സിഡ്‌നി: ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ വെടിവയ്പ്പിൽ 16 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ ഓസ്ട്രേലിയൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഓസ്‌ട്രേലിയൻ സർക്കാർ ജൂതവിരുദ്ധത ആളിക്കത്തിച്ചതായി നെതന്യാഹു ആരോപിച്ചു. ഓസ്ട്രേലിയ, പലസ്‌തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നുവെന്ന പ്രഖ്യാപനത്തെ തുടർന്ന് 3 മാസം മുൻപ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസിന് അയച്ച കത്തിനെക്കുറിച്ച് നെതന്യാഹു പരാമർശിച്ചു. “താങ്കളുടെ നയം ജൂത വിരുദ്ധതയ്ക്ക് ഇന്ധനം പകർന്നു” എന്ന കത്തിലെ വാചകമാണ് നെതന്യാഹു ഉയർത്തിക്കാണിച്ചത്. നേതാക്കൾ നിശബ്ദരായിരിക്കുകയും നടപടിയെടുക്കാതിരിക്കുകയും ചെയ്യുമ്പോൾ പടരുന്ന അർബുദമാണ് ജൂത വിരുദ്ധതയെന്നും നെതന്യാഹു വിമർശിച്ചു.
യഹൂദരുടെ ഉത്സവമായ ഹനൂക്കോ ആഘോഷിക്കുന്ന ആളുകളെ ലക്ഷ്യമിട്ട് ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ നടന്ന ഭീകരാക്രമണത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. ആക്രമണത്തെ താൻ ഞെട്ടലോടെയാണ് ശ്രവിച്ചതെന്ന് പ്രധാനമന്ത്രി പ്രസ്‌താവനയിൽ പറഞ്ഞു. പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ട കുടുംബങ്ങളോട് ഇന്ത്യയിലെ ജനങ്ങളുടെ പേരിൽ അനുശോചനം അറിയിക്കുന്നു. ദുഖത്തിന്റെ ഈ വേളയിൽ ഓസ്ട്രേലിയയിലെ ജനങ്ങൾക്കൊപ്പം ഇന്ത്യ നിലകൊള്ളുമെന്ന് അദേഹം പറഞ്ഞു. ഭീകരതയോട് രാജ്യം ഒരു തരത്തിലും സഹിഷ്‌ണുത കാണിക്കുന്നില്ലെന്നും എല്ലാത്തരം ഭീകരതകൾക്കും എതിരായ പോരാട്ടത്തെ പിന്തുണയ്ക്കുന്നുവെന്നും മോഡി വ്യക്തമാക്കി.
ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമായ സംഭവം എന്നാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബനീസി വിശേഷിപ്പിച്ചത്. പൊലീസ് നൽകുന്ന ഔദ്യോഗിക മാർഗനിർദേശങ്ങൾ പാലിക്കാൻ പൊതുജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു. സിഡ്‌നിയിലെ ജൂത സമൂഹത്തെ ലക്ഷ്യം വച്ചാണ് ഈ ആക്രമണം നടന്നതെന്ന് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ് മിൻസ് പറഞ്ഞു. ഹനൂക്കോ ഉത്സവത്തിൻ്റെ തുടക്കം കുറിയ്ക്കുന്നതിനായി ബോണ്ടി ബീച്ചിൽ നടന്ന ‘ചാനുക്ക ബൈ ദി സീ’ എന്ന പരിപാടിയിൽ പങ്കെടുക്കാൻ നൂറുകണക്കിന് ആളുകൾ ഒത്തുകൂടിയപ്പോഴാണ് വെടിവെപ്പുണ്ടായത്.
സിഡ്‌നി സമയം വൈകുന്നേരം 6.45 -ഓടെയാണ് ജൂതരുടെ ഹനൂക്ക ആഘോഷത്തിന്റെ എട്ടാം ദിവസം വെടിവയ്പുണ്ടായത്. 16 പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ നാൽപതോളം പേർക്ക് പരിക്കേറ്റു. തോക്കുധാരികളിൽ ഒരാൾ സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. ഒന്നിലേറെ തോക്കുകൾ ഉപയോഗിച്ച് ഒരേ സമയം വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ന്യൂ സൗത്ത് വെയിൽസ് പൊലീസ് ഉടൻ സ്ഥലത്തു പാഞ്ഞെത്തി. ഹെലികോപ്റ്ററുകൾ, തീവ്രപരിചരണ യൂണിറ്റുകൾ, പ്രത്യേക ഓപ്പറേഷൻ ടീമുകൾ എന്നിവയുൾപ്പെടെ 26 യൂണിറ്റുകളെ വിന്യസിച്ചു. പരിക്കേറ്റവർക്ക് സംഭവ സ്ഥലത്തു തന്നെ പ്രാഥമിക ചികിത്സ നൽകിയ ശേഷം സെന്റ് വിൻസെന്‍റ്സ്, റോയൽ പ്രിൻസ് ആൽഫ്രഡ്, സെന്‍റ് ജോർജ്ജ് തുടങ്ങിയ ആശുപത്രികളിലേക്ക് കൊണ്ടുപോയി.
അക്രമത്തിനു പിന്നിൽ പ്രവർത്തിച്ച 2 പേരിൽ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞു. നവീദ് അക്രം (24) എന്നാണ് അക്രമികളിൽ ഒരാളുടെ പേരെന്ന് ‘എബിസി ഓസ്ട്രേലിയ’ റിപ്പോർട്ടു ചെയ്തു. പാക്കിസ്ഥാനിൽ നിന്ന് കുടിയേറിയ ആളാണ് അക്രമിയെന്നാണു പൊലീസ് പുറത്തുവിട്ട വിവരം. രണ്ടാമത്തെയാളുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. രണ്ടാമത്തെയാൾ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. ഇതിൽ നവീദ് ആണോ കൊല്ലപ്പെട്ടതെന്ന വിവരം പുറത്തു വിട്ടിട്ടില്ല. ഭീകരാക്രമണമാണ് നടന്നതെന്ന് അധികൃതർ പറഞ്ഞു.



