മുംബൈ: വിമാന അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ (66) അന്തരിച്ചു. ബരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കവെ വിമാനം തെന്നിമാറി കത്തിയമരുകയായിരുന്നു. അജിത് ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സ്ഥിരീകരിച്ചു. അജിത് പവാറും, അജിത് പവാറിന്റെ സഹായി പിങ്കി മാലി, സുരക്ഷാ ഉദ്യോഗസ്ഥൻ വിധിപ് ജാദവ്, ക്യാപ്റ്റൻ സുമിത്ത് കപൂർ (പൈലറ്റ് ഇൻ കമാൻഡ്), ക്യാപ്റ്റൻ സംഭവി പതക് (ഫസ്റ്റ് ഓഫീസർ) എന്നിവരാണ് മരിച്ചത്.
മുംബൈയിൽ നിന്ന് പുറപ്പെട്ട വിമാനം ഇന്ന് രാവിലെ 8:49 ഓടെയാണ് അപകടത്തിൽപ്പെട്ടത്. ബരാമതിയിൽ ചില പൊതുയോഗങ്ങളിൽ പങ്കെടുക്കാനാണ് അജിത് പവാർ എത്തിയത്. അപകട സ്ഥലത്ത് നിന്ന് ചിന്നിച്ചിതറിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തെ കുറിച്ചുള്ള വിവരങ്ങൾ തേടി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായി സംസാരിച്ചു. അപകട കാരണം കണ്ടെത്താൻ ഡിജിസിഎ അന്വേഷണം തുടങ്ങി.
2024 ഡിസംബർ അഞ്ച് മുതൽ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയായി തുടരുന്ന മുതിർന്ന എൻസിപി നേതാവാണ് അജിത് പവാർ. എട്ട് തവണ നിയമസഭാംഗമായി. അഞ്ച് തവണ ഉപ മുഖ്യമന്ത്രി, അഞ്ച് പ്രാവശ്യം സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, ഒരു തവണ ലോക്സഭാംഗം എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മുതിർന്ന എൻസിപി നേതാവായ ശരദ് പവാറിൻ്റെ ജ്യേഷ്ഠ സഹോദരനായ അനന്തറാവുവിന്റെയും ആശാതായിയുടെയും മകനായി മഹാരാഷ്ട്രയിലെ പൂനൈ ജില്ലയിലെ ബരാമതിയിൽ 1959 ജൂലൈ 22 നാണ് ജനനം. മഹാരാഷ്ട്ര എഡ്യുക്കേഷൻ സൊസൈറ്റി ഹൈസ്‌കൂളിൽ നിന്ന് നേടിയ എസ്എസ്എൽസിയാണ് വിദ്യാഭ്യാസ യോഗ്യത. തുടർ പഠനത്തിനായി കോളജിൽ പോയെങ്കിലും കോഴ്‌സ് പൂർത്തിയാക്കിയില്ല.
1991 ലെ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ ബരാമതിയിൽ നിന്ന് ആദ്യമായി നിയമസഭാംഗമായ അജിത് പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും ബരാമതിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 1991 ലെ സുധാകരറാവു നായിക് മന്ത്രിസഭയിൽ ആദ്യമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായ അജിത് പിന്നീട് അഞ്ച് തവണ കൂടി കാബിനറ്റ് വകുപ്പിൻ് മന്ത്രിയായി. 2010 ലെ അശോക് ചവാൻ മന്ത്രിസഭയിൽ ആദ്യമായി ഉപ മുഖ്യമന്ത്രിയായി. പിന്നീട് പൃഥ്വിരാജ് ചവാൻ, ദേവേന്ദ്ര ഫഡ്നാവീസ്, ഉദ്ധവ് താക്കറെ, ഏകനാഥ് ഷിൻഡേ മന്ത്രിസഭകളിൽ വീണ്ടും ഉപ മുഖ്യമന്ത്രിയായി.
ഭാര്യ സുനേത്ര പവാർ. മക്കൾ: ജയ്, പാർഥ്
അജിത്ത് പവാറിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള അനുശോചിച്ചു. നങ്ങളുടേ നേതാവായിരുന്നു അജിത് പവാറെന്ന് മോദി എക്സില്‍ കുറിച്ചു. കഠിനാധ്വാനിയായ നേതാവായിരുന്നു അജിത് പവാറെന്നും അപകട വിവരം ഞെട്ടിച്ചെന്നും മോദി കുറിച്ചു. അജിത്തിന്റേത് അസമയത്തുള്ള മരണമായിരുന്നുവെന്നും നികത്താനാകാത്ത നഷ്ടമാണെന്നും രാഷ്ട്രപതി അനുശോച സന്ദേശത്തിൽ പറഞ്ഞു. മഹാരാഷ്ട്രയുടെ വികസനത്തിൽ പ്രത്യേകിച്ചും സഹകരണ മേഖലയുടെ വികസനത്തിൽ അദ്ദേഹം നൽകിയ സേവനങ്ങൾ എന്നെന്നും ഓർമിക്കപ്പെടുമെന്നും എക്‌സിലെ കുറിപ്പിൽ രാഷ്ട്രപതി പറഞ്ഞു. അജിത്ത് പവാറിന്റെ വിയോഗം ഹൃദയഭേദകമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചിച്ചു. മഹാരാഷ്ട്രയിലെ ജനങ്ങളുടെ ക്ഷേമത്തിനായി സ്വയം സമർപ്പിച്ച നേതാവായിരുന്നും അജിത്ത് പവാർ. വ്യക്തിപരമായും എൻഡിഎയ്ക്കും വലിയ നഷ്ടമാണ് ഉണ്ടായത്. എൻഡിഎ അജിത് പവാറിന്റെ കുടുംബത്തോടൊപ്പം നിൽക്കുന്നുവെന്നും അമിത് ഷാ എക്സില്‍ കുറിച്ചു.
അജിത് പവാറിന്‍റെ വിയോഗ വാര്‍ത്ത അങ്ങേയറ്റം ഹൃദയഭേദഗമാണെന്ന് രാഹുൽ ഗാന്ധി അനുശോചിച്ചു. തീരാനഷ്ടമാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അനുശോചിച്ചു. അജിത് പവാറിന്‍റെ ഭാര്യയുമായി സംസാരിച്ചുവെന്നും കുടുംബത്തിന്‍റെ ദുഖത്തിൽ പങ്കുചേരുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഹൃദയഭേദകമായ വാർത്തയാണെന്നും വിയോഗം അതീവ ദുഖകരമാണെന്നും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ അനുശോചിച്ചു. ജനങ്ങളുമായി ശക്തമായ ബന്ധം സൂക്ഷിച്ച ജനങ്ങളുടെ താൽപര്യം മുൻനിർത്തി പ്രവർത്തിച്ച നേതാവാണെന്നും നിതിൻ നവീൻ അനുശോചിച്ചു. കെസി വേണുഗോപാൽ എംപി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ തുടങ്ങിയവരും അനുശോചിച്ചു.



