Friday, April 10, 2026
Home » എന്നെന്നുമോർക്കാനൊരു അമ്മപ്പാട്ട് – അയിരൂർ സദാശിവൻ
എന്നെന്നുമോർക്കാനൊരു അമ്മപ്പാട്ട് - അയിരൂർ സദാശിവൻ

എന്നെന്നുമോർക്കാനൊരു അമ്മപ്പാട്ട് – അയിരൂർ സദാശിവൻ

വിനോദ് കട്ടച്ചിറ

by Editor
Send your news and Advertisements

“അമ്മേ അമ്മേ
അവിടുത്തെമുൻപിൽ
ഞാനാര് ദൈവമാര്….”
മലയാളത്തിന്കിട്ടിയ എക്കാലത്തെയും ഹൃദയസ്പർശിയായൊരു ചലച്ചിത്രഗാനം. മലയാളത്തിന്റെ പ്രിയകവിയും, ഗാനരചയിതാവുമായിരുന്ന വയലാർ രാമവർമ്മ സ്വന്തം അമ്മയ്ക്കു വേണ്ടി എഴുതിയഗാനമാണിത്.

പിന്നീട്, ചായം എന്ന ചിത്രത്തിനുവേണ്ടി ദേവരാജൻമാസ്റ്റർ ഈണം നൽകിയപ്പോൾ മലയാളിക്കു ലഭിച്ചത് ഒരു അനുഗ്രഹീത ഗായകനെക്കൂടിയായിരുന്നു. അയിരൂർ സദാശിവൻ. ഒരൊറ്റ ഗാനത്തിന്റെ മേൽവിലാസത്തിൽ ഒരുപാട് പ്രശസ്‌തനാവുകയായിരുന്നു അയിരൂർ സദാശിവൻ. ഈ ചിത്രത്തിൽ “ശ്രീവൽസം മാറിൽചാർത്തിയ….” എന്നൊരു ഗാനം കൂടി അയിരൂർ സദാശിവൻ പാടിയിട്ടുണ്ട്. അതും ഹിറ്റായിരുന്നു.

പത്തനംതിട്ട ജില്ലയിലെ അയിരൂരിൽ ഗായകനായിരുന്ന പദ്മനാഭന്റെയും കുഞ്ഞിക്കുട്ടിയുടേയും അഞ്ചു മക്കളിൽ ഏറ്റവും മൂത്തയാളായിരുന്നു സദാശിവൻ. അച്ഛന്റെ പാട്ടുകൾ കേട്ടാണ് സദാശിവൻ വളർന്നത്. കലാകുടുംബത്തിൽ ജനിച്ചതുകൊണ്ടുതന്നെ സദാശിവന് സംഗീതം ജന്മസിദ്ധമായി ലഭിച്ച കലയായിരുന്നു. അഞ്ചാം വയസ്സുമുതൽ കെ. എസ്. കുട്ടപ്പൻ ഭാഗവതരിൽ നിന്ന് സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചു തുടങ്ങി.

ഡാൻസർ ചന്ദ്രശേഖരൻ നായരുടെ ഓപ്പറാ ഹൗസിൽ ദക്ഷിണാമൂർത്തി സ്വാമിയുടെ സംഗീത്തിലാണ് സദാശിവൻ ആദ്യമായി പാടി തുടങ്ങിയത്. തുടർന്ന് ചങ്ങനാശേരി ഗീഥയിലും, കെപിഎസിയിലും, കോട്ടയം നാഷണൽ തിയേറ്റേഴ്സിലും പാടിയ സദാശിവനെ സിനിമാ പിന്നണി ഗാനരംഗത്തേയ്ക്ക് കൊണ്ടുവന്നത് ദേവരാജൻ മാസ്റ്ററാണ്.

ആദ്യഗാനം ഹിറ്റായതോടെ ദേവരാജൻ മാസ്റ്റർ അടുത്ത അവസരം നൽകി. മരം എന്ന ചിത്രത്തിൽ യൂസഫലി കേച്ചേരി രചിച്ച “മൊഞ്ചത്തിപെണ്ണേ നിൻചുണ്ട്…” എന്നമാപ്പിളപ്പാട്ട് ശൈലിയിലുള്ള ഗാനവും സൂപ്പർ ഹിറ്റായതോടെ ഭാഗ്യഗായകൻ എന്ന വിളിപ്പേരുംവീണു സദാശിവന്.

