കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ കിഴക്കൻ മേഖലയെ ഉലച്ച അതിശക്തമായ ഭൂകമ്പത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടയിൽ വീണ്ടും റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ജലാലാബാദിന് 34 കിലോമീറ്റർ അകലെയാണ് പ്രഭവ കേന്ദ്രം. ഇതേ മേഖലയിലാണ് കഴിഞ്ഞ ദിവസവും ഭൂകമ്പമുണ്ടായത്. രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഭൂചലനത്തിൽ ഇതുവരെ 1411 മരണം സ്ഥിരീകരിച്ചു. ഒട്ടേറെപ്പേർ അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യത. അതിനിടെയാണ് വീണ്ടും ഭൂകമ്പമുണ്ടായത്.
ഹിന്ദുകുഷ് പര്‍വത മേഖലയില്‍ പാക് അതിര്‍ത്തിയോട് ചേര്‍ന്ന കുനാര്‍, നംഗര്‍ഹര്‍ പ്രവിശ്യകളെയാണ് ഞായറാഴ്ച രാത്രിയുണ്ടായ ഭൂകമ്പം രൂക്ഷമായി ബാധിച്ചത്. ഒട്ടേറെ ഗ്രാമങ്ങള്‍ പൂര്‍ണമായും തകര്‍ന്നടിഞ്ഞു. ഭൂകമ്പത്തിന് പിന്നാലെ ഈ മേഖലകളില്‍ കനത്ത മഴയുണ്ടായതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. മണ്ണിടിച്ചില്‍ ഭീഷണിയും നേരിടുന്നുണ്ട്. ഇതുവരെ 40 സൈനിക വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലുമായി പരിക്കേറ്റവരും മരിച്ചവരും ഉള്‍പ്പെടെ 420 പേരെ ദുരന്തബാധിത മേഖലകളില്‍നിന്ന് കൊണ്ടു വന്നതായി അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഡോക്ടർമാരില്ലാതെയും ആശുപത്രികള്‍ ഇല്ലാതെയും അഫ്ഗാൻ ജനത ഭൂകമ്പത്തിന് മുന്നിൽ പകച്ചുനിൽക്കുകയാണ്.
കാബൂളിലേക്ക് ആയിരം ടെന്‍റുകള്‍ അയച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. 15 ടണ്‍ ഭക്ഷ്യ വസ്തുക്കളും ഇന്ത്യയില്‍നിന്ന് അഫ്ഗാനിലേക്ക് എത്തിച്ചു. ഇന്ന് മുതല്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ സഹായം ഇന്ത്യയില്‍നിന്ന് അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് സഹായം എത്തിക്കാന്‍ തയ്യാറാണെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് അറിയിച്ചു.