Wednesday, April 2, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » കോർപ്പറേറ്റ് ഗോഡസ്സ്
കോർപ്പറേറ്റ് ഗോഡസ്സ്

കോർപ്പറേറ്റ് ഗോഡസ്സ്

അദ്ധ്യായം 11

by Editor
Mind Solutions

ആദ്യമാദ്യം ഗിരിധറിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു.
അയാളുടെ പില്ക്കാലകഥകള്‍ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ചാകരയിളക്കി. പതുക്കെപ്പതുക്കെ അത് പത്രത്താളുകളിലെ കുഞ്ഞിടങ്ങളില്‍ ഒതുങ്ങി.

കോടതിയില്‍ അയാള്‍ക്കു ജാമ്യം നിഷേധിക്കപ്പെട്ടു, ഒന്നല്ല മൂന്നു പ്രാവശ്യം.
അവസാനം സുപ്രീംകോര്‍ട്ടിലെ പ്രഗല്ഭനായ വക്കീലിന്റെ സാമര്‍ത്ഥ്യത്തില്‍ ഉപാധികളോടെയാണ് ജാമ്യം കിട്ടിയത്.

രണ്ടുമാസത്തെ ജയില്‍വാസത്തിനുശേഷം തിരികെവന്ന ഗിരിധര്‍ മാനസികമായും ശാരീരികമായും തളര്‍ന്നിരുന്നു.
രാഷ്ട്രീയപ്രവേശനം ഉപേക്ഷിക്കാന്‍ അയാള്‍ തീരുമാനിച്ചു.
അല്ല, അങ്ങനെ വേണ്ടിവന്നു.

ബിസിനസ്സ് കാര്യങ്ങള്‍ നോക്കാന്‍ തുടങ്ങിയെങ്കിലും ഒറ്റപ്പെടലിന്റെ വേദന അയാളെ വീര്‍പ്പു മുട്ടിച്ചുകൊണ്ടിരുന്നു. തന്നിലെ ധാര്‍ഷ്ട്യം, കുറേശ്ശെ കുറഞ്ഞതായി അയാള്‍ക്കുതന്നെ തോന്നി. തന്റെ ഹൃദയമിടിപ്പിന്റെ താളം അയാള്‍ ശ്രദ്ധിച്ചു. ജീവിച്ചിരിക്കുന്നുവെന്ന് അതയാളെ ഓര്‍മ്മിപ്പിച്ചു.

ഇടയ്ക്കിടെ അയാള്‍ ഓര്‍ക്കും, തനിക്കെന്താണ് സംഭവിച്ചത്, ഇത്ര ദുര്‍ബ്ബലനാണോ താന്‍? തോറ്റുകൊടുക്കരുത് ആരുടെ മുന്‍പിലും എന്നാഗ്രഹമുണ്ട്. പക്ഷേ, കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും തളര്‍ത്തുന്നു. തനിക്കാരുമില്ലായെന്ന ചിന്ത ഗിരിധറിനെ വല്ലാതെ ഉലച്ചുകളഞ്ഞിരുന്നു.
രണ്ടുമാസത്തെ ജയില്‍വാസം!
ആദ്യമൊക്കെ ജയിലില്‍ തന്നെ വന്നു കണ്ടിരുന്ന സുഹൃത്തുക്കള്‍ പിന്നെപ്പിന്നെ വരാതായി.
മാനേജര്‍മാത്രം വന്നു, ബിസിനസ്സ് കാര്യങ്ങള്‍ സംസാരിക്കാന്‍… വക്കീല്‍പോലും തന്നോട് അകല്‍ച്ച പാലിക്കുന്നുവെന്നു തോന്നി.

