ഇസ്ലാമാബാദ്: പാക്കിസ്ഥാനും അഫ്ഘാനിസ്ഥാനും തമ്മിലുള്ള സംഘർഷം മൂർച്ഛിക്കുന്നു. പാക്കിസ്ഥാനിലെ പ്രധാന സൈനിക താവളങ്ങൾ ലക്ഷ്യമാക്കി അഫ്ഗാനിസ്ഥാൻ വ്യോമാക്രമണം നടത്തിയതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പാക്കിസ്ഥാൻ അഫ്ഗാൻ മണ്ണിൽ നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്ന് താലിബാൻ ഭരണകൂടം വ്യക്തമാക്കി. നൂർ ഖാൻ എയർബേസ്, ക്വറ്റയിലെ സൈനിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തങ്ങൾ വ്യോമാക്രമണം നടത്തിയതായി താലിബാൻ അവകാശപ്പെട്ടു.
ആളില്ലാ കവചിത വാഹനങ്ങൾ (ഡ്രോണുകൾ) ഉപയോഗിച്ചായിരുന്നു ഈ ആക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ. റാവൽപിണ്ടിയിലെ തന്ത്രപ്രധാനമായ നൂർ ഖാൻ എയർബേസ് (Nur Khan Airbase), ക്വറ്റയിലെ പാക് സൈന്യത്തിന്റെ 12-ാം ഡിവിഷൻ ആസ്ഥാനം, ഖൈബർ പഖ്തുൻഖ്വയിലെ ഖ്വാസായ് ക്യാമ്പ് (Khwazai Camp) എന്നിവിടങ്ങളിൽ അഫ്ഗാൻ വ്യോമസേന ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ. കാബൂൾ, ബഗ്രാം തുടങ്ങിയ അഫ്ഗാൻ നഗരങ്ങളിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങൾക്കുള്ള പ്രതികാരമായാണ് ഈ നീക്കമെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ അറിയിച്ചു.
ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയും ആക്രമണം നടന്നു. പാക്കിസ്ഥാൻ തങ്ങളുടെ വ്യോമാതിർത്തി ലംഘിക്കുകയോ വീണ്ടും ആക്രമണാത്മക നടപടികളിൽ ഏർപ്പെടുകയോ ചെയ്താൽ ശക്തവും പ്രതികാരപരവുമായ നടപടി നേരിടേണ്ടിവരുമെന്ന് താലിബാൻ പ്രസ്താവനയിൽ പറഞ്ഞു.
പാക്കിസ്ഥാൻ – അഫ്ഗാനിസ്ഥാൻ യുദ്ധം: പ്രശ്നത്തിൽ ഇടപെടാൻ സന്നദ്ധത അറിയിച്ച് ഇറാനും സൗദിയും


