ലണ്ടൻ: ബാങ്കുകളെ കബളിപ്പിച്ച് എഐ നമ്മുടെ പണം തട്ടിയെടുത്തേക്കാമെന്ന മുന്നറിയിപ്പുമായി ഓപ്പൺ എഐ സിഇഒ സാം ആൾട്ട്‌മാൻ. ഫെഡറൽ റിസർവ് കോൺഫറൻസിൽ സംസാരിക്കുന്നതിനിടെയാണ് ആൾട്ട്മാന്റെ മുന്നറിയിപ്പ്. സാമ്പത്തിക സ്ഥാപനങ്ങൾ എഐ തട്ടിപ്പുകളെ ഗൗരവമായി എടുക്കുന്നില്ലെന്നും ഇപ്പോൾ തന്നെ അതിനൂതന സുരക്ഷാ സംവിധാനങ്ങൾ മറികടക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സാധിക്കുമെന്നും ആൾട്ട്മാൻ പറഞ്ഞു.
‘ചില സാമ്പത്തിക സ്ഥാപനങ്ങൾ ഇപ്പോഴും വോയിസ് പ്രിൻ്റ് വിശ്വാസ യോഗ്യമായി പരിഗണിക്കുന്നുണ്ട്. പക്ഷേ, അത് വലിയ അപകടമാണ്. ഇപ്പോൾ ആളുകൾ വ്യാപകമായി ഉപയോഗിക്കുന്ന പല ഓതന്റിക്കേഷനുകളെയും ഏകദേശം പൂർണമായി തന്നെ എഐ പരാജയപ്പെടുത്തിക്കഴിഞ്ഞു. ഒരുകാലത്ത് വോയിസ് പ്രിൻ്റ് വളരെ കൃത്യതയുള്ള സുരക്ഷാ ടെക്നോളജി ആയിരുന്നു. ഉയർന്ന സാമ്പത്തിക ശേഷിയുള്ള ഇടപാടുകാർ ഇത് ഉപയോഗിച്ചിരുന്നു. പക്ഷേ ഇപ്പോൾ കാലഹരണപ്പെട്ടു. എഐ ഉപയോഗിച്ച് ജനറേറ്റ് ചെയ്ത വോയിസ് ക്ലോണുകൾ റിയലസ്റ്റിക്കായി തോന്നും. വളരെ കൃത്യതയോടെ ശബ്‌ദം അനുകരിക്കാൻ ഇതിന് കഴിയും.
വരും വർഷങ്ങളിൽ വിഡിയോ ഡീപ്പ് ഫേക്കും ഇത്ര കൃത്യതയുള്ളതാവാം. ഫേഷ്യൽ റെക്കഗ്‌നിഷൻ അഡ്വാൻസ്‌ഡ് ആവുമ്പോൾ ശരിയേത്, എഐ ജനറേറ്റ് ചെയ്ത വിഡിയോ ഏത് എന്ന് മനസിലാക്കാൻ സാധിക്കാതെ വരും’ – ആൾട്ട്‌മാൻ വ്യക്തമാക്കി. എഐയുടെ അപകടങ്ങളെപ്പറ്റി ആൾട്ട്‌മാൻ നേരത്തെയും പല തവണ മുന്നറിയിപ്പ് നൽകിയിരുന്നു. പല തരത്തിലും എഐ സഹായകരമാണെങ്കിലും ടെക്നോളജി കൊണ്ട് അപകടങ്ങളുമുണ്ടെന്ന് അദേഹം പറഞ്ഞിട്ടുണ്ട്. എഐയുടെ ഉപയോഗം വളരെ സൂക്ഷിച്ചാവണമെന്നും ആൾട്ട്മാൻ മുൻപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.