Mantis Partners Sydney
Friday, March 20, 2026
Mantis Partners Sydney
Home » വാസയോഗ്യമായ പുതിയ ഗ്രഹത്തെ ഓസ്ട്രേലിയൻ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തി
വാസയോഗ്യമായ പുതിയ ഗ്രഹത്തെ കണ്ടെത്തി ഓസ്ട്രേലിയൻ ജ്യോതിശാസ്ത്രജ്ഞർ

വാസയോഗ്യമായ പുതിയ ഗ്രഹത്തെ ഓസ്ട്രേലിയൻ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തി

by Editor
Send your news and Advertisements

കാൻബറ: ഭൂമിയിൽ നിന്ന് 150 പ്രകാശവർഷം അകലെ ജീവൻ്റെ സാന്നിധ്യം നിലനിൽക്കാൻ സാധ്യതയുള്ള പുതിയ ഗ്രഹത്തെ സതേൺ ക്വീൻസ്‌ലാൻഡ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. നാസയുടെ കെപ്ലർ കെ-2 ദൗത്യത്തിലെ വിവരങ്ങൾ അടിസ്ഥാനമാക്കി കണ്ടെത്തിയ ഈ ഗ്രഹത്തിന് HD 137010 b എന്നാണ് പേരിട്ടിരിക്കുന്നത്. സതേൺ ക്വീൻസ്‌ലാൻഡ് സർവകലാശാലയിലെ (University of Southern Queensland) ഡോ. അലക്സാണ്ടർ വെന്നർ, ഡോ. ചെൽസി ഹുവാങ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സംഘമാണ് ഈ കണ്ടെത്തലിന് പിന്നിൽ.

ഭൂമിയേക്കാൾ ഏകദേശം 6 ശതമാനം മാത്രം വലുപ്പമുള്ള ഈ ഗ്രഹം ഒരു “സൗരസമാന നക്ഷത്രത്തെ” (Sun-like star) ആണ് ചുറ്റുന്നത്. ഈ ഗ്രഹത്തിൽ ദ്രാവക രൂപത്തിൽ ജലം നിലനിൽക്കാൻ സാധ്യതയുള്ള താപനിലയാണുള്ളതെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. ഉപരിതല താപനില -70 ഡിഗ്രിക്ക് താഴെയാണെങ്കിലും ശക്തമായ അന്തരീക്ഷം ഉണ്ടെങ്കിൽ ജീവന് അനുകൂലമായ സാഹചര്യങ്ങൾ ഇവിടെയുണ്ടാകാം. ഇതിന്റെ ഭ്രമണപഥം (Orbit) ഭൂമി സൂര്യനെ ചുറ്റുന്നതിന് സമാനമായി ഏകദേശം 355 ദിവസമാണ്.

സാധാരണയായി കണ്ടെത്തുന്ന പല ഗ്രഹങ്ങളും മാതൃനക്ഷത്രത്തോട് ചേർന്നായതിനാൽ ഉയർന്ന റേഡിയേഷൻ ഭീഷണി നേരിടാറുണ്ട്. എന്നാൽ പുതിയ ഗ്രഹത്തിന് ഈ ഭീഷണി കുറവാണെന്നും ഇത് ജീവൻ്റെ നിലനിൽപ്പിന് കൂടുതൽ സാധ്യത നൽകുന്നുവെന്നും പഠനത്തിന് നേതൃത്വം നൽകിയ ഡോ. ചെൽസി ഹുവാങ് വ്യക്തമാക്കി. നിലവിൽ ഇതൊരു “കാൻഡിഡേറ്റ് ഗ്രഹം” മാത്രമാണ്. ജെംസ് വെബ് ടെലിസ്കോപ്പ് പോലുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ഇതിന്റെ അന്തരീക്ഷത്തെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്താനാണ് ശാസ്ത്രജ്ഞരുടെ തീരുമാനം.

You may also like

error: Content is protected !!