വാഷിങ്ടൺ: അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസിൻ്റെ ഒഹായോയിലെ സ്വകാര്യ വസതിക്കുനേരെ ആക്രമണം. ആക്രമി വീടിൻ്റെ ജനാലകൾ തകർന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ആക്രമണം നടക്കുമ്പോൾ വാൻസോ കുടുംബാംഗങ്ങളോ വീട്ടിലുണ്ടായിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു.
അക്രമി വീടിനുള്ളിലേക്ക് കടന്നിട്ടില്ലെന്നും പുറത്തുനിന്ന് ചുറ്റിക ഉപയോഗിച്ച് ജനൽ ചില്ലുകൾ തല്ലിത്തകർക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. വാൻസിനെയോ കുടുംബത്തെയോ വ്യക്തിപരമായി ലക്ഷ്യം വെച്ചാണോ ആക്രമണം നടന്നതെന്ന് വ്യക്തമല്ല. തകർന്ന ജനാലകളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവസ്ഥലത്ത് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. പിടിയിലായ ആളെ രഹസ്യാന്വേഷണ ഏജൻസികൾ ചോദ്യം ചെയ്‌തുവരികയാണ്.
രാഷ്ട്രീയ പ്രേരിതമായ ആക്രമണമാണോ ഇതെന്ന് പരിശോധിക്കുമെന്ന് എഫ്ബിഐ ഉൾപ്പെടെയുള്ള ഏജൻസികൾ സൂചിപ്പിച്ചു. അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ സുരക്ഷയിൽ വന്ന വീഴ്‌ച അതീവ ഗൗരവത്തോടെയാണ് യു എസ് കാണുന്നത്. വരും മണിക്കൂറുകളിൽ കൂടുതൽ ഔദ്യോഗിക വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.



