കൊച്ചി: രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലെ ‘മൈ ഫോണ്‍ നമ്പര്‍ ഈസ്…’ എന്ന് തുടങ്ങുന്ന മോഹന്‍ലാല്‍ ഡയലോഗിലൂടെ മലയാളിയുടെ ഉള്ളില്‍ പതിഞ്ഞുപോയ നാലക്കങ്ങളായ 2255 എന്ന ഇഷ്ട നമ്പര്‍ സ്വന്തമാക്കി സിനിമാ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. KL 07 DH 2255 എന്ന നമ്പര്‍ 3,20,000 രൂപ നല്‍കിയാണ് ആന്റണി പെരുമ്പാവൂര്‍ സ്വന്തമാക്കിയത്.
എറണാകുളം ആര്‍ടി ഓഫീസിലാണ് വാശിയേറിയ നമ്പര്‍ ലേലം നടന്നത്. ഈ നമ്പറിനായി നാലുപേരാണ് ലേലത്തില്‍ പങ്കെടുത്തത്. അടിസ്ഥാന വിലയില്‍ ആരംഭിച്ച ലേലത്തില്‍ മത്സരം ഏറിയതോടെയാണ് നമ്പറിന്റെ വില മൂന്ന് ലക്ഷം രൂപ കടന്നത്. 72 ലക്ഷം രൂപ വില വരുന്ന വോള്‍വോ XC60-യുടെ പുതിയ പതിപ്പാണ് ആന്റണി പെരുമ്പാവൂര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ വാഹന ശേഖരത്തിലെത്തിച്ചത്. അടുത്തിടെ മോഹന്‍ലാന്‍ സ്വന്തമാക്കിയ കാരവാനിനും 2255 എന്ന നമ്പര്‍ സ്വന്തമാക്കിയിരുന്നു. KL 07 CZ 2255 എന്ന നമ്പറായിരുന്നു അദ്ദേഹത്തിന്റെ കാരവാനിനായി സ്വന്തമാക്കിയത്.