വീട്ടിലെ ജോലിക്കാര്‍ മൗനമായി അവരുടെ ജോലികള്‍ ചെയ്യുന്നു. സമയാസമയങ്ങളില്‍ ഭക്ഷണം മേശപ്പുറത്തു കൊണ്ടുവയ്ക്കുന്നു. യന്ത്രമനുഷ്യരെപ്പോലെ തോന്നും അവരെ കണ്ടാല്‍. നിശ്ശബ്ദത തളംകെട്ടി നില്‍ക്കുന്ന വീട്.
സഹോദരിപോലും വല്ലപ്പോഴുമുള്ള വാട്‌സാപ്പ് മെസ്സേജില്‍മാത്രം സമ്പര്‍ക്കം നിലനിര്‍ത്തി.
അസ്തിത്വമില്ലാത്തതുപോലെ. ജീവിച്ചിരിക്കുന്ന നിമിഷങ്ങളെ ഓര്‍മ്മകള്‍ എന്നുവിളിക്കാമെങ്കില്‍, വളരെ കുറച്ചുമാത്രം അടുത്തറിഞ്ഞ മഹാഗൗരി ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കുന്നു. അവളെ ഒന്നുകാണണം. എന്തിനായിരുന്നു ഇതൊക്കെയെന്ന് ചോദിക്കണം.

പരമേശ്വരി ദിവസവും മുടങ്ങാതെ വിളിക്കും. രാവിലെ ശുഭദിനം ആശംസിക്കും. ജയിലിലും പലപ്രാവശ്യം വന്നു. അവളുടെ പരിചയത്തിലുള്ള വക്കീല്‍ മുഖാന്തിരമാണ് ജാമ്യം കിട്ടിയത്.
പരമേശ്വരി ഉറപ്പിച്ചു പറഞ്ഞു, മഹാഗൗരിക്ക് ഒരു ഭൂതകാലമുണ്ടെന്ന്. ആര്‍ക്കുമറിയാത്ത ഒരു കാലം. അതില്‍ ഉറപ്പായും പ്രത്യക്ഷ്യമായോ പരോക്ഷമായോ ഗിരിയുമുണ്ട്.
പരമേശ്വരിക്ക് എവിടെയോ തന്നോട് ഇപ്പോഴും സ്‌നേഹമുണ്ടെന്ന് അയാള്‍ക്കു തോന്നി. സ്‌നേഹം അങ്ങനെയാണ്. എത്ര വേണ്ടെന്നു വെച്ചാലും പിന്നെയും പിന്നെയും വേണമെന്ന് തോന്നിപ്പിക്കും. തനിക്ക് ഇപ്പോഴത് മഹാഗൗരിയോടാണു തോന്നുന്നത്.

അവള്‍മൂലമാണ് ജയിലില്‍ പോയത്. പക്ഷേ, താന്‍ അവളെ സ്‌നേഹിക്കുന്നു. അല്ല സ്‌നേഹിക്കാന്‍ മനസ്സ് വെമ്പുമ്പോള്‍ അതിനുള്ള കാരണങ്ങളും വന്നുചേരുന്നു. കുറച്ചു ദിവസംകൂടി കഴിയട്ടെ, അവളെ കാണണം. അവളുടെ വീട്ടില്‍വെച്ചുതന്നെ.

ഡല്‍ഹിയില്‍നിന്ന് പരമേശ്വരി എത്തി. അവള്‍ ഹോട്ടലില്‍ മുറി എടുത്തെങ്കിലും ഗിരിധര്‍ അവരെ തന്റെ വീട്ടിലേക്കു താമസിക്കാന്‍ ക്ഷണിച്ചു. അങ്ങനെയെങ്കിലും തന്റെ ഏകാന്തവാസത്തിനു കുറച്ചു ദിവസത്തേക്ക് ഒരു അറുതികിട്ടുമല്ലോ.

പരമേശ്വരി വീടാകെ ചുറ്റിനടന്നു കണ്ടു. തങ്ങള്‍ ഒരുമിച്ചുണ്ടായിരുന്ന നാളുകള്‍ അവരുടെ മനസ്സിലൂടെ കടന്നുപോയി.
ഗിരിയും താനുമായുള്ള ചിത്രങ്ങള്‍മാത്രം പഴയ സ്ഥാനത്തില്ല.
അല്ലാതെ ആ വീടിനു വലിയ മാറ്റമൊന്നും വന്നിട്ടില്ല.
“ഫോട്ടോസ് ഒക്കെ എടുത്തുമാറ്റി. ബാക്കിയെല്ലാം പഴയതു പോലെതന്നെ.”
ഗിരി മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല.
“ഗിരി, ഇങ്ങനെ മൂഡിയാകാതെ. നിങ്ങളെയിങ്ങനെ പരാജിതന്റെ മുഖഭാവത്തോടെ എനിക്കു കാണാന്‍ വയ്യ, സങ്കല്പിക്കാനും.”

