Tuesday, April 7, 2026
Home » അപ്പോളോയുടെ റെക്കോർഡ് തിരുത്തി ആർട്ടിമിസ് 2
അപ്പോളോയുടെ റെക്കോർഡ് തിരുത്തി ആർട്ടിമിസ് 2

അപ്പോളോയുടെ റെക്കോർഡ് തിരുത്തി ആർട്ടിമിസ് 2

by Editor
Send your news and Advertisements

നാസയുടെ ആർട്ടിമിസ് 2 (Artemis 2) ദൗത്യം, മനുഷ്യൻ ഉൾപ്പെട്ട ബഹിരാകാശ യാത്രകളിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ ദൂരമെന്ന അപ്പോളോ 13-ന്റെ (Apollo 13) റെക്കോർഡ് മറികടന്നു. 1970-ൽ അപ്പോളോ 13 സ്ഥാപിച്ച 4,00,171 കിലോമീറ്റർ എന്ന ദൂരപരിധിയാണ് 56 വർഷങ്ങൾക്ക് ശേഷം ആർട്ടിമിസ് 2 തിരുത്തിക്കുറിച്ചത്. ആർട്ടിമിസ് 2 ദൗത്യത്തിലെ ഒറയോൺ (Orion) പേടകം ഭൂമിയിൽ നിന്ന് ഏകദേശം 4,06,777 കിലോമീറ്റർ (2,52,755 മൈൽ) ദൂരപരിധി പിന്നിട്ടു.

2026 ഏപ്രിൽ 2-നാണ് കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ലോകത്തിലെ ഏറ്റവും കരുത്തുറ്റ എസ്എൽഎസ് (SLS) റോക്കറ്റിൽ ആർട്ടിമിസ് 2 വിക്ഷേപിച്ചത്. ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങാതെ, ചന്ദ്രനെ വലംവെച്ച് തിരികെ വരുന്ന ഈ ദൗത്യം ഭാവിയിലെ ചാന്ദ്ര പര്യവേക്ഷണങ്ങൾക്കും ചൊവ്വാ ദൗത്യങ്ങൾക്കും മുന്നോടിയായുള്ളതാണ്. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോക്ക്, ജെറമി ഹാൻസൺ എന്നീ നാല് ബഹിരാകാശ സഞ്ചാരികളാണ് ഈ ചരിത്ര യാത്രയിലുള്ളത്.

നിലവിൽ ചന്ദ്രന്റെ ആകർഷണ വലയത്തിൽ പ്രവേശിച്ച പേടകം, ചന്ദ്രനെ വലംവെച്ച് ഭൂമിയിലേക്ക് മടങ്ങുന്നതിനിടയിൽ ചന്ദ്രന്റെ ഇതുവരെ കാണാത്ത ഭാഗങ്ങളുടെ ചിത്രങ്ങൾ പകർത്തും. ചന്ദ്രന് 6000 കിലോമീറ്റർ അടുത്തുവരെ പേടകം എത്തും. ലൂണാർ ഫ്ലൈബൈയ്ക്ക് ( ലൂണാർ ഫ്ലൈബൈ – ചന്ദ്രന്റെ ഗുരുത്വാകർഷണം ഉപയോഗിച്ച് ഒരു ‘യു-ടേൺ’ (U-turn) എടുത്ത് ഭൂമിയിലേക്ക് മടങ്ങുന്ന രീതിയാണിത്. ഇതിനെ ഫ്രീ-റിട്ടേൺ ട്രാജക്റ്ററി (Free-return trajectory) എന്നും വിളിക്കുന്നു.) ശേഷം ദൗത്യസംഘം ഭൂമിയിലേക്കു മടക്ക യാത്ര തുടങ്ങും. ഇതിനായി പേടകത്തിൻ്റെ ദിശ ക്രമീകരിക്കും. തിരികെയുള്ള യാത്രയ്ക്കു ശേഷം ഏപ്രിൽ 10ന് രാത്രി ഒൻപതോടെ പേടകം പസിഫിക് സമുദ്രത്തിൽ പതിക്കും. തുടർന്ന് യുഎസ് നേവിയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും പേടകത്തെയും യാത്രികരെയും വീണ്ടെടുക്കും.

You may also like

error: Content is protected !!