പൂങ്കാവ് ഇടവകയിൽ പുതിയ ചരിത്രം രചിച്ച് കൈക്കാരൻ സ്ഥാനത്തേക്ക് വനിത. പുരുഷന്മാർ മാത്രം കൈകാര്യം ചെയ്തിരുന്ന പള്ളി ഭരണത്തിൽ ആദ്യമായി ഒരു വനിതയും ഉൾപ്പെടുന്നു. പൂങ്കാവ് ഔവർ ലേഡി ഓഫ് അസംപ്ഷൻ പള്ളിയിൽ നടന്ന പുതിയ തെരഞ്ഞെടുപ്പിൽ രണ്ടു പുരുഷന്മാർക്കൊപ്പം ഒരു വനിതയും കൈക്കാരിയായി തിരഞ്ഞെടുക്കപ്പെട്ടു.
പൂങ്കാവ് വടക്കൻ പറമ്പ് വീട്ടിൽ സുജാ അനിലിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത് . കെഎൽസി ഇടവക സെക്രട്ടറിയും മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനൊന്നാം വാർഡിലെ മുൻ ജനപ്രതിനിധിയുമായിരുന്നു സുജ. പള്ളിക്കത്തയ്യിൽ എൻ.ഡി സെബാസ്റ്റ്യൻ, പള്ളിപ്പറമ്പിൽ മനോജ് എന്നിവരാണ് മറ്റ് രണ്ടു കൈക്കാരൻമാർ.
പള്ളി വികാരിയായ ഫാ: സേവ്യർ ചിറമേലാണ് കൈക്കാരൻ സ്ഥാനത്തേക്ക് സ്ത്രീകളെക്കൂടി ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചത്. അജപാലകസമിതി ഈ നിർദേശം അംഗീകരിക്കുകയും രണ്ട് ആഴ്ച മുൻപ് കൊച്ചി രൂപതയുടെ അംഗീകാരം ലഭിക്കുകയും ചെയ്തു.
പള്ളി കൈക്കാരന്മാർക്ക് പള്ളിയുടെ സാമ്പത്തിക കാര്യങ്ങൾ മേൽനോട്ടം വഹിക്കേണ്ടതിനൊപ്പം സ്ഥാവര-ജംഗമ വസ്തുക്കളുടെ പരിപാലനം ചെയ്യുകയും വികാരിയച്ചനെ എല്ലാ നിർണായക തീരുമാനങ്ങളിലും സഹായിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം ഉണ്ട്. ഇവർക്ക് രണ്ടുവർഷത്തേക്കുള്ള സേവനാവധിയാണ് നിശ്ചയിച്ചിരിക്കുന്നത്.
പള്ളി അജപാലകസമിതിയിൽ നിലവിൽ മറ്റ് മൂന്ന് സ്ത്രീകളും അംഗങ്ങളാണ്. കൈക്കാരിയാകാനുള്ള ഈ പുതിയ നീക്കം സ്ത്രീസാധൂകരണത്തിനും സമത്വത്തിനും വലിയ മുന്നേറ്റം കൊണ്ടുവരുമെന്ന് ഇടവകക്കാർ വിശ്വസിക്കുന്നു.