വീട്ടുമുറ്റത്തെ മതിലിനോട് ചേർന്ന് നിൽക്കുന്ന ഒരു വരിക്കപ്ലാവ് സന്ദർശകരായ ആരുടേയും ശ്രദ്ധയിൽ പെടാറുണ്ട്. അനേകവർഷങ്ങൾ കുടുംബത്തിനും അയൽക്കാർക്കും അല്പം ദൂരെയുള്ളവർ വന്ന് കൊണ്ടുപോകും വിധം മനസ്സിൽ മായാതെ നിൽക്കുന്ന മധുരമുള്ള ചക്കപ്പഴം പ്രദാനം ചെയ്ത, എന്റെ പിതാവിന്റെ പ്രായമുള്ള പ്ലാവാണ്. എന്റെ പിതാവ് മറക്കാൻ ആകാത്ത ഓർമ്മകൾ അവശേഷിപ്പിച്ചുകൊണ്ട് അക്കരെ ദേശത്തേക്ക് കടന്നുപോയിട്ടും ആ പ്ലാവ് ഇന്നും നിശ്ശബ്ദസാക്ഷിയായി അവിടെ തന്നെ നിൽക്കുന്നു. ശിഖരങ്ങൾക്ക് കേടുപാടുകളും ഇലച്ചാർത്തുകൾക്ക് വളർച്ചക്കുറവും ഒക്കെ ഉണ്ടെങ്കിലും സ്നേഹമയിയായ മാതാവിനെപ്പോലെ 2 മാസം മുൻപ് വരെ തന്റെ ഫലങ്ങൾ കൊണ്ട് സ്നേഹം ചൊരിഞ്ഞുകൊണ്ടിരിക്കുന്ന ആ പ്ലാവിനെ ഇപ്പോൾ ഓർമ്മിക്കാൻ കാരണം ഒരു സഭാപിതാവാണ്. മലങ്കര ഓർത്തഡോക്സ് സഭയെന്ന വടവൃക്ഷത്തിന്റെ തണലിൽ നിൽക്കുന്ന നമ്മളിൽ പലരും ആ വൃക്ഷത്തിന്റെ വളർച്ചയ്ക്ക് വെള്ളവും വളവും ഏകിയവരെയും മധുരകരമായ അനുഭവങ്ങൾ നല്കിയവരെയും ശ്രദ്ധിക്കുകയോ സ്മരിക്കുകയോ ചെയ്യാതെ പോകുന്നതാണ് പതിവ്. സഭയുടെ ഭാഗമായിരിക്കുമ്പോൾ തന്നെ സമൂഹത്തിനും ഒപ്പം നടന്നുനീങ്ങിയവർക്കും അനുപേക്ഷണീയവും അനുകരണീയവും മധുരതരവുമായ മാതൃകകൾ കാട്ടിത്തന്ന പിതാക്കന്മാരിലൊരാളെയാണ് നാം ഇന്ന് സ്മരിക്കുന്നത്. അലക്സിയോസ് മാർ തേവോദോസിയോസ് എന്ന വ്യത്യസ്തനും തീക്ഷ്ണവാനും സഭയ്ക്ക് വിവിധ മേഖലകളിൽ അർത്ഥവത്തായ വളർച്ചയ്ക്ക് വിത്തുപാകിയ ഗുരുവുമായിരുന്നു നമ്മുടെ സ്മര്യപുരുഷൻ. ലോകത്തിന്റെ മോഹ-ആകുല-ആസക്തികളിൽ നിന്ന് വിടുതൽ നേടുവാൻ മലങ്കരസഭയെ ഉപദേശത്താലും സ്വജീവിതമാതൃകയാലും പഠിപ്പിച്ച ബഥനി എന്ന ആശ്രമസമൂഹത്തിന്റെ പിതാവുമായിരുന്നു ആബോ അലക്സിയോസ് എന്നറിയപ്പെട്ടിരുന്ന മാർ തേവോദോസ്യോസ്.
