തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവന്ന വിവിധ അഭിപ്രായ സർവേകൾ ഭരണകക്ഷിയായ എൽ.ഡി.എഫും പ്രതിപക്ഷമായ യു.ഡി.എഫും തമ്മിൽ ശക്തമായ പോരാട്ടം നടക്കുമെന്നാണ് പ്രവചിക്കുന്നത്. പത്തു വർഷത്തെ ഭരണത്തിന് ശേഷം എൽ.ഡി.എഫ് ശക്തമായ ഭരണവിരുദ്ധ വികാരം നേരിടുന്നുണ്ടെന്ന് ചില സർവേകൾ ചൂണ്ടിക്കാട്ടുന്നു. ഭൂരിഭാഗം സർവേകളും യു.ഡി.എഫിന് (UDF) നേരിയ മുൻതൂക്കം നൽകുമ്പോൾ, ചില സർവേകൾ എൽ.ഡി.എഫിന് (LDF) തന്നെയാണ് ഭരണസാധ്യത കൽപ്പിക്കുന്നത്.
യു.ഡി.എഫിന് 69-81 സീറ്റുകൾ വരെ ലഭിക്കുമെന്നും എൽ.ഡി.എഫ് 57-69 സീറ്റുകളിൽ ഒതുങ്ങുമെന്നും മനോരമ ന്യൂസ് – സി വോട്ടർ അഭിപ്രായ സർവേ പ്രവചിക്കുന്നു. എൻ.ഡി.എ 1 മുതൽ 5 വരെ സീറ്റുകൾ നേടിയേക്കാം എന്നും സർവ്വേ പറയുന്നു.
മാതൃഭൂമി – കോർ സർവേപ്രകാരം എൽ.ഡി.എഫിന് 66-78 സീറ്റുകളും യു.ഡി.എഫിന് 62-72 സീറ്റുകളുമാണ് പ്രവചിക്കുന്നത്. അതായത്, എൽ.ഡി.എഫിന് ഭരണത്തുടർച്ചയ്ക്കുള്ള സാധ്യതയുണ്ടെന്ന് ഈ സർവേ സൂചിപ്പിക്കുന്നു. എൻ.ഡി.എ 0-2 സീറ്റുകൾ നേടിയേക്കാമെന്നും ഈ സർവേ വ്യക്തമാക്കുന്നു.
ന്യൂസ് മലയാളം 24×7 പുറത്തുവിട്ട അന്തിമ പ്രീ-പോൾ സർവേ ഫലങ്ങൾ പ്രകാരം എൽഡിഎഫിന് സംസ്ഥാനത്ത് ഭരണത്തുടർച്ച പ്രവചിക്കുന്നു. 78 മുതൽ 90 സീറ്റുകൾ വരെ നേടി ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരുമെന്ന് സർവേ പ്രവചിക്കുന്നു. 50 മുതൽ 62 സീറ്റുകൾ വരെ യുഡിഎഫിന് ലഭിക്കാമെന്നാണ് കണക്കുകൂട്ടൽ. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് 0 മുതൽ 2 സീറ്റുകൾ വരെ ലഭിച്ചേക്കാം എന്നും സർവെ പറയുന്നു.
ന്യൂസ് 18 – വോട്ട് ട്രാക്കർ സർവേ ഇരു മുന്നണികളും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നും 67-73 സീറ്റുകൾ വരെ ഇരുവർക്കും ലഭിക്കാമെന്നും വിലയിരുത്തുന്നു.
യു.ഡി.എഫിന് 77-81 സീറ്റുകളും എൽ.ഡി.എഫിന് 58-62 സീറ്റുകളുമാണ് ലോക് പോൾ സർവേ പ്രവചിക്കുന്നത്. വോട്ട് വിഹിതത്തിൽ യു.ഡി.എഫിന് 42 – 44 ശതമാനവും എൽ.ഡി.എഫിന് 39 – 41 ശതമാനവും ലഭിക്കുമെന്ന് ഈ സർവേ റിപ്പോർട്ട് പറയുന്നു. യു.ഡി.എഫിന് 71-77 സീറ്റുകളും എൽ.ഡി.എഫിന് 64-70 സീറ്റുകളും ലഭിക്കുമെന്നാണ് നെറ്റ്‌വർക്ക് 18 – വോട്ട് വൈബ് സർവേ പ്രവചിക്കുന്നത്.
അതേസമയം, ഈ പ്രീ-പോൾ സർവേകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ചിലർ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. ഈ സർവേകൾ വെറും പ്രവചനങ്ങൾ മാത്രമാണെന്നും യഥാർത്ഥ ഫലം മെയ് 4-ന് മാത്രമേ വ്യക്തമാകൂ എന്നും രാഷ്ട്രീയ നിരീക്ഷകർ ഓർമ്മിപ്പിക്കുന്നു.