“ജാമ്യമല്ലേ ലഭിച്ചുള്ളു. കേസ് ഇനിയും കിടക്കുകയല്ലേ?”
“ഒന്നാമത് നിങ്ങളൊരു ഹൃദ്രോഗി. ഇങ്ങനെ തുടര്‍ന്നാല്‍ വീണ്ടും ഹൃദയസ്തംഭനമുണ്ടാകും.”
“പരമേശ്വരീ, നീതന്നെ പറയൂ ഒരുവിധത്തില്‍ പറഞ്ഞാല്‍ ഇനി ഞാന്‍ എന്തിനാണ് ജീവിക്കുന്നത്?”
“ഡോണ്ട് ബി സില്ലി, നിങ്ങള്‍ തിരികെ വരും…”
അവള്‍ എഴുന്നേറ്റുവന്ന് മൃദുവായി അയാളുടെ തലയില്‍ തലോടി. ഒരമ്മയുടെ സ്‌നേഹവായ്‌പോടെ…
നേരാണ്, ചിലസമയം സ്ത്രീകള്‍ക്ക്, അമ്മയും കാമുകിയും ഭാര്യയും സഹോദരിയുമൊക്കെയാകാന്‍ കഴിയും.
പക്ഷേ, അവളുടെ ഏതു ഭാവത്തെ ഉള്‍കൊള്ളാനാണ് പുരുഷന്‍ തയ്യാറാവുകയെന്നത് അവന്റെ ആ സമയത്തെ മനോനിലപോലെയാണ്.

ഭഗ്‌നഹൃദയനായ തനിക്കിപ്പോള്‍ ഒരമ്മയുടെ സ്‌നേഹമാണ് ആവ ശ്യം.
അവര്‍ വളരെ ഇരുട്ടുന്നതുവരെ സംസാരിച്ചിരുന്നു.
രണ്ടു പേരുടെയുള്ളിലും ആ പഴയ പ്രണയം പോയ്‌പോയിരിക്കുന്നുവെന്ന് പരമേശ്വരിക്കു മനസ്സിലായി.
ഗിരിധര്‍ അതിനെക്കുറിച്ച് ആലോചിച്ചുപോലുമില്ല.
കാരണം, ചില പുരുഷന്മാര്‍ അങ്ങനെയാണ്.
ഒരുപാട് നാളുകളൊന്നും ഒരാളുടെ സ്‌നേഹംമാത്രംകൊണ്ട് ജീവിക്കാമെന്നു കരുതുന്ന ആളല്ല ഗിരിധര്‍. പരമേശ്വരിക്കതു മനസ്സിലായി.

രണ്ടു ദിവസം അവിടെ താമസിച്ചശേഷം തിരികെപ്പോകുമ്പോള്‍ പരമേശ്വരി അയാളെ ആശ്ലേഷിച്ചു. അയാളുടെ കണ്ണുകളിലെ ദൈന്യഭാവം അവരെ വേദനിപ്പിക്കുകയും ചെയ്തു.
മഹാഗൗരിയെ ഒന്ന് കാണാന്‍, സംസാരിക്കാന്‍ ഗിരിധറിന് ആഗ്രഹം തോന്നിത്തുടങ്ങിയിരുന്നു. ജീവിതത്തില്‍ ആദ്യമായി ഒരു ധൈര്യക്കുറവ്. തമ്മില്‍ കാണുന്നില്ല, മിണ്ടുന്നില്ല, എന്നിട്ടും അയാളവളെ പ്രേമിക്കുന്നു. ചേര്‍ത്തുവയ്ക്കാന്‍ മോഹിക്കുന്നു. ചിലപ്പോഴെല്ലാം താന്‍ ജീവിച്ചിരിക്കുന്നതു ക്ലേശകരമായിത്തോന്നും.
എന്നാലും ഇപ്പോഴത്തെ സ്ഥിതിയില്‍ മരണംപോലും തനിക്കു സന്തോഷം തരുമെന്ന് തോന്നുന്നില്ല..