പെരുനാട് ബഥനി ആശ്രമത്തിന്റെ ജനനസമയത്ത് സന്നിഹിതനും പിന്നീട് ആശ്രമം നേരിടേണ്ടിവന്ന അപ്രതീക്ഷിത-സമ്മിശ്ര-അനുഭവങ്ങളാൽ ഉള്ള വിളർച്ചയും തളർച്ചയും നേരിട്ട് കണ്ട, ആ ശക്തിക്ഷയത്തിന്റെ വേളകളിൽ മഹാമേരുവിനെപ്പോലെ ശക്തമായ നേതൃത്വം നൽകിയ പിതാവായിരുന്നു അലക്സിയോസ് മാർ തേവോദോസിയോസ് എന്ന, റാന്നി-പെരുനാട് ബെഥനി ആശ്രമത്തിന്റെ സ്ഥാപകൻ. മലങ്കര ഓർത്തഡോക്സ് സഭയുടെ സ്വത്തും സമ്പത്തും മൂല്യവും വളർന്നത് ഇന്ന് പലർക്കും അറിയാത്ത, എന്നാൽ അഭിമാനസ്തംഭങ്ങളായ ഇതേപോലെയുള്ള പിതാക്കന്മാരിൽ കൂടിയാണ് എന്ന് പറഞ്ഞാൽ അത് ഒട്ടും അതിശയോക്തിയല്ല. ദൈവസാന്നിധ്യമെന്ന സൂര്യശോഭയെ മറയ്ക്കുവാൻ ഉതകുന്ന ലൌകികതയുടെ ധൂമകേതുക്കളും വികല ആത്മീയതയുടെ ചാന്ദ്രകിരണങ്ങളും സാന്നിധ്യം തെളിയിക്കുന്ന ഈ വർത്തമാനകാലത്ത് അലക്സിയോസ് മാർ തേവോദോസ്യോസ് പോലെയുള്ള സമാനതകളിലാത്ത പിതാക്കന്മാർ ചരിത്രത്തിന്റെ വെള്ളിത്തിരയിൽ തെളിഞ്ഞുനില്കേണ്ടതാണ്. അത്തരം പരിചയപ്പെടുത്തലുകൾ ഇന്നിന്റെ ആവശ്യമെന്ന ബോധ്യത്തോടെയാണ് ഈ ലഘുജീവിതസൂചികയെ അനാവരണം ചെയ്യട്ടെ:
ജീവിതനാൾ വഴികൾ
ജനനം : നിരണം മട്ടയ്ക്കൽ കുടുംബത്തിൽ [1888 ഓഗസ്റ്റ് 28]
പ്രാഥമിക വിദ്യാഭ്യാസം : എം. ജി. എം. സ്കൂൾ, തിരുവല്ല,
ഹൈസ്കൂൾ വിദ്യാഭ്യാസം: എം. ഡി. സെമിനാരി സ്കൂൾ, കോട്ടയം,
ഇന്റർമീഡിയേറ്റ് പഠനം : സി. എം. എസ് കോളേജ്, കോട്ടയം (1912-15),
വേദശാസ്ത്രപഠനം : ബാരിസോൾ ഡിവിനിറ്റി കോളേജ്, ഈസ്റ്റ് ബംഗാൾ (1915-17),
വേദശാസ്ത്രബിരുദപഠനം: സെറാംപൂർ യൂണിവേർസിറ്റി (1918),
ബഥനി ആശ്രമം സ്ഥാപനം പ്രാരംഭനടപടികളിൽ ഭാഗഭാക്കാവുന്നു (1918 )
മലയാ, സിംഗപ്പൂർ എന്നീ പ്രദേശങ്ങളിൽ സഭാപ്രവർത്തനം (1928-29),
ഉപരിഗവേഷണം : മെർഫീൽഡ് റിസറക്ഷൻ കോളേജ്, ഇംഗ്ലണ്ട് (1930),
ബഥനി ആശ്രമത്തിന്റെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നു: 1930 സെപ്റ്റംബർ 20,
വിശുദ്ധനാട് സന്ദർശിക്കുന്നു : 1933, അഖില ലോക സഭാ കൌൺസിൽ (WCC)-യുടെ രൂപീകരണത്തിന് വഴിയൊരുക്കിയ ‘ഫെയിത്ത് ആൻഡ് ഓർഡർ’ സമ്മേളനത്തിലും എഡിൻബറോയിൽ നടന്ന ‘ലൈഫ് ആൻഡ് വർക്ക്’ സമ്മേളനത്തിലും പങ്കെടുക്കുന്നു : 1937, അഖില ലോക സഭാ കൌൺസിൽ (WCC)-യുടെ ആംസ്റ്റർഡാം അസംബ്ലിയിൽ മലങ്കരസഭയെ പ്രതിനിധീകരിച്ച് പങ്കെടുത്തു (1948), അഖില ലോക യുവജന സമ്മേളനത്തിൽ മുഖ്യനേതൃത്വം വഹിക്കുകയുണ്ടായി (1952), അഖില ലോക സഭാ കൌൺസിൽ (WCC)-യുടെ ലക്നൌ സമ്മേളനത്തിൽ മുഖ്യസംഘാടകൻ എന്ന വിധം പ്രവർത്തിക്കുകയുണ്ടായി (1952), വിദ്യാർത്ഥിപ്രസ്ഥാനം, മർത്തമറിയം സമാജം എന്നിവയുടെ പ്രസിഡന്റ് ആയി പ്രവർത്തിക്കുകയുണ്ടായി (1951 -54).
