സിഡ്‌നി: ബോണ്ടി ബീച്ചിൽ ഇന്ന് വൈകുന്നേരം നടന്ന വെടിവയ്പ്പിൽ അക്രമി ഉൾപ്പടെ 12 പേര് കൊല്ലപ്പെട്ടു. 29 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മറ്റൊരു അക്രമിക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ രണ്ടു പോലീസ് ഉദ്യോസ്ഥരും ഉൾപെടും. ജൂത സമൂഹത്തിന്റെ ഹനുക്ക ആഘോഷത്തിനിടെയാണ് വെടിവയ്പ്പ് നടന്നത്. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
സിഡ്‌നിയുടെ തെക്ക്-പടിഞ്ഞാറൻ ഭാഗത്തുള്ള ബോണിറിഗിൽ നിന്നുള്ള നവീദ് അക്രമാണ് തോക്കുധാരികളിൽ ഒരാളെന്ന് ഒരു മുതിർന്ന നിയമ നിർവ്വഹണ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. സിഡ്‌നിയിലെ ജൂത സമൂഹത്തെ ലക്ഷ്യം വച്ചാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് എൻഎസ്‌ഡബ്ല്യു പ്രീമിയർ ക്രിസ് മിൻസ് പറഞ്ഞു. ഇത് ഒരു ഭീകര സംഭവമായി പ്രഖ്യാപിച്ചതായി എൻഎസ്‌ഡബ്ല്യു പോലീസും സ്ഥിരീകരിച്ചു.
ബോണ്ടി ബീച്ച് വെടിവയ്പിൽ പ്രധാനമന്ത്രി ആന്റണി അൽബനീസി ദുഃഖം പ്രകടിപ്പിച്ചു. ബോണ്ടിയിലെ രംഗങ്ങൾ ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ദേശീയ സുരക്ഷാ യോഗം വിളിച്ചുചേർത്തു, വെടിവയ്പ്പിനെ “വിനാശകരമായ ഭീകര സംഭവം” എന്ന് വിശേഷിപ്പിച്ചു. വെടിവയ്‌പ്പ് നടന്ന സ്ഥലത്ത് പൊലീസ് ഓപ്പറേഷൻ നടക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ്. ആളുകളെ ഒഴിപ്പിക്കുന്നതുൾപ്പടെയുള്ള നടപടികൾ നടക്കുന്നു. ജനങ്ങൾ പൊലീസ് നിർദേശങ്ങൾ അനുസരിക്കണമെന്നും നിയമലംഘനങ്ങൾ നടത്തരുതെന്നും പൊലീസ് ഔദ്യോഗികമായി അറിയിച്ചു.
വൈകിട്ട് 6.45 നാണു വെടിവെയ്പുണ്ടായത്. കാംബെൽ പരേഡിനെ ബോണ്ടി പവലിയനുമായി ബന്ധിപ്പിക്കുന്ന ഫുട്ബ്രിഡ്ജിൽ രണ്ട് തോക്കുധാരികൾ നിൽക്കുന്നതും ജനക്കൂട്ടത്തിലേക്ക് വെടിയുതിർക്കുന്നതുമായ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആളുകൾ പരിഭ്രാന്തരായി ഓടുന്നതും വിഡിയോയിൽ കാണാം. പരിക്കേറ്റ ആളുകളെ സ്ട്രകച്ചറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.



