കാൻബറ: ഇറാനുമായി നയതന്ത്രബന്ധം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് ഓസ്ട്രേലിയ പ്രധാനമന്ത്രി ആന്റണി ആൽബനീസി. ഓസ്ട്രേലിയയിൽ കഴിഞ്ഞവർഷം നടന്ന രണ്ട് ജൂതവിരുദ്ധ ആക്രമണങ്ങൾക്കു പിന്നിൽ ഇറാനാണെന്ന് ആരോപിച്ചാണു നടപടി. ടെഹ്റാനിലെ നയതന്ത്ര ഉദ്യോഗസ്‌ഥരെ ഓസ്ട്രേലിയ പിൻവലിച്ചു, ഇറാന്റെ അംബാസഡറോട് ഒരാഴ്‌ചയ്ക്കകം രാജ്യം വിടാനും ഉത്തരവിട്ടു. ഇറാൻ്റെ സൈനികവിഭാഗമായ റവല്യൂഷനറി ഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാൻ നടപടി തുടങ്ങി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഓസ്‌ട്രേലിയ ഒരു വിദേശ അംബാസഡറെ പുറത്താക്കുന്നത് ഇതാദ്യമാണെന്ന് വിദേശകാര്യ മന്ത്രി പെന്നി വോങ് പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ സിഡ്‌നിയിലെ ലൂയിസ് കോണ്ടിനന്റൽ കിച്ചണു നേരെയും ഡിസംബറിൽ മെൽബണിലെ ഇസ്രയേൽ സിനഗോഗിനു നേരെയും നടന്ന ആക്രമണങ്ങൾക്കു പിന്നിൽ ഇറാനാണെന്ന് ഓസ്ട്രേലിയൻ സെക്യൂരിറ്റി ഇന്റലിജൻസ് ഓർഗനൈസേഷൻ (എഎസ്ഐഒ) കണ്ടെത്തിയതായി ആൽബനീസി വ്യക്തമാക്കി. എന്നാൽ ആരോപണങ്ങൾ ഇറാൻ നിഷേധിച്ചു.
അടുത്തമാസം യുഎൻ സമ്മേളനത്തിൽ പലസ്‌തീനു രാഷ്ട്രപദവി അംഗീകരിക്കുമെന്ന് ഈ മാസം 11-ന് ഓസ്ട്രേലിയ സർക്കാർ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ആൽബനീസിനെ പേരെടുത്തു വിമർശിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു രംഗത്തെത്തിയിരുന്നു. ഇസ്രയേലിനെ അനുനയിപ്പിക്കാനാണ് ഇറാനെതിരായ നീക്കമെന്നു വിലയിരുത്തലുണ്ട്.