കെയ്റോ: ഈജിപ്തിലെ ബെഹൈറ ഗവർണറേറ്റിലുള്ള വാദി എൽ-നട്രൂണിൽ (Wadi El Natrun) നിന്ന് നാലാം നൂറ്റാണ്ടിലെ ക്രൈസ്തവ ആശ്രമം കണ്ടെത്തി. ലോകത്തിലെ തന്നെ ആദ്യകാല ക്രൈസ്‌തവ സന്യാസ സമൂഹങ്ങളിലൊന്നിൻ്റെ ശേഷിപ്പുകൾ ആണ് പുരാവസ്‌തു ഗവേഷകർ ഈജിപ്ഷ്യൻ മരുഭൂമിയിൽ കണ്ടെത്തിയത്. ഈജിപ്ഷ്യൻ ടൂറിസം, പുരാവസ്‌തു മന്ത്രാലയമാണ് കഴിഞ്ഞ മാർച്ചിൽ നടന്ന ഈ നിർണായക കണ്ടെത്തലിന്റെ വിവരം പുറത്തുവിട്ടത്. ഈജിപ്തിലെ സുപ്രീം കൗൺസിൽ ഓഫ് ആന്റിക്വിറ്റീസും കെയ്‌റോ യൂണിവേഴ്‌സിറ്റിയും സംയുക്തമായാണ് ഈ ഗവേഷണം നടത്തിയത്.
പുരാതന കാലത്ത് ഈ പ്രദേശം ‘സ്കിറ്റിസ്’ എന്നാണ് അറിയപ്പെട്ടിരുന്നത്. നാലാം നൂറ്റാണ്ടിൽ നൂറുകണക്കിന് സന്യാസികൾ താമസിച്ചിരുന്ന ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ക്രൈസ്തവ ആത്മീയ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഇത്. നാലാം നൂറ്റാണ്ടിലെ യഥാർത്ഥ കെട്ടിടങ്ങളിൽ പലതും പിൽക്കാലത്ത് പുതുക്കിപ്പണിതിട്ടുണ്ടെങ്കിലും, ആ കാലഘട്ടത്തിലെ സന്യാസ രീതികളും ഗുഹകളും ഇന്നും ചരിത്രപരമായ പ്രാധാന്യത്തോടെ നിലനിൽക്കുന്നു.
ഇപ്പോൾ കണ്ടെത്തിയതിൽ ഏകദേശം 21,528 ചതുരശ്ര അടി വിസ്‌തീർണ്ണമുള്ള ഈ ബൃഹത്തായ ആശ്രമ സമുച്ചയം അക്കാലത്തെ വാസ്തുവിദ്യാ മികവിൻ്റെ അടയാളമാണ്. മൂന്ന് അടിയിലേറെ കനമുള്ള മതിലുകളും ഏഴ് അടി വരെ ഉയരമുള്ള മുറികളും ഇതിനുണ്ട്. സന്യാസിമാരുടെ താമസമുറികൾ, അടുക്കളകൾ, ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കാനുള്ള സംഭരണ കേന്ദ്രങ്ങൾ, വലിയ അടുപ്പുകൾ എന്നിവ ഉൾക്കൊള്ളുന്ന കെട്ടിടങ്ങൾ ഒരു തുറന്ന മുറ്റത്തിന് ചുറ്റുമായാണ് നിർമ്മിച്ചിരിക്കുന്നത്. ഇഷ്‌ടികകൾ കൊണ്ട് നിർമ്മിച്ച നിലവറകളും താഴികക്കുടങ്ങളും ഉൾപ്പെടെ വിവിധ രീതിയിലുള്ള മേൽക്കൂര സംവിധാനങ്ങളും ഇവിടെ ഉപയോഗിച്ചിട്ടുണ്ട്.
ആശ്രമത്തിന്റെ ചുവരുകളിൽ അക്കാലത്തെ വിശ്വാസ ജീവിതത്തെ അടയാളപ്പെടുത്തുന്ന നിരവധി ചിത്രങ്ങളും ലിഖിതങ്ങളും ഗവേഷകർ കണ്ടെത്തി. കുരിശുകൾ, ഈന്തപ്പനകൾ, സസ്യങ്ങൾ, വിവിധ ജ്യാമിതീയ രൂപങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ചുമർ ചിത്രങ്ങൾ ഇതിൽ പ്രധാനമാണ്. സന്യാസികളുടെ പേരുകളും പ്രാർത്ഥനകളും അടങ്ങിയ കോപ്റ്റിക് (Coptic) ലിഖിതങ്ങൾ അവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. മഠത്തിനുള്ളിൽ തന്നെ സന്യാസികളുടേതെന്ന് കരുതപ്പെടുന്ന കല്ലറകളും കണ്ടെത്തിയിട്ടുണ്ട്.
ക്രിസ്തീയ സന്യാസ പാരമ്പര്യം അതിൻ്റെ പ്രാരംഭ ഘട്ടത്തിൽ എങ്ങനെയായിരുന്നുവെന്ന് മനസിലാക്കാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്ന് ഗവേഷകർ വിശ്വസിക്കുന്നു. “ജീവന്റെ മരം” (Wood of Life) എന്ന് അർത്ഥം വരുന്ന അപൂർവ്വമായ ഗ്രീക്ക് ലിഖിതങ്ങളോടു കൂടിയ ചുവർ ചിത്രങ്ങൾ കണ്ടെത്തിയത്, ഈജിപ്ഷ്യൻ സന്യാസ പ്രസ്ഥാനത്തിന് അക്കാലത്തെ ഗ്രീക്ക് സംസാരിക്കുന്ന ബൈസാന്റൈൻ ലോകവുമായുണ്ടായിരുന്ന ബന്ധത്തെ സൂചിപ്പിക്കുന്നു.
സമുച്ചയത്തിൻ്റെ വാസ്‌തുവിദ്യാ സവിശേഷതകളെക്കുറിച്ചും ലിഖിതങ്ങളെക്കുറിച്ചും കൂടുതൽ ശാസ്ത്രീയമായ പഠനങ്ങൾ നടത്താനാണ് പുരാവസ്തു വകുപ്പിൻ്റെ തീരുമാനം. മണൽക്കാടിനടിയിൽ ഇത്രയും കാലം ഭദ്രമായിരുന്ന ഈ കേന്ദ്രം ചരിത്രകാരന്മാർക്കും വിശ്വാസികൾക്കും ഒരേപോലെ ആവേശം നൽകുന്നതാണ്.
പുരാതന കാലത്ത് ഈ പ്രദേശം ‘സ്കിറ്റിസ്’ എന്നാണ് അറിയപ്പെട്ടിരുന്നത്. നാലാം നൂറ്റാണ്ടിൽ നൂറുകണക്കിന് സന്യാസികൾ താമസിച്ചിരുന്ന ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ക്രൈസ്തവ ആത്മീയ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഇത്.

