Monday, March 23, 2026
Home » വിമത ഗ്രൂപ്പായ അരക്കാൻ ആർമിയുടെ അധീനതയിലുള്ള പ്രദേശത്ത് മ്യാൻമർ സൈന്യം നടത്തിയ ആക്രമണത്തിൽ 34 പേർ കൊല്ലപ്പെട്ടു.

വിമത ഗ്രൂപ്പായ അരക്കാൻ ആർമിയുടെ അധീനതയിലുള്ള പ്രദേശത്ത് മ്യാൻമർ സൈന്യം നടത്തിയ ആക്രമണത്തിൽ 34 പേർ കൊല്ലപ്പെട്ടു.

by Editor
Send your news and Advertisements

നയ്പിഡാവ്: മ്യാൻമറിലെ വിമത നിയന്ത്രണത്തിലുള്ള പ്രദേശത്തെ ആശുപത്രിക്ക് നേരെ മ്യാൻമർ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 34 പേർ കൊല്ലപ്പെടുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിമത സേനയുമായി സംഘർഷം നിലനിൽക്കുന്ന റാഖൈൻ സംസ്ഥാനത്തെ മ്രൗക്‌-യു ടൗൺഷിപ്പിൽ ബുധനാഴ്ച രാത്രിയാണ് ആക്രമണം നടന്നതെന്ന് വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

വംശീയ വിമത ഗ്രൂപ്പായ അരക്കാൻ ആർമിയുടെ അധീനതയിലുള്ള പ്രദേശത്ത് പ്രവർത്തിക്കുന്ന ആശുപത്രി തകർന്നാണ് രോഗികളും മെഡിക്കൽ ജീവനക്കാരും അടക്കം 34 പേർ കൊല്ലപ്പെട്ടത്. ബോംബ് സ്ഫോടനങ്ങളിൽ ആശുപത്രി കെട്ടിടത്തിൻ്റെ ഭൂരിഭാഗവും തകർന്നു. സമീപത്ത് നിർത്തിയിട്ടിരുന്ന ടാക്സികളും മോട്ടോർ സൈക്കിളുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.

മ്യാൻമറിൽ ആഭ്യന്തര യുദ്ധം തുടരുന്നതിനാൽ റാഖൈനിലെ മിക്ക ആശുപത്രികളുടെയും പ്രവർത്തനം നിലച്ചിരുന്നു. പ്രദേശത്തെ ഏക പ്രാഥമിക മെഡിക്കൽ കേന്ദ്രമാണ് ബോംബാക്രമണത്തിൽ തകർന്നത്. യാങ്കോണിന് ഏകദേശം 530 കിലോ മീറ്റർ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന മ്രൗക്‌-യു കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അരാക്കൻ സൈന്യത്തിൻ്റെ നിയന്ത്രണത്തിലായത്. മ്യാൻമർ ഭരണകൂടത്തിൽ നിന്ന് കൂടുതൽ സ്വയംഭരണാവകാശം ആവശ്യപ്പെടുന്ന റാഖൈൻ വംശീയ പ്രസ്ഥാനത്തിൻ്റെ സായുധ വിഭാഗമാണ് അരാക്കൻ ആർമി.

ചരിത്രപരമായി അരാക്കൻ എന്നറിയപ്പെടുന്ന റാഖൈൻ 2017 ലെ സൈനിക നടപടിയുടെ പ്രഭവ കേന്ദ്രമായിരുന്നു. അന്ന് ഏകദേശം 7,40,000 റോഹിംഗ്യൻ മുസ്ലീങ്ങൾ അയൽ രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യപ്പെട്ടു. എന്നാലും ബുദ്ധമതക്കാരായ റാഖൈൻ ജനതയും റോഹിംഗ്യൻ സമൂഹവും തമ്മിലുള്ള സംഘർഷങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല.

You may also like

error: Content is protected !!