കാബൂൾ: അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഭൂകമ്പത്തിൽ മരണം 1000 കടന്നു, 3000-ലധികം പേർക്ക് പരിക്കേറ്റതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റിക്‌ടർ സ്കെയിലിൽ ആറ് തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമാണ് ഉണ്ടായത്. പല ഗ്രാമങ്ങളിൽ രക്ഷാ പ്രവർത്തനത്തിന് ആളില്ലായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കെട്ടിടാവശിഷ്ടങ്ങളുടെ അടിയിൽ പെട്ടവരെ പുറത്തെടുക്കാൻ സഹായം അഭ്യർത്ഥിക്കുകയാണ് നാട്ടുകാർ. ഭൂകമ്പത്തില്‍ കുനാര്‍ പ്രദേശത്തെ മൂന്ന് ഗ്രാമങ്ങള്‍ അപ്പാടെ ഇല്ലാതായെന്നാണ് റിപ്പോര്‍ട്ട്.
പാക്കിസ്ഥാൻ അതിർത്തിക്ക് സമീപം കിഴക്കൻ അഫ്ഗാനിസ്ഥാനിലാണ് ശക്തിയേറിയ ഭൂകമ്പമുണ്ടായതെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിരവധി ഗ്രാമങ്ങളും കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. ഞായറാഴ്ച്ച രാത്രി 11:47-ന് ഉണ്ടായ ശക്തമായ ഭൂകമ്പത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ അറിയിച്ചു.
യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് ഭൂകമ്പം എട്ട് കിലോമീറ്റർ ആഴത്തിലാണ് സംഭവിച്ചത്. ആഴം കുറഞ്ഞ പ്രഭവ കേന്ദ്രമുള്ള ഭൂകമ്പങ്ങൾക്ക് കൂടുതൽ നാശനഷ്‌ടം വരുത്താൻ കഴിയുമെന്നും അവർ വിശദീകരിക്കുന്നു. അതിനിടെ, ഭൂകമ്പത്തിൽ വിറങ്ങലിച്ച അഫ്ഗാനിസ്‌താന് സഹായംതേടി താലിബാൻ ഭരണകൂടം അഭ്യർഥന നടത്തിയിട്ടുണ്ട്. നിരവധിപേർക്കാണ് ജീവനും വീടുകളും നഷ്ട്‌ടപ്പെട്ടിട്ടുള്ളതെന്നും അതിനാൽ അന്താരാഷ്ട്രതലത്തിൽ സഹായം ആവശ്യമാണെന്നും കാബൂളിലെ ആരോഗ്യമന്ത്രാലയ വക്താവ് ഷറഫാത്ത് സമാൻ മാധ്യമങ്ങളോട് പറഞ്ഞു.
അഫ്ഗാനിലെ ഭൂകമ്പബാധിത മേഖലകളില്‍ സഹായം വാഗ്ദാനംചെയ്ത് ഇന്ത്യയും ചൈനയും ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദുഖം രേഖപ്പെടുത്തുകയും സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു. “അഫ്‌ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ നിരവധി ജീവനുകൾ നഷ്‌ടപ്പെട്ടതിൽ അതീവ ദുഖമുണ്ട്. ഈ ദുരിത സമയത്ത് ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും ദുഖിതരായ കുടുംബങ്ങളോടൊപ്പമുണ്ട്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. ദുരിത ബാധിതർക്ക് സാധ്യമായ എല്ലാ മാനുഷിക സഹായവും നൽകാൻ ഇന്ത്യ തയ്യാറാണ്.”- എന്ന് മോദി എക്സിൽ കുറിച്ചു.
കാബൂളിലേക്ക് ഇതിനകം ആയിരം ടെന്റുകള്‍ അയച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. 15 ടണ്‍ ഭക്ഷ്യവസ്തുക്കളും ഇന്ത്യയില്‍നിന്ന് അഫ്ഗാനിലേക്ക് എത്തിച്ചു. ചൊവ്വാഴ്ച മുതല്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍സഹായം ഇന്ത്യയില്‍നിന്ന് അയയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി. അഫ്ഗാനിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് സഹായം എത്തിക്കാന്‍ തയ്യാറാണെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് അറിയിച്ചു. അഫ്ഗാനില്‍ സഹായദൗത്യത്തിനായി തയ്യാറെടുക്കുകയാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസും വ്യക്തമാക്കി.