കൊല്ലം: പ്രശസ്ത നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു. 71 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ കൊല്ലം പട്ടത്താനത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു ഇദ്ദേഹം. ജന്മനാടായ തൃശൂർ തൃത്തല്ലൂരിൽ നാളെ സംസ്കാരം നടക്കും.
അറുപതോളം ചലച്ചിത്രങ്ങളിലെ ശ്രദ്ധേയ വേഷങ്ങൾക്ക് പുറമേ ടെലിവിഷൻ പരമ്പരകളിലെ പ്രധാന വേഷങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്. സംസ്ഥാന ഹോർട്ടികൾച്ചർ കോർപറേഷൻ ചെയർമാനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സംഗീത നാടക അക്കാദമിയുടെ മികച്ച സംവിധായകനുള്ള അവാർഡ് ഉൾപ്പെടെ നേടിയിട്ടുള്ള അദ്ദേഹം നാടക, ചലച്ചിത്ര രംഗങ്ങളിൽ സജീവമായിരുന്നു. കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടൻ, നരസിംഹം, മീശമാധവന്‍ എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ രാജേന്ദ്രൻ കാരക്ടർ റോളുകളിലും, വില്ലൻ റോളുകളിലും അഭിനയിച്ചു.
തൃശൂർ ജില്ലയിൽ തൃത്തല്ലൂരിലെ ഏങ്ങൂർ തറവാട്ടിൽ അയ്യപ്പന്റെയും സുമതിയുടെയും മകനായി ജനനം. തൃത്തല്ലൂർ യു.പി സ്കൂളിലെ വിദ്യാഭ്യാസകാലത്ത് തന്നെ സ്കൂൾ സാഹിത്യസമാജവുമായി ബന്ധപ്പെട്ട നാടകാവതരണങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. കലാലയപഠനത്തിനു ശേഷം ഡൽഹിയിലെ നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്ന രാജേന്ദ്രൻ, ഒന്നാം റാങ്കോടെ ബിരുദം നേടി. ഇതിനു ശേഷം പൂനയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ടെലിവിഷൻ കോഴ്സിനു ചേർന്നു.
പൂനയിലെ പഠനശേഷം നാട്ടിലെത്തിയ സന്ദർഭത്തിലാണ് . ഒ. മാധവന്റെ മകളും മുകേഷിന്റെ സഹോദരിയുമായ സന്ധ്യയെ രാജേന്ദ്രൻ പരിചയപ്പെടുന്നതും തുടർന്ന് ഇരുവരും വിവാഹിതരാകുന്നതും. അക്കാലത്ത് സന്ധ്യ തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥിയായിരുന്നു. അവരുടെ മകൻ ദിവ്യദർശൻ സിനിമാഭിനേതാവാണ്.

