റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ ഉടൻ മരിക്കുമെന്ന വിവാദ പരാമർശവുമായി യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോഡിമിർ സെലെന്‍സ്കി. മൂന്ന് വർഷമായി തുടരുന്ന റഷ്യ–യുക്രെയ്ന്‍ യുദ്ധം അങ്ങനെ മാത്രമേ അവസാനിക്കുവെന്നും സെലെൻസ്കി ഫ്രഞ്ച് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പുടിന്‍റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് വാർത്തകൾ പ്രചരിക്കുന്ന സമയത്താണ് സെലൻസ്കിയുടെ പരാമർശം.
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പുടിൻ ഉടനെ മരിക്കുമെന്നും യുദ്ധം അവസാനിക്കുമെന്നും സെലെന്‍സ്കി പറഞ്ഞത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന പുടിൻ അവശനിലയിലാമെന്ന് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം, പുടിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് റഷ്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക ഇടപെടുന്നതിനിടിയിലാണ് സെലൻസ്കിയുടെ പരാമർശം.
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൻ്റെ ഭാഗമായി യുഎസിന്റെ നേതൃത്വത്തിൽ നടന്ന സമാധാന ചർച്ചയിൽ ഇരുരാജ്യങ്ങളിലെയും ഊർജ കേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണം നിർത്താൻ തീരുമാനിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി റഷ്യൻ ഉത്പന്നങ്ങൾക്ക് രാജ്യാന്തര വിപണിയിലുള്ള ഉപരോധങ്ങളിൽ ഇളവ് നൽകാൻ യുഎസ് തയാറായി. കരാറിൽ ഒപ്പിട്ട് ഒരു ദിവസത്തിനു ശേഷമാണ് സെലെൻസ്‌കിയുടെ വിവാദ പരാമർശം എന്നതും ശ്രദ്ധേയമാണ്.