ഓസ്ട്രേലിയയുടേതിന് സമാനമായി 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട നിയമ വശങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗോവ ടൂറിസം ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി രോഹൻ ഖൗൻ്റെ വ്യക്തമാക്കി. സമാനമായ രീതിയിൽ ആന്ധ്രാപ്രദേശും ഈ നീക്കത്തെക്കുറിച്ച് പഠിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഒരു മാസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് ആന്ധ്ര ഐടി മന്ത്രി നര ലോകേഷ് വ്യക്തമാക്കിയത്.
മാതാപിതാക്കളിൽ നിന്ന് നിരന്തരം പരാതികൾ ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നിരോധനത്തിന് ഒരുങ്ങുന്നത്. സോഷ്യൽ മീഡിയ പോലുള്ള സങ്കേതങ്ങൾ കുട്ടികളുടെ മാനസികാവസ്ഥയെ വ്യതിചലിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് പലപ്പോഴും വലിയ സാമൂഹിക പ്രശ്‌നങ്ങളിലേക്കാണ് കൊണ്ടെത്തിക്കുന്നതെന്ന് ഗോവ ടൂറിസം മന്ത്രി പറഞ്ഞു.
ഇന്ന് കുട്ടികൾ മൊബൈൽ ഫോണിലേക്കും അവരുടെ സോഷ്യൽ മീഡിയയിലേക്കുമായി ചുരുങ്ങിയിരിക്കുകയാണ്. കുടുംബത്തോടൊപ്പം ആയിരിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമെല്ലാം കയ്യിൽ ഫോണാണ്. കുട്ടികളുടെ സ്വകാര്യ സമയങ്ങളെ സോഷ്യൽ മീഡിയ അപഹരിക്കുകയാണ്. ഓസ്ട്രേലിയൻ നിയമങ്ങളുടേതിന് സമാനമായിട്ടുള്ള ഒരു നിയമത്തെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. സാധ്യമെങ്കിൽ അടുത്ത തലമുറയുടെ നല്ലതിനായി അത് നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
16 വയസിന് താഴെയുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗം കഴിഞ്ഞ മാസം മുതൽ ഓസ്ട്രേലിയ വിലക്കിയിരുന്നു. 16 വയസിന് താഴെയുള്ളവരെ പ്ലാറ്റ് ഫോമുകളിൽ നിന്ന് വിലക്കിയില്ലെങ്കിൽ കമ്പനികൾ 4.95 കോടി ഡോളർ പിഴ അടക്കേണ്ടി വരും.
മെറ്റാ (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം), ഗൂഗിൾ (യൂട്യൂബ്), എക്‌സ് തുടങ്ങിയ ആഗോള ടെക് ഭീമന്മാരുടെ പ്രധാന വിപണികളിലൊന്നാണ് ഇന്ത്യ. കുട്ടികളുടെ സുരക്ഷ മുൻനിർത്തിയുള്ള നിയമങ്ങളെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ഇത്തരം വിലക്കുകൾ കുട്ടികളെ സുരക്ഷിതമല്ലാത്ത മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്ന് മെറ്റാ പ്രതികരിച്ചു. കുട്ടികൾ ഒരേസമയം നിരവധി ആപ്പുകൾ ഉപയോഗിക്കുന്നതിനാൽ ഏതാനും കമ്പനികളെ മാത്രം ലക്ഷ്യം വെക്കുന്നത് പൂർണ്ണമായ പരിഹാരമാകില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.



