ഡബ്ലിൻ: അയർലണ്ടിൽ ഇന്ത്യാക്കാർക്ക് നേരെയുള്ള ആക്രമണം തുടരുന്നു. 22 വർഷമായി അയർലണ്ടിൽ കഴിയുന്ന ഇന്ത്യൻ വംശജനായ 51-കാരന് നേരെയാണ് ബുധനാഴ്‌ച പുലർച്ചെ ഏറ്റവുമൊടുവിൽ ആക്രമണം ഉണ്ടായത്. സൗത്ത് ഡബ്ലിനിലെ ഷാർലെമോണ്ട് പ്ലേസിൽ വച്ചാണ് ലക്ഷ്‌മൺ ദാസ് ആക്രമിക്കപ്പെട്ടത്. ഐറിഷ് പൗരനായ ഇദ്ദേഹത്തിൻ്റെ പക്കൽ നിന്നും ഫോണും പണവും ഇദ്ദേഹം ഉപയോഗിച്ചിരുന്ന ഇലക്ട്രിക് ബൈക്കും അക്രമി സംഘം കവർന്നു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ലക്ഷ്‌മൺ ദാസിനെ സെൻ്റ് വിൻസൻ്റ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്ക് ശേഷം ബുധനാഴ്ച വൈകിട്ടോടെ ആശുപത്രി വിട്ട ഇദ്ദേഹം ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. കാലുകളിലും കൺപോളയിലും കൈയിലുമാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്.
നാല് ദിവസം മുൻപ് ഇന്ത്യൻ വംശജയായ ആറ് വയസുകാരി ക്രൂര മർദ്ദനത്തിന് ഇരയായതിന് പിന്നാലെയാണ് ഈ സംഭവം. കഴിഞ്ഞ തിങ്കളാഴ്ച ആറ് വയസുകാരിയായ ഇന്ത്യൻ വംശജയ്ക്ക് നേരെ ഡബ്ലിനിൽ അതിക്രൂരമായ വംശീയ ആക്രമണം നടന്നിരുന്നു. ഐറിഷുകാരായ നാല് ആൺകുട്ടികളും ഒരു പെൺകുട്ടിയും ചേർന്ന് കുട്ടിയുടെ മുഖത്ത് ഇടിക്കുകയും കഴുത്തിൽ പിടിച്ച് അമർത്തുകയും ചെയ്തു. ‘വൃത്തികെട്ട ഇന്ത്യക്കാരീ, തിരിച്ചുപോ’ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അക്രമം. വീടിന് വെളിയിൽ കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ആക്രമണം നടത്തിയത് 12 -നും 14 -നും ഇടയിൽ പ്രായമുള്ള കുട്ടികളെന്നാണ് ആക്രമണത്തിനിരയായ കുട്ടിയുടെ അമ്മ പറയുന്നത്. ഏഴു വർഷം മുൻപാണ് നവീനും അനുപയും അയർലൻഡിലെത്തിയത്. കോട്ടയം ജില്ലയിലെ കടുത്തുരുത്തി സ്വദേശിയായ അനുപ വാട്ടർഫോഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സാണ്. അയർലൻഡ് പൗരത്വവുമുണ്ട്. ഈ വർഷമാണ് വാട്ടർഫോഡിൽ വീടു വാങ്ങിയത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അയർലൻഡിൽ ഇന്ത്യക്കാർക്കു നേരേ വംശീയാധിക്ഷേപമുണ്ടാകുന്ന നാലാമത്തെ സംഭവമാണിത്. ഡബ്ലിനിൽ ഡേറ്റാ സയന്റിസ്‌റ്റായ സന്തോഷ് യാദവ് കഴിഞ്ഞ മാസം 27 -ന് സുഹൃത്തിനൊപ്പം അത്താഴം കഴിച്ച ശേഷം വീട്ടിലേക്കു നടക്കുന്നതിനിടെ ആറു കൗമാരക്കാർ ആക്രമിച്ചിരുന്നു. ഇന്ത്യക്കാരനായ ഒരു ടാക്‌സി ഡ്രൈവറെ രണ്ടു യാത്രക്കാർ ആക്രമിച്ചു പരുക്കേൽപിച്ച സംഭവവുമുണ്ടായി.