വാഷിങ്ടണ്‍: ഇറാനെതിരെ രൂക്ഷഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആണവായുധങ്ങള്‍ ഉപേക്ഷിക്കാനുള്ള കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തയ്യാറായില്ലെങ്കില്‍ അടുത്ത ആക്രമണം അതിരൂക്ഷമായിരിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. വിമാനവാഹിനി കപ്പലായ യു എസ് എസ് എബ്രഹാം ലിങ്കന്റെ നേതൃത്വത്തില്‍ ഇറാന്‍ ലക്ഷ്യമാക്കി അമേരിക്കയുടെ കപ്പല്‍പ്പട നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ ട്രംപ് ഇറാന്‍ ഭരണകൂടം ഉടനടി അമേരിക്കയുമായി ധാരണയിലെത്തുന്നതാണ് നല്ലതെന്നു മുന്നറിയിപ്പ് നൽകി. വെനസ്വേലയില്‍ വിന്യസിച്ചതിനേക്കാള്‍ വലിയ സൈനിക സന്നാഹമാണ് ഇതെന്നും ട്രംപ് അവകാശപ്പെട്ടു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി.
ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാര്‍മര്‍ ഓര്‍മ്മിപ്പിച്ചായിരുന്നു ട്രംപിന്റെ ഭീഷണി. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് നടത്തിയ വ്യോമാക്രമണത്തിന്റെ പേരായിരുന്നു ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍. അമേരിക്കയുടെ വിമാനവാഹിനി കപ്പലായ യുഎസ് എബ്രഹാം ലിങ്കൺ നയിക്കുന്ന വലിയ നാവികപ്പട കരുത്തോടെ കൃത്യമായ വേഗത്തിലാണ് ഇറാന്‍ മേഖലയിലേക്ക് നീങ്ങുന്നത്. വെനസ്വലയിലേക്ക് അയച്ചതിനെക്കാള്‍ വലിയ കപ്പല്‍പ്പടയാണിത്. വെനസ്വേലയിലെന്ന പോലെ വേഗത്തില്‍ ദൗത്യം പൂര്‍ത്തിയാക്കാന്‍ ഇതിന് കഴിയുമെന്നും ട്രംപ് പറഞ്ഞു.
എന്നാല്‍ ട്രംപ് ഭീഷണിപ്പെടുത്തിയ സാഹചര്യത്തില്‍ ചര്‍ച്ചയ്ക്ക് താല്‍പര്യമില്ലെന്നാണ് ഇറാന്റെ നിലപാട്. ഭീഷണികള്‍ക്കിടയില്‍ നയതന്ത്രചര്‍ച്ചകള്‍ സാധ്യമല്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചി പ്രതികരിച്ചു. പരസ്പരബഹുമാനം പുലര്‍ത്തിയാല്‍ മാത്രമേ ചര്‍ച്ചകള്‍ സാധ്യമാകുകയുള്ളുവെന്നും അരഘ്ചി പറഞ്ഞു. ഇറാനെ ആക്രമിച്ചാല്‍ ചെങ്കടലിലൂടെ നീങ്ങുന്ന കപ്പലുകള്‍ ആക്രമിക്കുമെന്ന് ഹിസ്ബുള്ളയും ഹൂതികളും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഇറാനെതിരെ അയല്‍രാജ്യങ്ങളുടെ മണ്ണോ ആകാശമോ ജലപാതയോ ഉപയോഗിച്ചാല്‍ അവരെ ശത്രുക്കളായി കാണുമെന്ന് ഐആര്‍ജിസി കമാന്‍ഡര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഇറാനെതിരായ ആക്രമണത്തിന് തങ്ങളുടെ പ്രദേശം ഉപയോഗിക്കാനാവില്ലെന്ന് യുഎഇയും സൗദിയും വ്യക്തമാക്കിയിരുന്നു.
ഇറാനില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ പുകയവെയാണ് അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്‌നവും രൂക്ഷമാകുന്നത്. സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലിനെതിരെ പ്രതിഷേധം നടത്തിയ ആയിരക്കണക്കിന് ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കണക്കുകള്‍ പ്രകാരം ഇറാനില്‍ ഇതുവരെ 6,200-ലധികം മരണങ്ങള്‍ സ്ഥിരീകരിച്ചു.