മിഷനറി പ്രവർത്തനങ്ങൾ
കോട്ടപ്പുറം കേന്ദ്രമാക്കി, തെക്ക് കന്യാകുമാരി മുതൽ കിഴക്ക് സഹ്യപർവ്വതനിര വരെയും നീണ്ട കൊല്ലം ഭദ്രാസനത്തിന്റെ ആത്മീയപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മദ്രാസ് കേന്ദ്രീകരിച്ച് ‘ഇൻഡ്യൻ ഓർത്തോഡോക്സ് മിഷൻ’-ന് പ്രാരംഭം കുറിച്ചു, 1947 ഒക്ടോബർ 2 മുതൽ നവംബർ 30 വരെ തമിഴ്നാട്ടിലെ മധുര, തൃശ്ശിനാപ്പള്ളി, മദ്രാസ്, കുന്നൂർ, കോയമ്പത്തൂർ എന്നീ സ്ഥലങ്ങളിലേക്ക് മിഷനറി യാത്ര നടത്തി. 1948 ഫെബ്രുവരി – ഏപ്രിൽ മാസങ്ങളിൽ തെക്കേയിന്ത്യ മുതൽ വടക്കേയിന്ത്യ വരെയുള്ള മേഖലയിലെ ബാംഗ്ലൂർ, സെക്കണ്ടറബാദ്, പൂനെ, ജബൽപ്പൂർ, അലഹബാദ്, കൽക്കട്ട, ഡൽഹി എന്നീ സ്ഥലങ്ങളിലേക്ക് മിഷൻ സംബന്ധമായ യാത്ര നടത്തുകയും ദൈവവചനഘോഷണം നടത്തുകയും ചെയ്തു.
ഇംഗ്ലണ്ട് (1933), ഗ്രീസ് (1937), സിലോൺ ~ ശ്രീലങ്ക (1939, 1941) എന്നിവിടങ്ങളിലെ കന്യാസ്ത്രീ മഠങ്ങൾ സന്ദർശിച്ച് അവിടെ പ്രാവർത്തികമാക്കിയതായി കണ്ട ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ട് 1940 ജൂൺ 28-ന് തിരുവല്ല ബാലികാമഠം ചാപ്പലിൽ വച്ച് ബഥനി മഠത്തിന് പ്രാരംഭം കുറിക്കുകയും പിന്നീട് (1942 മെയ് മാസത്തിൽ) റാന്നി പെരുനാട് ബഥനി ആശ്രമത്തിന്റെ സ്വന്തം വീട്ടുവളപ്പിലേക്ക് മഠം മാറ്റി സ്ഥാപിക്കുകയും ചെയ്തു. ബിഷപ്പ് പെക്കൻഹാം വാൽഷ് പോലെ സഭയെയും സഭയുടെ ആചാരാനുഷ്ഠാനങ്ങളെയും സ്നേഹിക്കുകയും സ്വാംശീകരിക്കുന്നതിൽ മടികാണിക്കാതിരിക്കയും ചെയ്ത വിദേശസഭകളിലെ പിതാക്കന്മാരെ മാതൃസഭയ്ക്കായി ഉൾക്കൊള്ളുവാനും അവരുടെ ഉപദേശങ്ങൾ സഭയ്ക്കായി ഉപയോഗിക്കുവാനും തിരുമേനി സന്നദ്ധനായിരുന്നു.