മഹാഗൗരി എപ്പോഴും ഗിരിധറിന്റെ രംഗപ്രവേശം പ്രതീക്ഷിച്ചു.
വീണ്ടും ആക്രോശിച്ചുകൊണ്ട് ആഞ്ഞടിക്കുന്ന അയാളെ അവള്‍ സ്വപ്‌നത്തില്‍ കണ്ടു.
അയാള്‍ക്കായി അവള്‍ കാത്തിരിക്കുകയാണെന്നു തോന്നി.
രണ്ടു ദിവസം കഴിഞ്ഞ് ഗിരിധര്‍ മഹാഗൗരിയെ ഫോണില്‍ വിളിച്ചു.
“മഹാഗൗരി, ഗിരിധര്‍ ഹിയര്‍.”
അയാളുടെ മനസ്സിന്റെയും ശരീരത്തിന്റെയും ക്ഷീണം ശബ്ദത്തിലും ഉണ്ടായിരുന്നു.
“മനസ്സിലായി, എന്താ വിശേഷം പറയൂ.”
“ഒന്ന് നേരില്‍ കണ്ടാല്‍ കൊള്ളാം. എപ്പോള്‍ ഫ്രീയാകുമെന്ന് പറഞ്ഞാല്‍ ഞാന്‍ വരാം.”
അവള്‍ ഒരു നിമിഷം ആലോചിച്ചു.
“ഓഫീസില്‍ വേണ്ട. എന്റെ വീട്ടിലേക്കു വരാന്‍ ബുദ്ധിമുട്ടുണ്ടോ. ലൊക്കേഷന്‍ ഞാന്‍ ഷെയര്‍ ചെയ്യാം.”
“എന്നാണ് വരേണ്ടത്?”
“നാളെ ഞാന്‍ ഓഫീസില്‍നിന്നു കുറച്ചു നേരത്തേ ഇറങ്ങാം. ഒരു 4.30 ഓക്കേ ആണോ?”
“ഞാന്‍ ഫ്രീ ആണ്. ശരി നമുക്കപ്പോള്‍ നാളെ തമ്മില്‍ കാണാം.”

ഫോണ്‍ കട്ട് ചെയ്തശേഷം രണ്ടുപേരുടെയും മനസ്സിലൂടെ ഒരുപാട് ചിന്തകള്‍ കടന്നുപോയി.
ഗിരിധറിന്റെ ശബ്ദത്തിലെ വേദന മഹാഗൗരിക്ക് മനസ്സിലാകും, രാജ്യം നഷ്ടപ്പെട്ട, തുറുങ്കിലടയ്ക്കപ്പെട്ട രാജാവിന്റെ വേദന.
അയാള്‍ ആ വേദന അര്‍ഹിക്കുന്നു.
ഒരുപാട് പേരുടെ കണ്ണുനീരിലൂടെ തോണി തുഴഞ്ഞുപോയവന്‍.
ആരുടേയും വേദന ഒരിക്കല്‍പോലും അയാളുടെ ഹൃദയത്തില്‍ തട്ടിയിട്ടില്ല. എവിടെയും ജയിച്ചുമാത്രം പരിചയമുള്ള ആള്‍ക്ക് ഒരു പക്ഷേ, ജീവിതത്തില്‍ ആദ്യം തിരിച്ചുകിട്ടുന്ന പ്രഹരമായിരിക്കും ഇത്.

