Tuesday, January 13, 2026
Mantis Partners Sydney
Home » ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭം ആളിപടരുന്നു; ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ആവിശ്യപ്പെട്ട് ഇന്ത്യ
ആയത്തുള്ള അലി ഖമേനി.

ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭം ആളിപടരുന്നു; ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ആവിശ്യപ്പെട്ട് ഇന്ത്യ

by Editor

ടെഹ്റാൻ: ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭം ഒൻപതാം ദിനവും തുടരുന്നു. 78 നഗരങ്ങളിലേക്കും 26 പ്രവിശ്യകളിലേക്കും പടർന്ന പ്രതിഷേധങ്ങളിൽ ഇതുവരെ 35പ്രക്ഷോഭകരും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. 50 ലധികം പ്രതിഷേധക്കാർക്ക് വെടിവയ്‌പ്പിൽ പരിക്കേറ്റതായും കുറഞ്ഞത് 990 പേരെ ഇറാനിയൻ സുരക്ഷാ സേന അറസ്റ്റ് ചെയ്തതായും മനുഷ്യാവകാശ കേന്ദ്രീകൃത വാർത്താ ഏജൻസിയായ എച്ച്ആർഎഎൻഎ റിപ്പോർട്ട് ചെയ്യുന്നു. പടിഞ്ഞാറൻ ഇറാനിലും ഗ്രാമീണ മേഖലകളിലും സുരക്ഷാ സൈന്യവും പ്രക്ഷോഭകരും തമ്മിൽ തെരുവ് യുദ്ധം തുടരുകയാണ്.

സമരക്കാരെ നേരിടാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി ഉത്തരവിട്ടതോടെ പൊലീസും ഐആർജിസി വിഭാഗവും നടപടി കടുപ്പിച്ചു. ഇലാം നഗരത്തിലെ ആശുപത്രിയിൽ റെയ്‌ഡ് നടത്തി കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സൈന്യം പിടിച്ചെടുത്തതായി മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു. കുർദിഷ്, ലോർ ന്യൂനപക്ഷ മേഖലകളിലാണ് പ്രക്ഷോഭം ഏറ്റവും രൂക്ഷമായിരിക്കുന്നത്. ശനിയാഴ്‌ച മാത്രം നാല് കുർദിഷ് വംശജർ വെടിയേറ്റു മരിച്ചതായാണ് വിവരം.

2022-23 കാലഘട്ടത്തിൽ മഹ്സ അമിനിയുടെ മരണത്തെ തുടർന്നുണ്ടായ പ്രക്ഷോഭത്തിന് ശേഷം ഇറാൻ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണിത്. രാജ്യത്തെ 31 പ്രവിശ്യകളിൽ 23 എണ്ണവും ഇപ്പോൾ സമരഭൂമിയാണ്. പലയിടങ്ങളിലും പൊലീസ് സ്റ്റേഷനുകൾക്ക് നേരെ ആക്രമണമുണ്ടാകുന്നതായും റിപ്പോർട്ടുകളുണ്ട്. രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ രൂക്ഷമാവുകയും കാര്യങ്ങൾ കൈവിട്ടുപോകുകയും ചെയ്താൽ ഖമേനി റഷ്യയിലേക്ക് പലായനം ചെയ്യാൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.

പ്രതിഷേധക്കാർക്ക് നേരെയുള്ള വെടിവെപ്പ് തുടർന്നാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാൻ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും കലാപകാരികളെ അടിച്ചമർത്താൻ തങ്ങൾക്കറിയാമെന്നുമാണ് ഖമനേയിയുടെ മറുപടി. ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെയും ഈ പ്രക്ഷോഭം വഷളാക്കിയിരിക്കുകയാണ്.

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. യാത്ര ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചു. സാഹചര്യം ഇപ്പോഴും അനിശ്ചിതമായി തുടരുന്നതിനാൽ, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചു. നിലവിലെ സുരക്ഷാ സ്ഥിതി നിരന്തരം വിലയിരുത്തുന്നുണ്ടെന്നും ആവശ്യമായാൽ കൂടുതൽ നിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും അധികൃതർ അറിയിച്ചു.

‘ഇറാനിൽ പ്രതിഷേധക്കാരെ വെടിവച്ചാൽ യുഎസ് ഇടപെടും’: മുന്നറിയിപ്പുമായി ട്രംപ്

Send your news and Advertisements

You may also like

error: Content is protected !!