ന്യൂഡൽഹി: ബഹിരാകാശ യാത്രികൻ ശുഭാംഷു ശുക്ല പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ഇരുവരും കൂടിക്കാഴ്‌ച നടത്തിയത്. ബഹിരാകാശ യാത്രയെ കുറിച്ചുള്ള അനുഭവങ്ങൾ ശുഭാംഷു പ്രധാനമന്ത്രിയുമായി പങ്കുവച്ചു. കൂടിക്കാഴ്ചയിൽ ആക്‌സിയം 4 ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോയ ദേശീയ പതാക ശുഭാംഷു പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ബഹിരാകാശ നിലയത്തിൽ കഴിഞ്ഞതിനെ കുറിച്ചും അവിടെ നടത്തിയ പരീക്ഷണങ്ങളെ കുറിച്ചും ശുഭാംഷു പ്രധാനമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തു.
സാങ്കേതിക നേട്ടങ്ങൾക്ക് വേണ്ടി മാത്രമല്ല, ഭൂമിക്കപ്പുറം സ്വപ്‌നം കാണാൻ പുതു യുവതലമുറയെ പ്രചോദിപ്പിച്ചതിന് ശുഭാംഷുവിനോട് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ആക്‌സിയം 4 ദൗത്യത്തെ പ്രതീകപ്പെടുത്തുന്ന ഒരു മെമൻ്റോ പ്രധാനമന്ത്രി ശുഭാംഷുവിന് കൈമാറി. കഴിഞ്ഞ ദിവസമാണ് ശുഭാംഷു ഇന്ത്യയിലെത്തിയത്. ഡൽഹി വിമാനത്താവളത്തിലിറങ്ങിയ ശുഭാംഷുവിനെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌ത എന്നിവർ ചേർന്ന് സ്വീകരിച്ചു. ഐഎസ്ആർഒ മുതിർന്ന ഉദ്യോഗസ്ഥർ, ഇസ്രോ ചെയർമാർ വി നാരായണൻ, ഹ്യൂമൻ സ്പേസ്ഫ്ലൈറ്റ് സെൻ്റർ ഡയറക്ടർ ഡി കെ സിംഗ് എന്നിവരും ശുഭാംഷുവിനെ സ്വീകരിക്കാൻ എത്തിയിരുന്നു.