അഭിഷിക്തനായി സഭാസേവനം
ശെമ്മാശപട്ടം നല്കപ്പെടുന്നു : കോട്ടയം ചെറിയപ്പള്ളി (1907), വൈദികനായി ഉയർത്തപ്പെടുന്നു : പരുമല സെമിനാരി (1918), ബഥനി സന്യാസസമൂഹത്തിലെ അംഗമാകുന്നു (1920), മെത്രാപ്പോലീത്തായായി വാഴിക്കപ്പെടുന്നു : മുളന്തുരുത്തി കർമ്മേൽ ദയറാ, (1938 ഏപ്രിൽ 7), കൊല്ലം, ബാഹ്യകേരള ഭദ്രാസനങ്ങളുടെ അധിപനായി ചുമതലയേൽക്കുന്നു : 1938, പിതൃസന്നിധിയിലേക്ക് വിളിക്കപ്പെടുന്നു: പെരുനാട് ബഥനി ആശ്രമത്തിൽ കബറടക്കപ്പെടുന്നു (1965 ഓഗസ്റ്റ് 6).
2015-ൽ ആ പിതാവിന്റെ ചരമ സുവർണ്ണജൂബിലി വേളയിൽ പ. സഭ അദ്ദേഹത്തിന് “മലങ്കരയുടെ ധർമ്മ യോഗി” എന്ന ബഹുമാന്യനാമം നൽകി ആദരിക്കുകയുണ്ടായി.
പറയിൻകീഴിലെ വിളക്ക്
“മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല. വിളക്കു കത്തിച്ച് പറയിൻകീഴല്ല തണ്ടിന്മേലത്രേ വയ്ക്കുന്നത്. അപ്പോൾ അത് വീട്ടിലുള്ള എല്ലാവർക്കും പ്രകാശിക്കുന്നു” എന്ന വി. മത്തായി എഴുതിയ സുവിശേഷത്തിലെ 5-ആം അദ്ധ്യായം 14, 15 വാക്യങ്ങൾ മാർ തെവോദോസ്യോസിനെ സംബന്ധിച്ച് ഏറ്റവും യോജിച്ചതാണ്. ആ പിതാവ് മലമേൽ ശോഭിക്കുന്ന വിളക്ക് പോലെ മലങ്കരസഭയ്ക്ക് ആകമാനം പ്രഭാപൂരം ചൊരിയേണ്ട തിളക്കമേറിയ വ്യക്തിത്വം ആയിരുന്നു എന്ന് അദ്ദേഹത്തെ പഠിക്കുന്ന ആർക്കും മനസിലാക്കാവുന്ന കാര്യമാണ്. മലങ്കര ഓർത്തോഡോക്സ് സഭയുടെ ഇരുവായ്ത്തലയുള്ള വാൾ ആയിട്ടും അനാവശ്യമായി രക്തം ചിന്താതെയും, സഭാവിജ്ഞാനീയത്തിന്റെ ഉജ്ജ്വലനായ അദ്ധ്യാപകനും, ഓർത്തോഡോക്സി എന്ന ജീവിതചര്യയുടെ ശക്തനായ പോരാളിയും തേരാളിയും ആയിട്ടും, പൌരോഹിത്യഗുരുസ്ഥാനീയരുടെ മുന്നിൽ അനുസരണയുള്ള ശിഷ്യനായിരുന്നിട്ടും, കാതോലിക്കേറ്റും മലങ്കര സഭയുടെ സ്വാതന്ത്ര്യവും അടിയറ വയ്ക്കാൻ പറ്റാത്തത്ര വിലയേറിയതാണെന്ന ഉത്തമ ബോധ്യം ഉണ്ടായിരുന്നിട്ടും, ഒപ്പം നിന്ന് രൂപം കൊടുത്ത ആശ്രമപ്രസ്ഥാനത്തിന്റെ സ്വത്തുക്കളും നാഡീഞരമ്പുകൾ പോലും സഹയാത്രികർ ഊരിയെടുത്തുകൊണ്ട് പോകുന്നതിന് ദൃക്സാക്ഷിയായിട്ടും, സഭയ്ക്കായി അന്ത്യനിമിഷം വരെ അവസാനിക്കാത്ത പോരാട്ടവീര്യത്തോടെ അണയാതെ എരിഞ്ഞ സഭയുടെ തേജസ്സേറിയ ദീപസ്തംഭം ആയിരുന്നു ആ പിതാവ്. എന്നാൽ സഭയ്ക്കായി ആടുകളുടെ ഇടയനായി ആ മഹാനായ പിതാവ് പ്രസരിപ്പിച്ച തത്വദീക്ഷയും വിശ്വാസതീക്ഷ്ണതയും എന്തുകൊണ്ടോ ഇന്നും പറയിൻകീഴിലെ വിളക്കായി മാത്രം കാണപ്പെടുന്നു.
