുവനന്തപുരം ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡാണ് തിരുവനന്തപുരം വിമാനത്താവളം നിയന്ത്രിക്കുന്നത്. അതിനാൽ വിമാനത്തിന്റെ പാർക്കിങ് ഫീസിനത്തിലുള്ള തുക അദാനി കമ്പനിക്കാകും ബ്രിട്ടൻ നൽകേണ്ടി വരിക. വിമാനത്തിൻ്റെ പരമാവധി ടേക്ക് ഓഫ് ഭാരം അടിസ്‌ഥാനമാക്കിയാണ് പാർക്കിങ് ഫീസ് ഈടാക്കുക. മൊത്തത്തില്‍ 5 ലക്ഷം രൂപയ്ക്ക് മുകളില്‍ തുക വിമാനം വന്നിറങ്ങിയ വകയില്‍ അദാനി കമ്പനിക്ക് ലഭിക്കും.
വിമാനം തിരികെ പറന്നത് ഓസ്ട്രേലിയയിലെ ഡാര്‍വിനിലേക്കാണ് എന്നാണ് റിപ്പോർട്ടുകൾ. ബ്രിട്ടീഷ് നേവിയുടെ വിമാനം എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസിന്റെ കപ്പൽവ്യൂഹത്തിന്റെ ഭാഗമായ വിമാനമാണ് തിരുവനന്തപുരത്ത് കുടുങ്ങിയ എഫ്-35ബി. ഈ കപ്പല്‍ വ്യൂഹം ഓസ്ട്രേലിയന്‍ തീരത്ത് സംയുക്ത സൈനികാഭ്യാസത്തിൽ പങ്കെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പല്‍ ഈ മേഖലയില്‍ തുടരുന്നതിനാല്‍ ഇതിനൊപ്പം ചേരാനാകാം എഫ്-35ബി ഡാര്‍വിനിലേക്ക് മടങ്ങിയതെന്നാണ് സൂചന.