പിന്നീട് അനേകം ഗാനങ്ങൾ അദ്ദേഹത്തിന്റെ സ്വരത്തിൽ മലയാളികൾ കേട്ടു.
“ഉദയസൗഭാഗ്യതാരകയോ….” (അജ്ഞാതവാസം)
“അല്ലിമലർതത്തേ…..” (ശാപമോക്ഷം)
“അങ്കത്തട്ടുകളുയർന്ന നാട്…” (അങ്കത്തട്ട്‌)
“കസ്തൂരിഗന്ധികൾ…..” (സേതുബന്ധനം)
“പാലംകടക്കുവോളം നാരായണാ….” (കലിയുഗം)
“ചന്ദനക്കുറിചാർത്തി….” (അലകൾ)
“ഇതിലേപോകും കാറ്റിനുപോലും….” (വിപഞ്ചിക) തുടങ്ങിയ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും ആദ്യത്തെ ഗാനങ്ങൾ പോലെ ഹിറ്റുകളായില്ല. മാത്രവുമല്ല, തമാശപ്പാട്ടുകളും കോറസ് പാട്ടുകളുമാണ് പിന്നെ ഏറെയും അദ്ദേഹത്തിന് പാടാനായി കിട്ടിയത്.

1982 -ൽ ചലച്ചിത്ര പരിഷത്ത്കമ്മിറ്റി ഏർപ്പെടുത്തിയ വിലക്കാണ് അയിരൂർ സദാശിവനെ സിനിമയിൽ നിന്ന് തഴയപ്പെടാൻ കാരണമാകുന്നത്. ബോംബെ മലയാളി അസോസിയേഷൻ നടത്തിയ ഒരു സ്റ്റാർനൈറ്റുമായി ബന്ധപ്പെട്ട് കമ്മിറ്റിയെ ധിക്കരിച്ചു എന്നതായിരുന്നു അദ്ദേഹത്തിന്റെമേൽ ചാർത്തിയ കുറ്റം. എന്നാൽ വിലക്കിനെ അദ്ദേഹം പുല്ലുപോലെ അവഗണിച്ചു.

“സിനിമയിൽപാടിക്കില്ല എന്നല്ലേയുള്ളൂ. ഈ ഭൂമിയിലൊരിടത്തും പാടിക്കാതിരിക്കാൻ കമ്മറ്റിയ്ക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ” എന്നദ്ദേഹം തിരികെ ചോദിക്കുകയുണ്ടായത്രേ.

പിന്നീട് അനേകം നാടകങ്ങളിലും ഗാനമേളകളിലും കൂടുതൽ സജീവമാവുകായിരുന്നു അദ്ദേഹം. അയിരൂർ സദാശിവന്റെ “സൂപ്പർമെലഡി” എന്ന ഗാനമേള ട്രൂപ്പ് കേരളത്തിലുടനീളം പ്രോഗ്രാമുകൾ നടത്തിയിരുന്നു. കേരളത്തിലെ സ്റ്റേജ് കലാകാരന്മാരുടെ സംഘടനയായ “സവാക്കി”ന്റെ വൈസ്പ്രസിഡന്റുമായിരുന്നു. ആകാശവാണിയിൽ വർഷങ്ങളോളം സംഗീതസംവിധായകനും, ഓഡിഷൻ കമ്മറ്റി അംഗമായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഒരു പാട് ലളിതഗാനങ്ങൾക്ക് അദ്ദേഹം ഈണം പകർന്നിട്ടുണ്ട്.

സിനിമയിൽനിന്നും ആരും അദ്ദേഹത്തിന് പിന്നീട് അവസരങ്ങൾനൽകിയില്ല. ആരോടും അദ്ദേഹം അവസരം ചോദിച്ചതുമില്ല. 1984-ൽനിർമ്മിച്ച, റിലീസായിട്ടില്ലാത്ത “വിപഞ്ചിക” എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്ന്, ഒരു ഗാനവുമാലപിച്ചുകൊണ്ട് സിനിമയിൽ വീണ്ടുമെത്തി അദ്ദേഹം മധുരപ്രതികാരം ചെയ്തു.

“ഇതിലേപോകും കാറ്റിനുപോലും…” എന്നഗാനം ഹിറ്റാവുകയുംചെയ്തു. രാജഹംസം എന്ന ചിത്രത്തിലെ “സന്യാസിനീ നിൻ പുണ്യാശ്രമത്തിൽഞാൻ…” എന്ന ഗാനം ആദ്യം പാടി റെക്കോഡ്ചെയ്തത് അയിരൂർ സദാശിവന്റെ ശബ്ദത്തിലായിരുന്നു. പുറത്തു വന്നത് യേശുദാസിന്റെ സ്വരത്തിലും.

2015 ഏപ്രിൽ 9-ന് എറണാകുളത്തെ ഗാനമേളപ്രോഗ്രാം കഴിഞ്ഞു വരുംവഴി ചങ്ങനാശേരി-ആലപ്പുഴ എ.സി. റോഡിലുണ്ടായ വാഹനാപകടത്തിലാണ് ആ സംഗീത സ്നേഹി യാത്രയായത്. മകൻ ശ്രീകുമാർ ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോവുകയായിരുന്നു. കാലമെത്രമാറിയാലും അമ്മയെക്കുറിച്ചുള്ള ഒരൊറ്റപ്പാട്ടിന്റെ മേൽവിലാസത്തിൽ അയിരൂർ സദാശിവനെ മലയാളികൾ എന്നുമെന്നും സ്മരിക്കും.

വിനോദ് കട്ടച്ചിറ

You may also like

error: Content is protected !!