വിശ്വാസത്തിൽ അധിഷ്ഠിതമായ Conviction
പ. വട്ടശ്ശേരിൽ തിരുമേനിയുടെ വൽസലശിഷ്യൻ എന്ന നിലയിൽ സത്യമെന്ന് തനിക്കുറപ്പുള്ള വിഷയങ്ങളിൽ തന്റെ conviction ആണ് അദ്ദേഹത്തെ മുന്നോട്ട് നയിച്ചിരുന്നത്. Conviction എന്ന വാക്ക് ആ പിതാവിനോട് അടുത്തിടപഴകിയ ഏവരും പല തവണ കേട്ടിരിക്കാവുന്ന വാക്കാണ്. പ്രത്യേകിച്ചും അതിന്നദ്ദേഹത്തെ പ്രാപ്തനാക്കിയത് ദൈവത്തിലുള്ള ഉറച്ച വിശ്വാസവും ദൈവത്തിന്റെ പെട്ടകം എന്ന നിലയിൽ പ. സഭയെക്കുറിച്ചുള്ള ഉറച്ച പ്രത്യാശയുമായിരുന്നു. ‘ഒരിക്കലായി ഏല്പിച്ച സത്യവിശ്വാസം സംരക്ഷിച്ചു’ എന്നതാണ് സഭയുടെ മേന്മ എന്നാണ് അദ്ദേഹം തന്റെ പ്രസംഗങ്ങളിൽ എപ്പോളും പറഞ്ഞുകൊണ്ടിരുന്നത്. അത് അടിവരയിട്ട് പ്രഖ്യാപിച്ച ഉദാഹരണമോ തെളിവോ ആയിരുന്നു 1950-ൽ ചിങ്ങവനത്ത് വച്ച് അദ്ദേഹത്തിന്റെ പ്രതികരണം.
1950 ജനുവരി 9-ആം തീയതി ചിങ്ങവനത്ത് നടന്ന പീസ് ലീഗ് യോഗത്തിൽ പ. ഗീവർഗീസ് ദ്വിതീയൻ ബാവയെയും സഹ മെത്രാപ്പോലീത്താമാരെയും തയ്യാറാക്കി വച്ചിരുന്ന സമാധാനവ്യവസ്ഥകളിൽ ഭീഷണിപ്പെടുത്തി ഒപ്പിടുവിക്കാൻ ശ്രമിച്ച പീസ് ലീഗുകാരുടെയും യുവാക്കളുടെയും അനുഭാവികളുടെയും നിർബന്ധബുദ്ധിയ്ക്ക് മുന്നിൽ മറ്റെല്ലാവരും ചഞ്ചലചിത്തരായി. ആ സന്ദർഭത്തിലും പതറാതെ ‘ഞാൻ പഴയ ചാണ്ടിയായി മാറിയാലും സ്വാതന്ത്ര്യം നഷ്ടപ്പെട്ട ഒരു സഭയുടെ മെത്രാപ്പോലീത്തയായി കഴിയുവാൻ ആഗ്രഹിക്കുന്നില്ല. ഒരു നായയെപ്പോലെ ഞാൻ മരിക്കേണ്ടിവന്നാലും മലങ്കരസഭയുടെ സ്വാതന്ത്ര്യം തീറെഴുതാനും അബ്ദേദ് മശിഹായുടെ പട്ടത്വം പാഴാണെന്ന് സമ്മതിക്കാനും ഞാൻ തയ്യാറില്ല’ എന്ന് പറഞ്ഞുകൊണ്ട് ഭീഷണിയുടെ സ്വരവുമായി നിന്നവരുടെ മദ്ധ്യേ കൂടി സധൈര്യം ഇറങ്ങിപ്പോകുവാൻ അദ്ദേഹത്തിന് ശക്തി നല്കിയത് വിശ്വാസത്തിൽ അധിഷ്ഠിതമായ വിപദിധൈര്യവും ഉത്തമബോധ്യവും മൂലമാണ്. മാർ തേവോദോസ്യോസ്, നസ്രാണി പൗരുഷത്തിന്റെ ഉത്തമഉദാഹരണമായി എന്നും ഓർക്കപ്പെടുന്നതിന് ഒരു പ്രധാന കാരണം ഈ സംഭവമാണ്.
