ദുബൈ: കായികവും വിനോദ വ്യവസായവും പിന്തുണയ്ക്കുന്ന പുതിയ ഫ്രീ സോൺ ക്ലസ്റ്റർ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ പ്രഖ്യാപിച്ചു. “ഇന്റർനാഷണൽ സ്‌പോർട്‌സ് ആൻഡ് എന്റർടൈൻമെന്റ് സോൺ” എന്ന പേരിൽ പ്രവർത്തിക്കുന്ന ഈ മേഖല, ആഗോള തലത്തിൽ കായിക-വിനോദ വ്യവസായത്തിനായി രൂപീകരിച്ച ആദ്യത്തെ സ്വതന്ത്ര മേഖലയാണ്.
വ്യത്യസ്ത കായിക-വിനോദ ബിസിനസ് പ്രവർത്തനങ്ങൾക്കുള്ള ലൈസൻസ് ഇതിലൂടെ നൽകും. സ്പോർട്സ് മാനേജ്മെന്റ്, മാർക്കറ്റിംഗ്, ഇവന്റ് മാനേജ്മെന്റ്, മീഡിയ, ബ്രോഡ്കാസ്റ്റിംഗ് തുടങ്ങിയ മേഖലകളിലേക്കും, ഇ-സ്‌പോർട്‌സ്, എ.ഐ അധിഷ്ഠിത സ്‌പോർട്‌സ് ടെക്, ഫാൻ ടോക്കണുകൾ പോലുള്ള പുതിയ സാധ്യതകളിലേക്കും ഇത് പിന്തുണ നൽകും. ആഗോള ബ്രാൻഡുകൾ, കായിക ലീഗുകൾ, ഫ്രാഞ്ചൈസികൾ, നിക്ഷേപകർ, കായിക ഏജൻസികൾ, കലാകാരന്മാർ, മാധ്യമ പ്രവർത്തകർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, വ്യവസായപ്രവർത്തകർ തുടങ്ങി വ്യത്യസ്ത മേഖലകളിലെ പ്രൊഫഷണലുകൾക്ക് ഈ മേഖല ഗുണകരമായിരിക്കും.
കായിക ഫെഡറേഷനുകൾ, അസോസിയേഷനുകൾ, ലീഗുകൾ എന്നിവയെ ആകർഷിക്കുക എന്നതാണ് ഈ പ്രോജക്റ്റിന്റെ ലക്ഷ്യം. യു.എ.ഇ കായിക മന്ത്രാലയം, ദുബൈ സ്പോർട്‌സ് കൗൺസിൽ, യു.എ.ഇ നാഷണൽ ഒളിമ്പിക് കമ്മറ്റി എന്നിവയുമായി ചേർന്ന്, അംഗങ്ങൾക്ക് കോർപ്പറേറ്റ്, നിയമ പിന്തുണ നൽകുമെന്ന് ഐ എസ് ഇ എസ് (International Sports and Entertainment Zone) ഉറപ്പുനൽകുന്നു. “ഈ സംരംഭം സ്പോർട്സ്, വിനോദ ബിസിനസുകൾ, സ്റ്റാർട്ടപ്പുകൾ, സംരംഭകർ എന്നിവയെ സഹായിക്കും. സ്വതന്ത്ര മേഖല വ്യത്യസ്ത പരിപാടികളിലൂടെയും പ്രദർശന കലണ്ടറിലൂടെയും മികച്ച നെറ്റ്‌വർക്കിംഗ് അവസരങ്ങൾ സൃഷ്ടിക്കും,” എന്ന് ദുബൈ വേൾഡ് ട്രേഡ് സെന്ററിലെ അസറ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് വൈസ് പ്രസിഡന്റ് ഖാലിദ് അൽ ഫഹീം വ്യക്തമാക്കി.
ദുബൈ എക്സ്പോ മേഖലയിലും, കായിക പ്രദർശനങ്ങൾ, മ്യൂസിയങ്ങൾ, അക്കാദമിക് പ്രോഗ്രാമുകൾ, കമ്മ്യൂണിറ്റി പ്രോജക്റ്റുകൾ എന്നിവ സംഘടിപ്പിക്കുന്നതിന് ഈ പദ്ധതി വലിയ സാമൂഹിക സ്വാധീനം ചെലുത്തുമെന്ന് ഐസെസ് സി.ഇ.ഒ ദാമിർ വലീവ് അഭിപ്രായപ്പെട്ടു. നിലവിൽ, യു.എ.ഇയിലുടനീളം 40-ലധികം ഫ്രീ സോണുകൾ പ്രവർത്തിക്കുന്നുണ്ട്, വ്യത്യസ്ത വ്യവസായ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്. ദുബൈയിലെ ഈ പുതിയ കായിക-വിനോദ സ്വതന്ത്ര മേഖല, ലോകോത്തര സംരംഭകരെ ആകർഷിക്കുന്നതിന് വലിയ അവസരമാകുമെന്ന് വ്യവസായവിദഗ്ധർ വിലയിരുത്തുന്നു.