കരൂർ: തമിഴക വെട്രി കഴകം നേതാവ് വിജയ്‌യുടെ പ്രചാരണ പരിപാടിക്കിടെ ഉണ്ടായ ദുരന്തത്തിൽ മരണം 41 ആയി. 100 ലധികം പേർ ചികിത്സയിലാണ്. സംഭവത്തിൽ ഗവർണർ ആർ.എൻ രവി തമിഴ്‌നാട് സർക്കാരിനോട് വിശദീകരണം തേടി. മരണകാരണവും പൊലീസിന്റെ സുരക്ഷയും സംബന്ധിച്ച് വിശദമായ വിശദീകരണം നൽകാൻ ഗവർണർ ആർ.എൻ രവി തമിഴ്‌നാട് സർക്കാരിനോട് കത്തിലൂടെ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
അതിനിടെ വിജയ്‌യുടെ ചെന്നൈയിലെ വസതിക്ക് ബോംബ് ഭീഷണി. ഡിജിപി ഓഫീസില്‍ ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടര്‍ന്ന് വിജയ്‌യുടെ വീട്ടില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. വിജയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് വിജയ്‌യുടെ വീടിന് നേരെ ബോംബ് ഭീഷണി.
സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു. ജസ്റ്റിസ് അരുണ ജഗതീശന്റെ നേതൃത്വത്തിലാണ് തമിഴ്‌നാട് സർക്കാർ അന്വേഷണ കമ്മീഷൻ രൂപീകരിച്ചിരിച്ചത്. ഇവർ സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അപകടവുമായി ബന്ധപ്പെട്ട് ടിവികെ ജനറൽ സെക്രട്ടറി പുസി ആനന്ദ്, കരൂർ ജില്ലാ സെക്രട്ടറി മതിയഴകൻ എന്നിവർക്കെതിരെ കേസെടുത്തിരുന്നു. നാല് വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഡിഎസ്‌പി സെൽവരാജിനാണ് അന്വേഷണ ചുമതല.
പരിപാടി ദുരന്തത്തിൽ കലാശിച്ചതിനെ തുടർന്ന് വിജയ്‌യുടെ പ്രചാരണം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കരൂർ സ്വദേശിയായ കമല കണ്ണൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഞായറാഴ്ച സമർപ്പിച്ച ഹർജിയിൽ ഇന്ന് തിങ്കളാഴ്‌ച ഹൈക്കോടതി വാദം കേൾക്കും.
ശനിയാഴ്ച്ച വൈകിട്ടായിരുന്നു വിജയ്‌യുടെ റാലിക്കിടെ വന്‍ അപകടം നടന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. 2026 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിലുടനീളം ടിവികെ നടത്തി വരുന്ന പ്രചരണ പരിപാടികളുടെ ഭാഗമായാണ് വിജയ് നാമക്കല്ലിലും കരൂരിലും റാലി സംഘടിപ്പിച്ചത്. ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ ഒരു സ്ത്രീ ബോധരഹിതയായി ഇതിന് പുറകെ പിന്നീട് നിരവധി പേർ ബോധരഹിതരായി വീഴുകയായിരുന്നു. ഇന്നലെ ഉച്ചയോടെ നാല്‍പത് പേരുടെ മരണം സ്ഥിരീകരിച്ചു. മരിച്ചവരില്‍ പത്ത് കുട്ടികളും പതിനാറ് സ്ത്രീകളും 12 പുരുഷന്മാരും പൊലീസുകാരും ഉള്‍പ്പെടുന്നു. എന്നാൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സുഗുണ എന്ന 65 വയസ്സുകാരി കൂടി മരിച്ചതായാണ് റിപ്പോർട്ടുകൾ.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപയും വിജയ് ധനസഹായം പ്രഖ്യാപിച്ചിരുന്നു. എക്‌സ് പോസ്റ്റിലൂടെയാണ് വിജയ് ഇക്കാര്യം അറിയിച്ചത്. കരൂരിലെ ദുരന്തത്തിൽ ജീവൻ നഷ്ടമായവരെ ഓർത്ത് ഹൃദയം വിങ്ങുകയാണെന്നും അവരുടെ വേർപാട് നികത്താനാകാത്ത നഷ്ടമാണെന്നും വിജയ് പറഞ്ഞു.