ഇളക്കാൻ കഴിയാത്ത പാറ
പെരുനാട് ബഥനി ആശ്രമ സ്ഥാപനവുമായി ബന്ധപ്പെട്ട് ഗുരുസ്ഥാനീയൻ ആയ ഫാ. പി. റ്റി. ഗീവർഗീസിനൊപ്പം കാവി വസ്ത്രം ധരിച്ചുകൊണ്ട് ആശ്രമജീവിതത്തെ വരിച്ച വ്യക്തിയായിരുന്നു ഫാ. അലക്സിയോസ്. എന്നാൽ സ്വാർത്ഥതയുടെ പൈശാചികസ്വാധീനത്തിൽ വീണുപോയി മെച്ചപ്പെട്ട പച്ചപ്പും തേടി വഞ്ചനയുടെ മാർഗ്ഗത്തിലൂടെ തങ്ങളെ വിട്ടകലുന്ന ഗുരുവിനെ കണ്ട് തളരാതെ, തകരാതെ ഏകനായി സഭയെ പിടിച്ചുനിർത്തിയത് പിന്നീട് മാർ തേവോദോസ്യോസ് ആയി വാഴിക്കപ്പെട്ട ഫാ. അലക്സിയോസ് ആയിരുന്നു. വിശ്വാസകാര്യത്തിൽ വിട്ടുവീഴ്ചയില്ലാതിരുന്ന, നിസ്സാരകാര്യത്തിലും സത്യവും നീതിയും ന്യായവും നടപ്പിലാകണമെന്നും നിർബന്ധമുണ്ടായിരുന്ന, പരാജയബോധമോ വരുംവരാഴികകളോ ചിന്തിച്ച് പിന്നോട്ട് മാറുകയും ചെയ്യാത്ത മഹാമേരുവായിരുന്നു മാർ തേവോദോസ്യോസ്.
മനസ്സിനെ അലിയിക്കുന്ന ദൈവസ്നേഹത്തിന്റെ തെളിനീരരുവി
പേരെടുക്കാനോ സ്വയം വിറ്റ് കാശാക്കാനോ ശ്രമിക്കാത്ത, ശാന്തതയുടെയും നൈർമ്മല്യത്തിന്റെയും പ്രതീകമായ പ്രസംഗകൻ ആയിരുന്നു മാർ തേവോദോസ്യോസ്. തന്നിലേക്ക് കേൾവിക്കാരുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും പ്രധാനം ക്രിസ്തുവിനെ കേൾവിക്കാരുടെ മനോമുകുരത്തിലേക്കെത്തിക്കുക എന്നതായിരുന്നു തിരുമേനിയുടെ പ്രസംഗങ്ങളുടെ മുഖ്യലക്ഷ്യം. കഷ്ടാനുഭവആഴ്ചയിലെ തിരുമേനിയുടെ ചര്യ അതിലേറെ ശ്രദ്ധേയമായതിനും കാരണം ആ ദിനങ്ങളിൽ അദ്ദേഹത്തിന് ധ്യാനത്തിന് കൊടുത്തിരുന്ന പ്രാധാന്യം തന്നെയാണ്. ആ ആഴ്ചയിൽ തിരുമേനി താമസം ആശ്രമത്തിൽ നിന്ന് പള്ളിയിലേക്ക് മാറ്റുകയാണ് പതിവ്. യാമപ്രാർത്ഥനകൾക്ക് ശേഷം ഹൃദയസ്പർശിയായ ധ്യാനപ്രസംഗങ്ങൾ കേട്ട് മൌനവൃതം പാലിച്ചും കഴിയുന്നതിനും വിശ്വാസികൾ ഒരുക്കമായിരുന്നു. ദുഖവെള്ളിയാഴ്ചയിലെ ഓരോ യാമങ്ങളിലും പ്രസംഗങ്ങളും കേട്ട് അനുതാപത്തിന്റെ അവസ്ഥയെ നേരിട്ടനുഭവിച്ചറിഞ്ഞ്, ആ പിതാവിനൊപ്പം കഞ്ഞിയും കുടിച്ച്, ഉയിർപ്പ് പെരുന്നാളിന്റെ ധന്യതയും അനുഭവിച്ചു പിരിഞ്ഞു പോകുവാൻ ആ പിതാവിന്റെ സാന്നിധ്യം വിശ്വാസികൾക്ക് അവസരം ഒരുക്കിയിരുന്നു.
