മുംബൈ: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് അനില്‍ അംബാനിയുടെ സ്ഥാപനങ്ങളിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) റെയ്‌ഡ്. റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ ഡൽഹിയിലെയും മുംബൈയിലെയും സ്ഥാപനങ്ങളിൽ ആണ് റെയ്‌ഡ് നടക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലുമായി ഏതാണ്ട് 35 സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്. 50 കമ്പനികള്‍, 25 വ്യക്തികളുടെ സ്ഥലങ്ങള്‍ ഉള്‍പ്പെടെയാണ് പരിശോധന.
2017 – 19 കാലത്ത് യെസ് ബാങ്കിൽനിന്ന് 3,000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടന്നതുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡെന്നാണ് പുറത്തുവരുന്ന വിവരം. വലിയതോതിലുള്ള സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് സിബിഐ രണ്ടു കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. മുന്‍ യെസ് ബാങ്ക് പ്രൊമോട്ടര്‍മാര്‍ ഉള്‍പ്പെട്ട കൈക്കൂലി ആരോപണവും പരിശോധനയിലുണ്ട്. വായ്പാ നിബന്ധനകള്‍ ലംഘിച്ച്, ഷെല്‍ കമ്പനികളിലൂടെയും പ്രൊമോട്ടര്‍മാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലൂടെയാണോ ഫണ്ടുകള്‍ വകമാറ്റിയതെന്നും വായ്പകള്‍ അനുവദിക്കുന്നതിന് മുമ്പ് തന്നെ പ്രൊമോട്ടര്‍മാര്‍ക്ക് പണം ലഭിച്ചിട്ടുണ്ടോ എന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിച്ചുവരികയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റിലയന്‍സ് ഹോം ഫിനാന്‍സ് കേസുമായി ബന്ധപ്പെട്ട് മാര്‍ക്കറ്റ് റെഗുലേറ്ററായ ‘സെബി’യും തങ്ങളുടെ കണ്ടെത്തലുകള്‍ ഇഡിയുമായി പങ്കുവെച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് റെയ്‌ഡ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ബാങ്കുകളെയും ഓഹരിയുടമകളെയും നിക്ഷേപകരെയും മറ്റു പൊതുസ്‌ഥാപനങ്ങളെയും കബളിപ്പിച്ച് ജനങ്ങളുടെ പണം തട്ടിയെടുക്കാൻ കൃത്യമായ ആസൂത്രണത്തോടെ പദ്ധതി നടപ്പാക്കിയെന്നാണ് ഇ.ഡിയുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. മുതിർന്ന ബാങ്ക് ഉദ്യോഗസ്‌ഥർക്ക് ഉൾപ്പെടെ കൈക്കൂലി നൽകിയെന്നാണ് സംശയിക്കുന്നത്. യെസ് ബാങ്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നപ്പോൾ വായ്‌പ തിരിച്ചടക്കാത്തതിനാൽ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്റെ മുംബൈയിലെ ആസ്ഥാന മന്ദിരം ഉൾപ്പെടെയുള്ള ഓഫിസുകൾ യെസ് ബാങ്ക് പിടിച്ചെടുത്തിരുന്നു. റിലയൻസ് ഇൻഫ്രാസ്ട്രക്‌ചറിന് അനുവദിച്ച ഏകദേശം 2,892 കോടി രൂപയുടെ വായ്‌പ തിരിച്ചടയ്ക്കാത്തതായിരുന്നു ഇതിനു കാരണം.