ബലിക്കാക്ക മരിച്ചു പോയവരുടെ ആത്മാവാണോ? അങ്ങനെ ഒരു വിശ്വാസം നമുക്കിടയിൽ പണ്ട് മുതൽക്ക് നിലനിൽക്കുന്നു. ബലി വെച്ച് കൈകൊട്ടി വിളിക്കുമ്പോൾ അവ പറന്നു വന്നു ബലിച്ചോർ കൊത്തിത്തിന്നാൽ ആത്മാവുകൾ സംപ്രീതരാകും എന്ന വിശ്വാസം. അച്ഛൻ തെക്കെ ഇറയത്തു അടുപ്പു കൂട്ടി ഉരുളിയിൽ ബലിച്ചോർ തയ്യാറാക്കി അത് തൂശനിലയിൽ ഉരുട്ടി വെക്കുമ്പോൾ ഞങ്ങൾ മക്കളും അച്ഛന്റെ കൂടെ ചേരുമായിരുന്നു ബാല്യത്തിലെ ആ ഓർമ്മ മുത്തച്ഛന്റെ ശ്രാദ്ധത്തിന് എല്ലാ വർഷവും ബലി വെച്ചതാണ്.
എങ്കിലും ഇക്കഴിഞ്ഞ ദിവസങ്ങളിൽ അമ്മവീടുമായി ബന്ധപ്പെട്ടു മൂന്ന് മരണങ്ങൾ സംഭവിച്ചു. ഫെബ്രുവരി എട്ടിനു കുഞ്ഞമ്മയുടെ മരണം. ദിവസങ്ങൾക്കു ശേഷം ആ കുഞ്ഞമ്മയുടെ മകളും മരിച്ചു. അസുഖബാധിത ആയിരുന്നതിനാൽ സഞ്ചയനത്തിൽ അവളോ ഞാനോ പോയിരുന്നില്ല. അന്ന് വൈകുന്നേരം പുറത്ത് നിന്നു സന്ധ്യയായപ്പോൾ കേട്ട കാക്കക്കരച്ചിലിന് അവൾ കാതോർത്തു. പിറ്റേന്ന് പറമ്പിൽ അന്നേ വരെ കാണാത്ത കരിമഷി ക്കറുപ്പുള്ള വലിയ ഒരു ബലിക്കാക്കയെ കണ്ട് അവൾ നൊമ്പരത്തോടെ എന്നോട് ചോദിച്ചു
“അമ്മച്ചി ആയിരിക്കുമോ അത്? “
“ആയിരിക്കും. നിന്നെ കാണാത്തത് കൊണ്ടു തേടി വന്നതാകും” ഞാൻ അവളെ സമാശ്വസിപ്പിച്ചു. അന്നവൾ അമ്മച്ചി ഉണ്ടാക്കുന്ന രുചിയുള്ള ഉണ്ണിയപ്പത്തിന്റെയും, ചെറുപയർ പരിപ്പ് പായസത്തിന്റെയും, പപ്പടവട യുടെയും കാര്യം പറഞ്ഞു. പിറ്റേന്നും ആ കാക്കയെ കണ്ടു. ആ ഞായറാഴ്ച അവൾ മോന്റെ ഒപ്പം ബാംഗ്ലൂർ പോയി. ബുധനാഴ്ച അപ്രതീക്ഷിതമായി അവളും വിട പറഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞു മുറ്റത്തു ഞാൻ ആ ബലിക്കാക്കയേയും കൂടെ അന്ന് വരെ കാണാത്ത ഒരു കുഞ്ഞു ബലിക്കാക്കയേയും കണ്ടു. അത് ചുണ്ട് പിളർത്തി കുട്ടിത്തം വിടാതെ മുറ്റത്തിരുന്നു. കാവൽ പോലെ അരികിൽ അമ്മക്കാക്കയും.
“അമ്മയും മോളും കൂടി ചേച്ചിയെ കാണാൻ വന്നതാകും.” അത് കണ്ടു നിന്ന എന്റെ സഹായി പറഞ്ഞു. ഞാൻ അവർക്കു കുറച്ച് ചോറ് ഇട്ടു കൊടുത്തു. അപ്പോൾ മുതൽ എന്റെ മനസ്സിലും അങ്ങനെ ഒരു ചിന്ത കടന്ന് വന്നു. ശരിയായിരിക്കുമോ? അവർ എന്നെ കാണാൻ വന്നതായിരിക്കുമോ? രണ്ടു പേർക്കും എന്നെ ഇഷ്ടമായിരുന്നു. എനിക്ക് അവരെയും.
അന്ന് മാത്രമേ അവരെ കണ്ടുള്ളു. പിന്നീട് ഒരിക്കലും കണ്ടിട്ടില്ല. കൂട്ടുകാരി ഇത്തവണ മുറ്റത്തു അടുപ്പു കൂട്ടി പൊങ്കാല ഇട്ടപ്പോഴും ചുറ്റിനും പറന്നു വന്നത് കാവതിക്കാക്കകൾ ആയിരുന്നു. എന്റെ കണ്ണുകൾ അപ്പോഴും തിരഞ്ഞത് ആ രണ്ടു ബലിക്കാക്കകളെ ആയിരുന്നു. പക്ഷെ അവർ വന്നില്ല. ആ ആത്മാവുകൾ ഭൂമി വിട്ടു പോയി കാണുമോ?
മരണാനന്തരം എന്തെന്ന് ഇത് വരെ ആർക്കും അറിയില്ല. പിന്നെ ആത്മാവ് ഉണ്ടോ.? അവർ ബലിക്കാക്കകൾ ആയി വരുമൊ? പൂക്കളും പക്ഷികളും പറവകളും ആയി വീണ്ടും ജനിക്കുമോ? ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ
ചോദിക്കാം എന്നല്ലാതെ ജീവിച്ചിരിക്കുന്നവർക്കാർക്കും ഇതിനു ത്തരമുണ്ടാകില്ല. കാരണം മരിച്ചവർ ആരും ഇന്ന് വരെ തിരികെ വന്നിട്ടുമില്ലല്ലോ .
പി.സീമ