ആത്മീയപ്രസ്ഥാനങ്ങളുടെ വഴികാട്ടി:
മെത്രപ്പോലീത്തയായി സ്ഥാനമേറ്റയുടൻ തന്നെ പ. സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് അദ്ദേഹത്തിന് നൽകിയ ചുമതല ഓർത്തോഡോക്സ് സ്റ്റുഡന്റ്സ് കോൺഫറൻസിന്റെ പ്രസിഡന്റായുള്ള ചുമതലയായിരുന്നു. വാർഷികകോൺഫറൻസുകൾ തുടങ്ങുന്നതും അവസാനിക്കുന്നതും പലപ്പോഴും തിരുമേനിയുടെ മനസ്സിനെ കീഴടക്കുന്ന ധ്യാനപ്രസംഗങ്ങളോടെയായിരുന്നു. അവ വിദ്യാർഥികൾക്ക് നല്കിയിരുന്ന പ്രചോദനവും ആത്മീയവഴി തേടുന്നതിന് കാരണവുമായി മാറിയിരുന്നു. അങ്ങനെ തിരുമേനിയുടെ പിൻപേ ഗമിച്ച സി. വി. മാണി എന്ന ഓർത്തോഡോക്സ് സഭാംഗമായ സ്പോർട്സ് താരം പിന്നീട് ബഥനി ആശ്രമം അംഗമാകുന്നതും പിന്നീട് ധ്യാനഗുരുവും മെത്രാപ്പോലീത്ത ആയ യൂഹാനോൻ മാർ അത്താനാസിയോസ് ആയും മാറിയതും മാർ തേവോദോസ്യോസ് രചിച്ച പ്രചോദനപർവ്വത്തിന്റെ ഭാഗം. അനാരോഗ്യം മൂലം ചുമതലയൊഴിയുന്ന 1954 വരെ വിദ്യാർത്ഥികൾക്ക് ദൈവോന്മുഖമായ അനുഭവവും ചൈതന്യവും പ്രദാനം ചെയ്യുന്നതിൽ വന്ദ്യ തിരുമേനി ഏറ്റവും മാതൃകാപരമായ വഴികാട്ടിയും ആത്മീയപിതാവുമായി വർത്തിച്ചു. മർത്തമറിയം സമാജത്തിന്റെ പ്രസിഡന്റായിരുന്നപ്പോഴും സമാനമായ പ്രവർത്തനശൈലി ആയിരുന്നു ആ പിതാവിൽ നിന്നുണ്ടായത്.
ലാളിത്യത്തിന്റെ ഉത്തമഉദാഹരണമായിരുന്നു പ. തിരുമേനി. മെത്രാപ്പോലീത്തയായി തെരഞ്ഞെടുക്കപ്പെട്ട് ബഥനിയിൽ നിന്ന് യാത്ര തിരിക്കുമ്പോൾ ഒരു വേദപുസ്തകം, ഒരു പ്രാർത്ഥനാപുസ്തകം, ഒരു ഭരണഘടന ഇവ മൂന്നും മാത്രമേ ആ പിതാവിന്റെ കൈപ്പെട്ടിയിലുണ്ടായിരുന്നുള്ളൂ. ആദ്യ WCC കോൺഫറൻസിൽ പങ്കെടുത്ത്, അദ്ദേഹത്തിന്റെ ലാളിത്യവും ഓർത്തോഡോക്സിയുടെ മഹത്വം വിതറിയ പ്രസംഗവും കേട്ട് പുറത്തിറങ്ങിയ റഷ്യൻ സഭാ പ്രതിനിധികൾ പറഞ്ഞത് ‘You are more Orthodox than us’ എന്നായിരുന്നു.