മഹാഗൗരി അന്നു രാത്രി തനിക്കേറ്റവും പ്രിയപ്പെട്ട, വയലറ്റ് ബോര്‍ഡറുള്ള വെള്ള പട്ടുപാവാടയും വയലറ്റ് ബ്ലൗസുമിട്ടു. ഒറ്റക്കാലില്‍ കൊലുസ്സും… വളരെ ദിവസങ്ങള്‍ക്കുശേഷമാണ് അവളതണിയുന്നത്.
ഉറക്കെ പാട്ടുവെച്ചു മതിവരുവോളം നൃത്തംചെയ്തു.
കൂടെ തനിക്ക് ഏറ്റവും പ്രിയ കോക്ടെയ്ല്‍ പിനാ കൊളാ‍‍ഡാ ഉണ്ടാക്കി.
ആസ്വദിച്ച് അല്പാല്പമായി കുടിച്ചു.
നന്ദ അവളിലേക്ക് പിന്നെയും കയറിവന്നു.
ഇന്നവള്‍ നന്ദയുടെ ഓര്‍മ്മയില്‍ വേദനിച്ചില്ല. കാരണം ഇന്ന് നന്ദയുടെ ആത്മാവ് തന്റെയൊപ്പം സന്തോഷിക്കുന്നുണ്ടാവും. തനിക്കു കാണാന്‍ സാധിക്കാത്ത ഒരിടത്തിരുന്നു നൃത്തം ചെയ്യുകയാണ് അവളും.
ഈ ജയം മഹാഗൗരി ആഘോഷിക്കുകതന്നെയായിരുന്നു.
തന്റെ വീട്ടിലേക്കു ഗിരിധര്‍ വരുന്നു.
സ്വന്തം സ്ഥലത്തുവച്ച് ശത്രുവിനെ കാണുന്നതുതന്നെ ജയത്തിന്റെ ആദ്യ പടിയാണ്.

ഗിരിധറിന് അത് കാളരാത്രിയായിരുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല.
തന്റെ കമ്പനിയുടെ ഷെയര്‍വില കുത്തനെ താഴെപ്പോയപ്പോള്‍, കെട്ടിടനിര്‍മ്മാണക്കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചപ്പോള്‍പോലും ഇത്രയും മനഃക്ലേശം തോന്നിയിട്ടില്ല. പണം വരും പോകും. അതൊക്കെ തിരിച്ചുപിടിക്കാന്‍ സാധിക്കും.
പക്ഷേ, മഹാഗൗരിയെ നേരിട്ടു കാണാന്‍ പോകുന്നു, ഒരു വശത്തു കോപം, മറുവശത്ത് അടക്കാന്‍ സാധിക്കാത്ത സ്‌നേഹം. മോഹം എന്നു പറയുന്നതാണ് ശരി, അവള്‍ എന്തിനാണ് എന്നെ പിന്തുടര്‍ന്നു നശിപ്പിച്ചത്? അറിയില്ല, ആ ദുരൂഹത, അതാണ് അസഹ്യം.
മദ്യപാനം അയാള്‍ അപ്പാടെ ഉപേക്ഷിച്ചിരുന്നു. അതാണ് തന്നെ നശിപ്പിച്ചത്.
ഇനിയത് കൈകൊണ്ടു തൊടില്ലെന്ന് അയാള്‍ ശപഥം ചെയ്തിരുന്നു ജയിലില്‍ കിടന്ന ആദ്യത്തെ രാത്രിയില്‍തന്നെ. എന്തൊക്കെയോ ആലോചിച്ച് വെളുപ്പിനെപ്പോഴോ അയാള്‍ ഉറങ്ങിപ്പോയി.
പിറ്റേന്ന് വൈകുന്നേരം നാല് മണിയാകാന്‍ അയാള്‍ കാത്തിരുന്നു. സമയം പോകുന്നില്ല. ഡ്രൈവറെ കൂട്ടാതെ സ്വയം കാറോടിച്ചു കൊണ്ട് മഹാഗൗരിയെ കാണാന്‍ ഗിരിധര്‍ പുറപ്പെട്ടു.

തുടരും …

പുഷ്പമ്മ ചാണ്ടി

കോർപ്പറേറ്റ് ഗോഡസ്സ്

Top Selling AD Space

You may also like

error: Content is protected !!