മെൽബൺ: ക്രിക്കറ്റ് പരിശീലനത്തിനിടെ പന്ത് തട്ടി ഗുരുതരമായി പരിക്കേറ്റ 17 കാരനായ ബെൻ ഓസ്റ്റിൻ മരണത്തിന് കീഴടങ്ങി. ഓസ്ട്രേലിയയിലെ മെൽബണിൽ ഫെർൻട്രീ ഗല്ലിയിൽ ക്രിക്കറ്റ് നെറ്റ്സിൽ പരിശീലനം നടത്തുന്നതിനിടെ ചൊവ്വാഴ്‌ചയാണ് ബെൻ ഓസ്റ്റിന് പരിക്കേറ്റത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഓസ്റ്റിൻ വ്യാഴാഴ്‌ച മരണത്തിനു കീഴടങ്ങുകയായിരുന്നു.
ഓട്ടോമാറ്റിക് ബോളിംഗ് മെഷീനിൽ നിന്നെത്തിയ പന്ത് തലയുടെയും കഴുത്തിന്റെയും ഇടയിലായി തട്ടി. ഹെൽമറ്റ് ധരിച്ചിരുന്നുവെങ്കിലും പന്ത് കഴുത്തിന് സമീപം തട്ടിയതോടെ ഓസ്റ്റിൻ ബോധരഹിതനായി വീണു. ഉടൻ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും തുടർചികിത്സ ഫലം കണ്ടില്ല.
ബെൻ ഓസ്റ്റിൻ്റെ അകാലവിയോഗത്തിൽ ഫെർൻട്രീ ഗല്ലി ആൻഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. ഓസ്ട്രേലിയയിലെ ക്രിക്കറ്റ് ലോകം മുഴുവൻ ബെന്നിൻ്റെ മരണത്തിൽ ദുഖം രേഖപ്പെടുത്തി. 2014 ൽ ന്യൂ സൗത്ത് വെയിൽസും സൗത്ത് ഓസ്ട്രേലിയയും തമ്മിലുള്ള ഷെഫീൽഡ് ഷീൽഡ് മത്സരത്തിനിടെ കഴുത്തിൽ പന്ത് തട്ടി ഫിലിപ്പ് ഹ്യൂസ് മരണപ്പെട്ടിരുന്നു. 11 വർഷങ്ങൾക്ക് ശേഷം സമാനമായ അപകടത്തിൽ മറ്റൊരു യുവ താരത്തിന്റെ ജീവിതമാണ് നഷ്‌ടമായത്.
 