1954-ൽ അനാരോഗ്യം മൂലം ചുമതലകളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചുവെങ്കിലും വ്യക്തിപരമായ വിശകലനം, ആ 11 വർഷങ്ങളിലായിരിക്കാം തന്റെ മാതാവായ സഭയ്ക്കായി കൂടുതൽ കരുത്തുറ്റതും, കാതലായതും, ദീർഘവീക്ഷണത്തോടെയുമുള്ള ദർശനങ്ങളും ചിന്തകളും അദ്ദേഹത്തിന്റെ മനസ്സിൽ ഉരുത്തിരിഞ്ഞിരിക്കുക എന്നാണ്. ഇത് വെറുംവാക്കല്ല. ജീവിചിരുന്ന സമയങ്ങളെല്ലാം സഭയ്ക്കായി യാത്ര, ചിന്ത, അദ്ധ്വാനം, അദ്ധ്യാപനം, പ്രഭാഷണം എന്നിവകളിൽ വിശ്രമമില്ലാതെ പൂർണ്ണമായി മുഴുകിയിരുന്ന ആ മഹാത്മാവിന്റെ അവസാനവർഷങ്ങളിലെ, അപ്രഖ്യാപിത വിശ്രമവേളയിലെ ചിന്തകൾ രേഖപ്പെടുത്തുവാനും ഉപയുക്തമാക്കുവാനും പ. സഭ ആരെയെങ്കിലും ഏർപ്പെടുത്തിയിരുന്നുവെങ്കിൽ എന്ന് ചിന്തിച്ചുപോകയാണ്!!
1965 ഓഗസ്റ്റ് മാസം 6-ആം തീയതി വിശുദ്ധ മറുരൂപപ്പെരുനാൾ ദിന വി. കുർബ്ബാനയുടെ സമയത്താണ് ആ പിതാവ് സ്വർഗ്ഗോന്നതിയിലേക്ക് വാങ്ങിപ്പോകുന്നത്. പെരുനാട് ബഥനി ആശ്രമം ചാപ്പലിൽ പിറ്റേന്ന് കബറടക്കപ്പെടുകയും ആ സമർപ്പിതജീവിതത്തെ അറിഞ്ഞ അനേകർക്ക് മദ്ധ്യസ്ഥനായി ഇന്നും ആ പിതാവ് നിലനിൽക്കുകയും ചെയ്യുന്നു!
ഉപസംഹാരം: ഓർത്തോഡോക്സിയുടെ ശ്രേഷ്ഠനായ കാവൽഭടനായിരുന്ന്, സഭയ്ക്കും വിശ്വാസികൾക്കും മാതൃക കാട്ടിയ ‘A golden bishop who carried a wooden cross’ എന്ന വിശേഷണം അന്താരാഷ്ട്രതലത്തിൽ ലഭിച്ച ഈ പിതാവിന്റെ ഓർമ്മപ്പെരുന്നാൾ ദിനവും മൌണ്ട് താബോർ ദിനവും കൂടാരപ്പെരുന്നാൾ ദിനവും ഒരേ ദിവസം ആഘോഷിക്കുവാൻ പ. സഭയ്ക്ക് അവസരമൊരുങ്ങിയത് തികച്ചും യാദൃശ്ചികമല്ല, അക്ഷരാർത്ഥത്തിൽ സഭയുടെ ഈ മകന്റെ ആത്മീയനേട്ടങ്ങൾ വിസ്മൃതിയിൽ ആണ്ടുപോകരുത് എന്ന ദൈവഹിതം നിറവേറിയത് കൊണ്ട് മാത്രമാണ് എന്ന് കരുതേണ്ടിയിരിക്കുന്നു. സ്വാർത്ഥതയോ വ്യക്തിപരമായ താല്പര്യങ്ങളോ ഒട്ടുമെ സ്വാധീനിയ്ക്കാതെ ഓർത്തോഡോക്സിയ്ക്കും പ. സഭയ്ക്കും മുൻതൂക്കം നൽകി ജീവിതത്തെ സമർപ്പിച്ച ഈ പിതാവിന്റെ മാതൃക നമുക്കേവർക്കും മാർഗ്ഗദീപമാകട്ടെ. ആ പിതാവിന്റെ മദ്ധ്യസ്ഥത നമുക്കേവർക്കും കാവലും കോട്ടയുമാകട്ടെ!!
അജോയ് ജേക്കബ് ജോർജ്
തെങ്ങുംതറയിൽ, ചാലിൽ, അഴൂർ / മാക്കാംകുന്ന് / കുവൈറ്റ്.