മുംബൈ: രാജസ്ഥാൻ റോയൽസിന്റെ വിക്കറ്റ് കീപ്പറാകാൻ സഞ്ജു സാംസണിന് ബി.സി.സി.ഐ അനുമതി. ബെംഗളൂരുവിലെ സെന്റർ ഫോർ എക്‌സലൻസ് പരിശോധന വിജയിച്ചതോടെയാണ് ഈ അനുമതി ലഭിച്ചത്. ഇതോടെ സഞ്ജു നായകസ്ഥാനത്ത് തിരിച്ചെത്തും പരുക്കിനെ തുടർന്ന് ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജുവിനു പകരം റിയാൻ പരാഗ് ടീമിനെ നയിച്ചിരുന്നു.
കഴിഞ്ഞ ദിവസം പരിശോധനകൾക്കായി സഞ്ജു ബെംഗളൂരുവിലെ ‘സെന്റർ ഓഫ് എക്സലൻസിൽ’ എത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെയാണു സഞ്ജു സാംസണു വിരലിനു പരുക്കേറ്റത്. പരുക്കുമാറിയെങ്കിലും ഐപിഎല്‍ സീസണിലെ ആദ്യ മൂന്നു മത്സരങ്ങളിൽ വിക്കറ്റ് കീപ്പറാകാൻ താരത്തിന് അനുമതി ലഭിച്ചിരുന്നില്ല. ബെംഗളൂരുവിൽ പരിശോധനകൾ വിജയകരമായി പൂർത്തിയാക്കിയ സഞ്ജു ഉടൻ രാജസ്ഥാൻ റോയൽസ് ടീം ക്യാംപിലേക്കു മടങ്ങും. ശനിയാഴ്ച പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാന് കളിയുണ്ട്. ഈ മത്സരത്തിൽ സഞ്ജു രാജസ്ഥാനെ നയിക്കും.