ന്യൂഡൽഹി: പൗരത്വം തെളിയിക്കുന്നതിന് മതിയായ രേഖയായി ആധാർ കാർഡ് പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി. ബിഹാറിലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തയ്യാറാക്കിയ പട്ടികയിൽ പേരുൾപ്പെടുത്താനായി പൗരത്വം തെളിയിക്കുന്നതിനുള്ള മതിയായ രേഖയായി ആധാർ കാർഡ് പരിഗണിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികൾ സമർപ്പിച്ച ഹർജി തള്ളിക്കാണ്ടാണ് സുപ്രീം കോടതിയുടെ വിധി.
നിയമം അനുശാസിക്കുന്നതിനും അപ്പുറത്തേക്കുള്ള പദവിയിലേക്ക് ആധാർ കാർഡിനെ ഉയർത്താനാകില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. വോട്ടർ പട്ടികയിൽ പേരുൾപ്പെടുത്തുന്നതിനുള്ള തിരിച്ചറിയൽ രേഖയായി മറ്റ് രേഖകൾക്കൊപ്പം ആധാറിനെ കണക്കാവുന്നതാണെന്ന് സുപ്രീം കോടതി ബെഞ്ച് തിങ്കളാഴ്‌ച വ്യക്തമാക്കിയിരുന്നു. കരട് വോട്ടർ വോട്ടർപട്ടികയിൽ നിന്ന് പുറത്തായ 65 പേരുടെ ആധാർ കാർഡ് കോടതി നിർദേശത്തിന് ശേഷവും പട്ടികയിൽ ഉൾപ്പെടുത്തുന്നതിനാവശ്യമായ മതിയായ രേഖയായി തിരഞ്ഞെടുപ്പ് കമ്മിഷൻ പരിഗണിക്കുന്നില്ലെന്ന് ആർജെഡി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയെ ധരിപ്പിച്ചു. ആധാർ ആകിൽ വ്യവസ്ഥ ചെയ്തതിരിക്കുന്നതിനുപരിയായി ആധാറിൻ്റെ പദവി ഉയർത്താൻ കോടതിക്ക് സാധിക്കില്ലെന്ന് ബെഞ്ച് മറുപടി നൽകി.
പൗരത്വത്തിനുള്ള അവകാശമോ അഥവാ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയോ ആയി ആധാറിനെ കണക്കാക്കാനാകില്ലെന്ന് ആധാർ ആക്‌ടിൻ്റെ ഒൻപതാം വകുപ്പ് അനുശാസിക്കുന്നു. 2018 സെപ്റ്റംബറിൽ പുട്ടസ്വാമി കേസിലും സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ഇക്കാര്യം വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു. ബയോമെട്രിക് തെളിവുൾപ്പെടുന്ന തിരിച്ചറിയൽ രേഖയിൽ നിന്ന് വോട്ടവകാശത്തിനുള്ള പൗരത്വ രേഖയായി ആധാറിന്റ പദവി ഉയർത്തണമെന്ന് മറ്റ് ഹർജിക്കാരുടെ അഭിഭാഷകരും സുപ്രീം കോടതിയോട് അഭ്യർഥിച്ചു. എന്തിനാണ് ആധാറിന് ഇത്രയധികം പ്രാധാന്യം നൽകുന്നതെന്ന് ആരാഞ്ഞ കോടതി പൗരത്വത്തിനുള്ള അന്തിമ തെളിവായി ആധാറിനെ പരിഗണിക്കാമെന്നുള്ള ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്നും വ്യക്തമാക്കി.



